ലഹോർ∙ ചൈനീസ് പുരുഷന്മാരുടെ വധുവാക്കാൻ പാക്കിസ്ഥാനിൽ നിന്നു പെൺകുട്ടികളെ കടത്തുന്നതായി റിപ്പോർട്ട്. 629 പാക്ക് യുവതികളെ ചൈനയിലേക്കു കടത്തിയതായി രാജ്യാന്തര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്(എപി) റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിലെ മനുഷ്യക്കടത്ത് ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് എപി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. 2018 മുതൽ നടന്ന മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുള്ള വനിതകളുടെ വിവരങ്ങൾ എപി പുറത്തിറക്കിയ പട്ടികയിലുണ്ട്.
ഒറ്റക്കുട്ടി’ പദ്ധതിയും പെൺഭ്രൂണഹത്യയും കാരണം സ്ത്രീകളെക്കാൾ 3.4 കോടി അധികം പുരുഷന്മാരുള്ള ചൈനയിൽ വിദേശ വധുക്കളുടെ ആവശ്യം രാജ്യത്തിന്റെ ജനസംഖ്യ നിലനിർത്താൻ അത്യാവശ്യമാണ്. പാക്കിസ്ഥാനു പുറമേ കംബോഡിയ, മ്യാൻമർ, ഇന്തൊനീഷ്യ, നേപ്പാൾ, ഉത്തര കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ക്രൂരമായ പെൺകടത്ത് കച്ചവടത്തിന്റെ സ്രോതസ്സ് ആണെന്നാണു വിവരം. 40 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് മാഫിയ ചൈനീസ് വരന്റെ കയ്യിൽ നിന്നു കൈപ്പറ്റുന്നതെങ്കിലും 2 ലക്ഷം വരെ മാത്രമാണ് പെൺകുട്ടിയുടെ വീട്ടുകാർക്ക് നൽകുന്നത്.പാക്കിസ്ഥാനിൽ മനുഷ്യക്കടത്ത് മാഫിയക്കെതിരെ നടന്നുവന്ന അന്വേഷണം ജൂണോടെ അവസാനിച്ചിരുന്നു. ചൈനയുമായുള്ള ബന്ധത്തെ അന്വേഷണം ബാധിക്കുമെന്ന സമ്മർദമാണ് ഇതിനു കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വിവിധ വകുപ്പ് അധികാരികളിൽ നിന്നും സർക്കാരിൽ നിന്നും സമ്മർദമുണ്ടായിരുന്നതായും ഇവർ സമ്മതിക്കുന്നു.
‘അന്വേഷണത്തിന്റെ ഭാഗമായി പലരെയും സ്ഥലം മാറ്റിയിട്ടു പോലുമുണ്ട്. പാക്കിസ്ഥാൻ ഭരണാധികാരികളോട് ഇതേക്കുറിച്ചു സംസാരിക്കുമ്പോൾ യാതൊരു പരിഗണനയും നൽകുന്നില്ല’-മനുഷ്യക്കടത്ത് വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന പാക്കിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ഉദ്യോഗസ്ഥൻ പറഞ്ഞു. കടത്തുകാർക്കെതിരായ ഏറ്റവും വലിയ കേസും ഒക്ടോബറിൽ പാക്കിസ്ഥാൻ കോടതി ഒതുക്കിയിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ 31 ചൈനീസ് പൗരന്മാരെയാണ് അന്ന് ഫൈസലാബാദ് കോടതി മോചിപ്പിച്ചത്.
മനുഷ്യക്കടത്തിനെതിരെ സാക്ഷി പറയാൻ ആരും തന്നെ മുന്നോട്ടു വരാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഭീഷണികളും പ്രലോഭനങ്ങളും കൊണ്ട് ഇരകളുടെയും ബന്ധുക്കളുടെയും വായടയ്ക്കാൻ മനുഷ്യക്കടത്ത് മാഫിയയ്ക്കു സാധിക്കുന്നതാണ് ഇതിനു കാരണം. അന്വേഷണ ഉദ്യോഗസ്ഥരുമായി ആദ്യം സംസാരിച്ച ചില സ്ത്രീകൾ ഭീഷണികളെ ഭയന്ന് പിന്നീട് നിശ്ശബ്ദരാകുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
‘ആരും ഒരു സഹായവും ആ പെൺകുട്ടികൾക്ക് നൽകുന്നില്ല. മാഫിയ ഒരോ ദിവസവും വളർന്നു പന്തലിക്കുകയാണ്. മുന്നോട്ടു പോകാൻ ആരും തടസ്സമില്ലെന്ന് അവർക്കറിയാം. അധികാരികൾ അവരെ പിന്തുടരുന്നില്ല, അന്വേഷണം തുടരേണ്ട കാര്യമില്ലെന്ന രീതിയിലുള്ള സമ്മർദ്ദമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും വരുന്നത്. എന്റെ മനസ്സാക്ഷിയെ ബോധ്യപ്പെടുത്താനാണ് ഞാനിത് പറയുന്നത്. നമ്മുടെയൊക്കെ മനുഷ്യത്വം എവിടെ പോയി?’– അന്വേഷണവുമായ ബന്ധപ്പെട്ടു പ്രവർത്തിച്ച ഒരു ഉദ്യോഗസ്ഥൻ ചോദിക്കുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളാണു മനുഷ്യക്കടത്തുകാരുടെ മുഖ്യ ഇരകൾ. ചൈനയിലെ പുരുഷന്മാർക്കു വിവാഹം ചെയ്തു നൽകാനെന്ന പേരിൽ മാതാപിതാക്കൾക്ക് പണം നൽകി കൊണ്ടുപോകുന്ന മിക്ക പെൺകുട്ടികളുടെ അവസ്ഥ ദയനീയമാണ്. പെൺകുട്ടികളിൽ മിക്കവരും ചൈനയിൽ ഉപേക്ഷിക്കപ്പെടുകയോ വേശ്യാവൃത്തിക്ക് വിധേയരാവുകയോ ചെയ്യുന്നു. ക്രൂരമായ മർദനമേറ്റ് വീട്ടുതടങ്കലിൽ കഴിയുന്ന പെൺകുട്ടികളുടെ തിരിച്ചുവരണമെന്ന നിലവിളി നിറഞ്ഞ ഫോൺകോണുകളും പാടേ അവഗണിക്കപ്പെടുകയാണ്. എങ്ങനെയൊക്കെയോ തടവിൽ നിന്നു മോചിതരായി തിരികെ വന്നവരിൽ നിന്നാണു ക്രൂരതയുടെ വിവരങ്ങൾ പുറംലോകമറിയുന്നത്.
