കുറ്റിക്കാട്ടില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമാണെന്ന് സംശയം. അന്വേഷണം ശക്തമാക്കി പോലീസ്. പാലാ-തൊടുപുഴ സംസ്ഥാന പാതയോട് ചേര്‍ന്ന് പാലാ കാര്‍മ്മല്‍ ആശുപത്രി ജങ്ഷനിലെ കലുങ്കിന് താഴെയുള്ള കുറ്റിക്കാട്ടില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മരണപ്പെട്ടത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

അതേസമയം വയോധികയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. ഇതേത്തുടര്‍ന്ന് മൃതദേഹം ഇന്നലെ പോസ്റ്റ്മോര്‍ട്ടം ചെയ്തു. സ്വാഭാവിക മരണമാണന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൂന്ന് ദിവസം മൃതദേഹം സൂക്ഷിച്ച ശേഷം പോസ്റ്റ് മോര്‍ട്ടം നടത്താനാണ് പോലീസ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വയോധികയെ കൊലപ്പെടുത്തിയണോയെന്ന സംശയത്തിലാണ് ഉടന്‍ തന്നെ പോസ്റ്റമാര്‍ട്ടം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെയാണ് പാലാ- തൊടുപുഴ ഹൈവേയില്‍ കാര്‍മ്മല്‍ ആശുപത്രി ജങ്ഷനിലെ കലുങ്കിന് താഴെ എട്ടടിയോളം താഴ്ചയില്‍ കുറ്റിക്കാട് നിറഞ്ഞ സ്ഥലത്ത് എണ്‍പത് വയസ് തോന്നിക്കുന്ന വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.

മുഖത്ത് കണ്ടെത്തിയ മുറിപ്പാട് താഴേക്ക് വീണപ്പോള്‍ മരക്കുറ്റിയിലോ മറ്റോ കൊണ്ട് ഉണ്ടായതാവാം. പോലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികളിലും കൊലപാതകമെന്ന് സംശയിക്കേണ്ട സാഹചര്യമില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മറ്റെവിടെയെങ്കിലും വച്ച്‌ മരണപ്പെട്ട ശേഷം ഇവിടെകൊണ്ട് തള്ളിയാതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച ദുരൂഹതമാറണമെങ്കില്‍ ആളെ തിരിച്ചറിയണം. സമീപത്തുള്ള സ്ത്രീ ഇതുവഴിപോയപ്പോള്‍ വീണതാണെങ്കില്‍ ബന്ധുക്കളോ നാട്ടുകാരോ അങ്ങനെ ആരെങ്കിലും തിരിച്ചറിയോണ്ടതാണ്. എന്നാല്‍ അതുണ്ടായിട്ടില്ല. ആളെ തിരിച്ചറിയാനുള്ള തീവ്ര അന്വേഷണത്തിലാണ് പോലീസ്. ഇതുവഴി കടന്നുപോയ വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്. മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോട്ടയത്തിന് പുറമേ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെങ്ങും അടുത്തദിവസങ്ങളില്‍ പ്രായമായവരെ കാണാതായതായി പരാതികളില്ല. സംഭവത്തെക്കുറിച്ച്‌ വ്യക്തമായ സൂചനകള്‍ ലഭിച്ചാല്‍ പാലാ ഡി.വൈ.എസ്.പിയെ അറിയിക്കണമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു. ഫോണ്‍- 9497990051.