കെ.എം. മാണിയുടെ പിൻഗാമിയായി ജോസ് ടോം എത്തുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ‍ ഉറച്ച വിശ്വാസം. ജോസ് ടോമിന്റെ സ്വീകരണ സമയവും സ്ഥലവും നിശ്ചയിച്ചു. രാവിലെ 10.30ന് യുഡിഎഫ് തിരഞ്ഞെടുപ്പ്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്നാണ് അറിയിപ്പ്. വോട്ടെണ്ണൽ പൂർത്തിയായ ശേഷം കെ. എം. മാണിയുടെ വീട്ടിലെത്തി പ്രണാമം അർപ്പിച്ചശേഷം നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നഗരത്തിലേക്ക് പ്രകടനമായി എത്തും. തുടർന്നു കുരിശുപള്ളിക്കവലയിൽ സ്വീകരണം. വാദ്യമേളങ്ങളും തുറന്ന ജീപ്പും മൈക്കും പടക്കവുമെല്ലാം യു‍ഡിഎഫ് ഏർപ്പാടാക്കി.

യുഡിഎഫ് കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നത് അമിത ആത്മവിശ്വാസമാണെന്നാണ് എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെയും നേതാക്കളുടെയും പ്രവർത്തകരുടെയും വിലയിരുത്തൽ. ‘കാപ്പൻ 3 തവണ തോറ്റതല്ലേ ഇക്കുറി ജയിക്കട്ടെ, ഒന്നര വർഷത്തെ കാര്യമല്ലേയുള്ളൂ’ തുടങ്ങിയ അഭിപ്രായങ്ങളാണ് പ്രചാരണ വേളയിൽ വോട്ടർമാർ പ്രകടിപ്പിച്ചതെന്ന് എൽഡിഎഫ് പ്രവർത്തകർ പറയുന്നു.

പാലാ എന്തു രാഷ്ട്രീയം പറയുമെന്നറിയാൻ കേരളവും. വോട്ടെണ്ണലിനും വിജയാഹ്ലാദ പ്രകടനത്തിനും കൊഴുപ്പു കൂട്ടാനുള്ള ഒരുക്കവും മുന്നണികൾ നടത്തി. വിജയ പ്രതീക്ഷയിൽ ഇരു മുന്നണികളും ഫ്ലക്സുകൾ സജ്ജമാക്കി.

വോട്ടർമാരുടെ മനസ്സിലെ ഈ വികാരം പ്രാവർത്തികമായിട്ടുണ്ടെന്നും‍ മാണി സി. കാപ്പൻ നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ജയിക്കുമെന്നുമാണ് എൽഡിഎഫ് പ്രതീക്ഷ. യുഡിഎഫുകാരുടെ അമിത ആത്മവിശ്വാസം അനുകൂലമാകുമെന്ന് സ്ഥാനാർഥി മാണി സി. കാപ്പനും എൽഡിഎഫ് നേതാക്കളും പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ വോട്ടു നേടുമെന്ന് എൻ. ഹരിയും എൻഡിഎയും പറയുന്നു. വോട്ട് മറിച്ചെന്നത് ആരോപണം മാത്രമാണ്. പരമാവധി വോട്ടുകൾ സമാഹരിക്കാൻ ശ്രമിച്ചു. വോട്ട് വിഹിതം വർധിപ്പിച്ച് വരും തിരഞ്ഞെടുകളിൽ പാലായിൽ ത്രികോണ മത്സരത്തിനുള്ള പ്രവർത്തനമാണ് ഇക്കുറി നടത്തിയതെന്നും എൻഡിഎ അവകാശപ്പെടുന്നു.

കൂട്ടിയ കണക്കു ശരിയാണോയെന്ന് അവസാന വട്ടത്തിൽ വീണ്ടും കൂട്ടി മുന്നണികൾ. പന്തയത്തുക കിട്ടുമോ പോകുമോ എന്ന ആശങ്കയിൽ പാർട്ടി പ്രവർത്തകരും നാട്ടുകാരും. യന്ത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന പാലായുടെ മനസ്സ് ഇന്നു തുറക്കുമ്പോൾ ഇതിനെല്ലാം ‘തീരുമാനമാകും’.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവിധ പന്തയങ്ങൾ പാലായുടെ അന്തരീക്ഷത്തിൽ പറന്നു നടക്കുന്നു. വിവിധ പാർട്ടി പ്രവർത്തകർ തമ്മിലുള്ള പന്തയങ്ങൾക്കു പുറമേ ഒരേ പാർട്ടിയിൽ തമ്മിലുള്ളവരും പന്തയത്തിലുണ്ട്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ ഭൂരിപക്ഷത്തെ സംബന്ധിച്ചാണ് ഏറ്റവും അധികം ‘ഉൾപാർട്ടി’ പന്തയങ്ങൾ. ഓരോ പഞ്ചായത്തിലും ജോസ് ടോമിനു കിട്ടുന്ന ഭൂരിപക്ഷം അടക്കം പന്തയത്തിൽ വിഷയങ്ങൾ. ജോസ് ടോം 5000 വോട്ടിന് ജയിക്കും എന്ന് പന്തയം വച്ച ഒരാൾ‍ പാലാ നഗരസഭയിൽ ജോസ് ടോമിന് 1000 വോട്ടിൽ താഴെ മാത്രമേ ഭൂരിപക്ഷം കിട്ടൂ എന്നു പറയുന്നത് അടക്കം രസകരമായ ‘ക്രോസ്’ പന്തയങ്ങളും പാലായുടെ പ്രത്യേകത. വിവിധ ആളുകളോട് ‘കൈ നഷ്ടം’ വരാതെ പന്തയം വച്ച വിരുതന്മാരുമുണ്ട്.

ജോസ് ടോം ജയിക്കുമെന്ന് പറഞ്ഞ് ഒരാളോട് 10,000 രൂപ പന്തയം. മാണി സി.കാപ്പൻ നിസ്സാര വോട്ടിന് ജയിക്കുമെന്ന് പറഞ്ഞ് മറ്റൊരാളോട് 5000 രൂപ പന്തയം, ജോസ് ടോമിന് ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്നു പറഞ്ഞ് വേറൊരാളോട് വീണ്ടും പന്തയം. ഇങ്ങനെ കറങ്ങിത്തിരിഞ്ഞ് പൈസ നഷ്ടം വരാതെ പന്തയം വച്ച് കറങ്ങി നടക്കുന്നവരും ഉണ്ട്.

സ്ഥിരം പന്തയങ്ങളായ മീശ വടിക്കൽ‍, തല മൊട്ടയടിക്കൽ എന്നിവയും ഒരു വഴിക്ക് പാലായിൽ നടക്കുന്നു. ഇന്നറിയാം എല്ലാറ്റിന്റെയും ഫലം.

വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കു നിയോഗിച്ച ഏജന്റുമാരുമായി ഇന്നലെ മുന്നണി നേതാക്കൾ ആശയവിനിമയം നടത്തി. വോട്ടെണ്ണൽ ഉദ്യോഗസ്ഥർ രാവിലെ ആറിനു പാലാ കാർമൽ പബ്ലിക് സ്കൂളിൽ എത്തും. കെ.എം. മാണിയുടെ വിടിനു വാരകൾ അകലെയാണ് വോട്ടെണ്ണൽ കേന്ദ്രം. ഏഴരയ്ക്കു സ്ട്രോങ് റൂം തുറന്നു വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുക്കും.