പാക്കിസ്ഥാനിലെ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെയാണ് മനുഷ്യക്കടത്തു മാഫിയ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നതെന്നാണ് എപിയുടെ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്ന വിഭാഗമെന്ന നിലയിലാണ് ഇവർ മനുഷ്യക്കടത്തുകാരുടെ ഇരകളാക്കപ്പെടുന്നത്. പാക്കിസ്ഥാൻ ബ്രോക്കർമാരെ കൂടാതെ ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെടുന്ന മന്ത്രിമാരും മനുഷ്യക്കടത്തുകാർക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ പെൺകുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും ഇത്തരത്തിൽ ഒരു പട്ടികയെക്കുറിച്ച് അറിവില്ലെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ചൈനയിലെയും പാക്കിസ്ഥാനിലെയും ആളുകൾ പരസ്പരം ചേർന്ന് ഒരു കുടുംബമാകുന്നതും ബന്ധം പുലർത്തുന്നതും ഇരു രാജ്യങ്ങളിലെ ഭരണാധികാരികളും പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ നിയമപരമായ കാര്യങ്ങളിൽ മാത്രമാണ് പിന്തുണ നൽകുന്നതെന്നും അനധികൃതമായി അതിർത്തി കടന്നു നടക്കുന്ന വിവാഹങ്ങളെയും മറ്റു പ്രവർത്തനങ്ങളെയും അനുകൂലിക്കില്ലെന്നുമാണ് ചൈനീസ് മന്ത്രാലയം പറയുന്നത്.
വിമാനയാത്രക്കളുടെ ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്ന പാക്കിസ്ഥാന്റെ ഇന്റർഗ്രേറ്റഡ് ബോർഡർ മാനേജ്മെന്റ് സിസ്റ്റത്തിൽ നിന്നാണ് മനുഷ്യക്കടത്തിന് ഇരയായ 629 പേരുടെ പട്ടിക ലഭിച്ചത്. പെൺകുട്ടികളുടെ പൗരത്വം, അവരുടെ ചൈനീസ് ഭർത്താക്കന്മാരുടെ പേരുവിവരങ്ങൾ വിവാഹ തീയതി തുടങ്ങിയവ ഇതിലുണ്ട്. 2018നും 2019 ഏപ്രലിനും ഇടയിലാണ് മിക്ക വിവാഹങ്ങളും നടന്നിരിക്കുന്നത്. ഈ പട്ടിക തയ്യാറാക്കുന്നതിന് മുൻപും ശേഷവും എത്ര പെൺകുട്ടികൾ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമല്ല.
ചൈനീസ് വിവാഹത്തിന്റെ വിവരങ്ങൾ അന്വേഷണ ഏജൻസി സെപ്റ്റംബറിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു കൈമാറിയിരുന്നു. എപിക്കു ലഭിച്ച ഈ റിപ്പോർട്ടിന്റെ പകർപ്പിൽ 52 ചൈനക്കാർക്കെതിരെയും 20 പാക്ക് ഇടനിലക്കാർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറയുന്നു. കേസ് റജിസ്റ്റർ ചെയ്ത 31 പേരെ ഫൈസലാബാദ് കോടതി പിന്നീട് വെറുതെ വിടുകയായിരുന്നു. ചൈനയിൽ നിന്ന് പാക്കിസ്ഥാന് കുറച്ചു നാളുകളായി ലഭിക്കുന്ന സഹായങ്ങളെ മനുഷ്യക്കടത്തുമായി കൂട്ടിവായിക്കേണ്ടിവരുമെന്നാണ് സൂചന. ചൈന ബെൽറ്റും റോഡു നവീകരണവുമായും ബന്ധപ്പെട്ട് നിരവധി സഹായങ്ങളാണ് പാക്കിസ്ഥാനു ലഭിക്കുന്നത്.
7500 കോടി ഡോളറിന്റെ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതി പ്രകാരം റോഡ് നിർമാണം, ഊർജ നിലയങ്ങൾ മുതൽ കൃഷി വരെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ വിശാലമായ പാക്കേജ് എന്നിവ പാക്കിസ്ഥാന് ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്.
Leave a Reply