പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക്കിസ്ഥാന്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം മസൂദ് അസ്ഹറിന്‍റെ സംഘടന ഏറ്റെടുത്തിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ജയ്ഷെയാണെന്ന ലോകരാജ്യങ്ങളുടെ നിലപാടിനെയും തള്ളിപ്പറയുകയാണ് ഇസ്ലമാബാദ്. ഭീകരവാദത്തോടുള്ള സമീപനം മാറാതെ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡല്‍ഹി.
ജെയ്ഷെ മുഹമ്മദ് തലവന്‍ മസ്ഹൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന് പങ്കില്ലെന്ന് ഷാ മഹമ്മുദ് ഖുറേഷി അവകാശപ്പെട്ടത്. ജെയ്ഷെ നേതൃത്വവുമായി ബന്ധപ്പെട്ടെഭങ്കിലും പുല്‍വാമ സംഭവത്തില്‍ പങ്കില്ലെന്ന് അവര്‍ പറഞ്ഞു. ഇതില്‍ ആശയക്കുഴപ്പമുണ്ട്, വിദേശമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പാക് വിദേശകാര്യമന്ത്രി പറഞ്ഞു.
പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു. വിവിധ ജെയ്ഷെ പരിശീലനകേന്ദ്രങ്ങളെക്കുറിച്ചും ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് രണ്ടു വര്‍ഷമായി നടത്തിയ ആക്രമണങ്ങളുടെ വിവരങ്ങളും ഈ രേഖയില്‍ ഉണ്ടെന്നാണ് സൂചന. പുല്‍വാമയില്‍ സൈനിക വാഹനം തകര്‍ത്ത ചാവേര്‍ ആദില്‍ അഹമ്മദ് ധറിന് ജെയ്ഷുമായുള്ള ബന്ധവും രേഖകളിലുണ്ട്. എന്നാല്‍ ഈ തെളിവുകളൊന്നും സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറല്ല എന്നാണ് ഖുറേഷിയുടെ വാക്കുകളിലൂടെ വ്യക്തമാവുന്നത്.
പുല്‍വാമ ആക്രമണത്തെ അപലപിച്ചുള്ള യുഎന്‍ പ്രമേയത്തിലും ആക്രമണത്തില്‍ ജെയ്ഷെയുടെ പങ്ക് എടുത്തു പറഞ്ഞിരുന്നു. 2002 മുതല്‍ പാക്കിസ്ഥാനില്‍ നിരോധനമുള്ള സംഘടനയുമായി സര്‍ക്കാര്‍ ബന്ധം പുലര്‍ത്തുന്നു എന്ന് പറയുന്നതിലും ഇസ്ലമാബാദിന്‍റെ ഇരട്ടത്താപ്പ് വ്യക്തം. ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയാറാവണമെന്ന് പാക് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, ഭീകരസംഘടനകളോടുള്ള നിലപാട് മാറാതെ പാക്കിസ്ഥാനുമായി ഒരു തരത്തിലുമുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തയാറല്ല എന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു.
Leave a Reply