ഷെറിൻ പി യോഹന്നാൻ

രമേശൻ മാഷിന് വയസ്സ് 34 ആയി. വിവാഹവും രജിസ്ട്രേഷനുമൊക്കെ കഴിഞ്ഞ് വീട്ടിലെത്തി ‘ആദ്യത്തെ’ ആദ്യരാത്രി ആഘോഷിക്കാൻ ഒരുങ്ങുകയാണ് അയാൾ. ആൽമരത്തിലെ കാക്ക എന്ന തന്റെ കവിതയും ചൊല്ലി കേൾപ്പിച്ചു ഭാര്യയും കൊണ്ട് നിലാവ് കാണാൻ ഇറങ്ങി പുറപ്പെടുന്ന രമേശന് ആ രാത്രിയാണ് പദ്മിനി എന്ന പേര് വീഴുന്നത്. ആൽമരത്തിന്റെ ചുവട്ടിൽ സ്റ്റാർട്ട്‌ ചെയ്തിട്ട പ്രിമിയർ പദ്മിനി കാറിൽ കയറിയാണ് ഭാര്യ കാമുകനുമൊത്ത് പോകുന്നത്. വിവാഹം കഴിഞ്ഞ ദിവസം തന്നെ ഭാര്യ ഒളിച്ചോടിപോയെന്ന് ചുരുക്കം!

തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആള്‍ട്ടോ എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത പദ്മിനി പറയുന്നത് കല്യാണകഥകളാണ്. തിങ്കളാഴ്ച നിശ്ചയത്തിൽ കല്യാണവും 1744 വൈറ്റ് ആള്‍ട്ടോയിൽ ഒരു കാറിനെ ചുറ്റിപറ്റിയുള്ള കഥകളും ആണെങ്കിൽ ഇവിടെ അത് രണ്ടും ഒരു പ്ലോട്ടിലേക്ക് കടന്നുവരുന്നുണ്ട്. രസമുള്ള ചിരികാഴ്ചകളാണ് പദ്മിനിയെന്ന രണ്ട് മണിക്കൂർ ചിത്രം സമ്മാനിക്കുന്നത്.

സജിന്‍ ചെറുകയിലിൻ്റെ ജയേട്ടനും വിൻസിയുടെ സ്മൃതിയുമാണ് ഇക്കഥയിൽ എന്നെ ആകർഷിച്ച കഥാപാത്രങ്ങൾ. ഗംഭീരമായ പ്രകടങ്ങളോടെ ഇരുവരും ആ കഥാപാത്രങ്ങളെ രസകരമാക്കിയിട്ടുണ്ട്. അപർണ ബാലമുരളി, മഡോണ, ഗോകുലൻ എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധേയമാണ്. മാനസിക സംഘർഷം നേരിടുന്ന ഒരു മുപ്പത്താറുകാരനെ മോശമല്ലാത്ത രീതിയിൽ സ്‌ക്രീനിൽ എത്തിക്കാൻ കുഞ്ചാക്കോ ബോബനും കഴിഞ്ഞിട്ടുണ്ട്.

സിറ്റുവേഷണൽ കോമഡികളും രസകരമായ വഴിത്തിരിവുകൾ നിറയുന്ന തിരക്കഥയുമാണ് ചിത്രത്തെ എൻഗേജിങ്‌ ആയി നിർത്തുന്നത്. ജെക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതം സിനിമയുടെ മൂഡിനോട് ചേർന്നുപോകുന്നു. എന്റെ ആൽമര കാക്കേ എന്ന ഗാനം കൂടുതൽ ഇഷ്ടപ്പെട്ടു. നല്ല രീതിയിൽ മുന്നോട്ട് പോയ ചിത്രത്തിൽ താളപിഴ ഉണ്ടാവുന്നത് ക്ലൈമാക്സിലാണ്. ഒരാളുടെ പ്രകടനം കൊണ്ടുമാത്രമാണ് അവിടെ ചിത്രം രക്ഷപ്പെട്ടുപോകുന്നത്. എങ്കിലും രസചരട് പൊട്ടാതിരിക്കാൻ തിരക്കഥാകൃത്ത് ദീപു പ്രദീപ് ശ്രമിച്ചിട്ടുണ്ട്. കളർഫുള്ളായ ഫ്രെയിമുകളും സെന്ന ഹെഗ്‌ഡെ ശൈലിയിലുള്ള രംഗങ്ങളും ചിത്രത്തെ സുന്ദരമാക്കുന്നു. ഇടവേളയിലും ക്ലൈമാക്സിലുമുള്ള പരസ്യരംഗങ്ങൾ പിന്നെയും ഓർത്തുചിരിക്കാനുള്ള തരത്തിലുള്ളതാണ്.

പദ്മിനി ഗംഭീര ചിത്രമല്ല, തിങ്കളാഴ്ച നിശ്ചയത്തിന്റെ അത്ര മികച്ചതുമല്ല. എന്നാൽ ധനനഷ്ടം തോന്നാത്ത വിധത്തിൽ, ചിരിക്കാനുള്ള വക നൽകി, ബോറടിപ്പിക്കാതെ മുന്നോട്ട് നീങ്ങുന്ന ചിത്രമാണ്. കണ്ടുനോക്കുക.