അമ്മയിൽ ജനാധിപത്യമുണ്ടെന്നുള്ള അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ വാദങ്ങൾ ശരിയല്ലെന്ന് നടി പത്മപ്രിയ. ഇന്നലെ മോഹൻലാൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് പത്മപ്രിയ രംഗത്തെത്തിയത്. അമ്മ ഭാരവാഹികളെ എല്ലാം മുൻകൂട്ടി നിശ്ചയിച്ചിരുന്നതാണ്. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാർവതി ആഗ്രഹിച്ചിരുന്നു. അമ്മ സെക്രട്ടറിയെ സന്നദ്ധത അറിയിച്ചതുമാണ്. എന്നാൽ സെക്രട്ടറി പാർവതിയെ പിന്തിരിപ്പിക്കുകയായിരുന്നു. ഭാവനയ്ക്കും രമ്യ നമ്പീശനും പുറമേ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നൽകിയിരുന്നുവെന്നും മോഹന്‍ലാലിന്റെ വാദങ്ങള്‍ ഖണ്ഡിച്ച് വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പത്മപ്രിയ വ്യക്തമാക്കി.
അമ്മയിൽ ജനാധിപത്യമുണ്ടെന്നും ആർക്കും മൽസരിക്കാമെന്നുമാണ് മോഹൻലാൽ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. രണ്ട് പേർ മാത്രമാണ് രാജിക്കത്ത് തന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഈ വാക്കുകൾ സത്യമല്ലെന്നാണ് പത്മപ്രിയ പറയുന്നത്. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയില്‍ ഉണ്ടായിരുന്നില്ല. അമ്മ സംഘടനയുടെ ഷോയില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സ്കിറ്റ് സംഘടിപ്പിച്ചത് തമാശയായി കാണാനാകില്ലെന്നും പത്മപ്രിയ തുറന്നു പറഞ്ഞു.
അമ്മ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തുനിഞ്ഞ പാർവതിയെ താൻ പിന്തിരിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് അമ്മ സെക്രട്ടറി ഇടവേള ബാബുവും രംഗത്തെത്തി. പാർവതിയെ പാനലിൽ ഉൾപ്പെടുത്തി ഭാരവാഹിയാക്കാനാണ് താൻ ശ്രമിച്ചതെന്നാണ് ഇടവേള ബാബു പറയുന്നത്. മറ്റൊരു നടിയോട് വൈസ് പ്രിസിഡന്റ് ആകണമെന്ന് പറഞ്ഞിരുന്നു. അവര്‍ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ഇടവേള ബാബു വിശദീകരിച്ചു.
Leave a Reply