പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയെ കോളേജ് മുറ്റത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ ഏകപ്രതിയായ അഭിഷേക് ദിവസങ്ങൾ കൊണ്ട് ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയെതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ഒക്‌ടോബർ ഒന്നിനായിരുന്നു കേരളത്തെ നടുക്കി കൊണ്ട് പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷ എഴുതാനെത്തിയ തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിധിന മോൾ(22) ദാരുണമായി കൊല്ലപ്പെട്ടത്. സഹപാഠിയും വൈക്കം സ്വദേശിയായ അഭിഷേക് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

പേപ്പർകട്ടർ ഉപയോഗിച്ചാണ് അഭിഷേക് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായിരുന്നു ഇരുവരും. പരീക്ഷയെഴുതാനെത്തിയതായിരുന്നു അഭിഷേകും നിധിനയും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പെൺകുട്ടി മുൻ കാമുകനുമായി അടുത്തെന്ന സംശയമാണ് കൊല ചെയ്യുന്നതിന് അഭിഷേകിനെ പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതി കൊലചെയ്യുന്നതിന് ഒരാഴ്ച മുമ്പ് തന്നെ വെബ്സൈറ്റ് നോക്കി എങ്ങനെ കൊല ചെയ്യാമെന്ന് മനസ്സിലാക്കി. ചെന്നൈയിൽ റിപ്പോർട്ട് ചെയ്ത പ്രണയ നൈരാശ്യത്തെ തുടർന്നുണ്ടായ ഒരു കൊലപാതക വീഡിയോ അഭിഷേക് നിരവധി തവണ കണ്ടുവെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു.

കൊലപാതകത്തിനായി പേപ്പർ കട്ടറിലേക്ക് പുതിയ ബ്ലേഡും ഇയാൾ വാങ്ങിയെന്ന് കുറ്റപത്രത്തിൽ പറഞ്ഞു. ഇരുവരും രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകൽച്ച കാണിച്ചത് വൈരാഗ്യത്തിന് കാരണമായെന്നുമായിരുന്നു അഭിഷേക് പോലീസിന് നൽകിയിരുന്ന മൊഴി. കേസിൽ 80 സാക്ഷികളാണ് ഉളളത്. ഫോറൻസിക് റിപ്പോർട്ടുകളുടെ രേഖകൾ അടക്കം 48 രേഖകളും പോലീസ് കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചു.