ഹൈദരാബാദ് നൈസാമിന്റെ 35 മില്യണ്‍ പൗണ്ടില്‍ അവകാശവാദം ഉന്നയിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രിട്ടീഷ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പാകിസ്താന് പരാജയം. 1948ല്‍ ഹൈദരാബാദ് നൈസാം പാകിസ്താന്‍ ഹൈക്കമ്മീഷണറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണത്തിന് അവകാശം നൈസാമിന്റെ അനന്തരാവകാശികള്‍ക്കാണ് എന്ന് ലണ്ടനിലെ റോയല്‍ കോര്‍ട്‌സ് ഓഫ് ജസ്റ്റിസ് വിധിച്ചു. ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു.
സുരക്ഷിതമായി സൂക്ഷിക്കാന്‍ എന്ന് പറഞ്ഞാണ് നൈസാം ഈ തുക ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. നാഷണല്‍ വെസ്റ്റ് മിനിസ്റ്റര്‍ ബാങ്കിലെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. അവസാന നൈസാമായ മിര്‍ ഒസ്മാ അലി ഖാന്റെ വംശാവലിയില്‍ പെട്ട മുകാറം ജാ, സഹോദരന്‍ മുഫാഖം ജാ എന്നിവരാണ് ഇന്ത്യന്‍ ഗവണ്‍മെന്റിനൊപ്പം പാകിസ്താനെതിരെ കേസില്‍ കക്ഷി ചേര്‍ന്നത്.
വിഭജനത്തിന് ശേഷം ഇന്ത്യയിലും പാകിസ്താനിലും ചേരാതെ സ്വതന്ത്ര രാജ്യമായി നില്‍ക്കാനാണ് നൈസാം തീരുമാനിച്ചത്. അതേസമയം നൈസാമിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യന്‍ സൈന്യം ഹൈദരാബാദിലെത്തുമെന്നായപ്പോള്‍ നൈസാം ഈ പണം പാക് ഹൈക്കമ്മീഷണറായിരുന്ന ഹബീബ് ഇബ്രാഹിം റഹിംതൂലയുടെ അക്കൗണ്ടിലിടുകയാണുണ്ടായത്. എന്നാല്‍ നൈസാമിന്റെ ഏഴാമത്തെ കൊച്ചുമകനായ മുകാറം ജാ, ഈ പണം കുടുംബത്തിന്റേതാണ് എന്ന് അവകാശപ്പെട്ട് രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ ഈ വാദത്തെ പിന്തുണച്ചു.
എന്നാല്‍ ഈ ഫണ്ട് തങ്ങളുടേതാണ് എന്ന് 2013ല്‍ പാകിസ്താന്‍ ഗവണ്‍മെന്റ് അവകാശപ്പെട്ടു. ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കുന്നതിന് മുമ്പ് നൈസാമിന് തങ്ങള്‍ ആയുധങ്ങള്‍ നല്‍കിയിരുന്നതായും ഇന്ത്യ കൈവശപ്പെടുത്താതിരിക്കാനാണ് നൈസാം തങ്ങള്‍ക്ക് പണം നല്‍കിയത് എന്നുമാണ് പാകിസ്താന്റെ വാദം. അതേസമയം ആയുധങ്ങള്‍ക്ക് പകരമായാണ് പണം നല്‍കിയത് എന്ന് പറയുന്നതിന് തെളിവില്ല കോടതി ചൂണ്ടിക്കാട്ടി. ഹൈദരാബാദ് നിയമവിരുദ്ധമായാണ് ഇന്ത്യയോട് ചേര്‍ത്തത് എന്ന പാക് വാദവും ബ്രിട്ടീഷ് കോടതി തള്ളി. ഈ വാദത്തിന് കേസിൽ യാതൊരു പ്രസക്തിയുമില്ല എന്നാണ് കോടതി പറഞ്ഞത്. അതേസമയം വിധി വിശദമായി പഠിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും എന്നാണ് പാകിസ്താന്‍ ഫോറിന്‍ ഓഫീസ് അറിയിച്ചിരിക്കുന്നത്.
Leave a Reply