മുബൈ: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം പദ്മാവത് ഫേസ്ബുക്ക് ലൈവില്‍. ചിത്രത്തിന്റെ തീയേറ്റര്‍ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തായിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പ്രചരിക്കുന്നത് നിര്‍മ്മാതാക്കള്‍ക്ക് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഫേസ്ബുക്കില്‍ ലൈവ് വന്ന സമയത്ത് ഏതാണ്ട് പതിനേഴായിരത്തില്‍ അധികം പേരാണ് ചിത്രം കണ്ടത്.
രജ്പുത്ര റാണിയായ പത്മാവതിയുടെ കഥപറയുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ പ്രധാന വേഷത്തിലെത്തുന്നു. ദീപികയെ കൂടാതെ രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. രജ്പുത്ര റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കെല്ലെന്ന് രജപുത് കര്‍ണിസേന ഭീഷണി മുഴക്കിയിരുന്നു. സംഘപരിവാറും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ഏറെ മാറ്റങ്ങള്‍ വരുത്തി പ്രദര്‍ശനത്തിന് അനുമതി നേടിയ പദ്മാവത് നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് അറിയിച്ചത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സാഹചര്യത്തില്‍ റിലീസ് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. സിനിമ റിലീസ് ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞിരുന്നു. ചിത്രത്തിന്റെ പേരില്‍ വരുത്തിയ മാറ്റമുള്‍പ്പെടെ 26 തിരുത്തലുകള്‍ വരുത്തിയാണ് സെന്‍സര്‍ ബോര്‍ഡ് പദ്മാവതിന് റിലീസ് അനുമതി നല്‍കിയത്.
Leave a Reply