പുലർച്ചെ വഴിയെ നടന്നുപോയ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കടപ്പാട്ടൂർ കുറ്റിമടത്തിൽ പി.കെ. സന്തോഷാണ് (അമ്മാവൻ സന്തോഷ്-61) അറസ്റ്റിലായത്. പാലാ വെള്ളിയേപ്പള്ളി വലിയമനയ്ക്കൽ ടിന്റു മരിയ ജോണിന്റെ (26) തലയ്ക്കാണ് ബുധനാഴ്ച പരിക്കേറ്റത്. അക്രമി മൂർച്ചയുള്ള ആയുധംകൊണ്ടു തലയ്ക്കു വെട്ടുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ അഞ്ചോടെ വെള്ളിയേപ്പള്ളിയിലാണ് സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി യുവതി വീട്ടിൽനിന്നു പുലർച്ചെ ഇറങ്ങി 150 മീറ്റർ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം. വഴിയിൽ പരിക്കേറ്റു കിടന്ന യുവതിയെ പുലർച്ചെ വ്യായാമത്തിനിറങ്ങിയവരാണു കണ്ടെത്തിയത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏറ്റുമാനൂർ സ്വദേശിനിയായ യുവതി കഴിഞ്ഞ മൂന്നു വർഷമായി പാലാ വെള്ളിയേപ്പള്ളിയിൽ അമ്മയോടും സഹോദരിയോടുമൊപ്പം വാടകയ്ക്കു താമസിക്കുകയാണ്. പാലാ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ് കെഎസ്ആർടിസിയിൽനിന്നു ഡ്രൈവറായി വിരമിച്ച സന്തോഷ്.
കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശിൽപ്പയുടെ നിർദേശപ്രകാരം പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്റെ മേൽനോട്ടത്തിൽ പാലാ എസ് എച്ച്ഒ സുനിൽ തോമസ്, പ്രിൻസിപ്പൽ എസ്ഐ കെ.എസ്. ശ്യാംകുമാർ, എസ്ഐ തോമസ് സേവ്യർ, എഎസ്ഐ എ.ടി. ഷാജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ്. രാജേഷ്, അരുണ്‍ ചന്ത്, ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.
യുവതി ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. സംസാരിക്കാൻ സാധിക്കില്ലാത്തതിനാൽ യുവതിയുടെ മൊഴിയെടുക്കാൻ സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്…
യുവതിക്ക് സന്തോഷി ന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു പരിചയമുണ്ടായിരുന്നു. തീർഥാടനകേന്ദ്രങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്തിയിരുന്ന യുവതി സന്തോഷിന്റെ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ആറിനു യുവതിയും സന്തോഷും ഒന്നിച്ച് തീർഥാടനകേന്ദ്രങ്ങളിൽ പോയശേഷം യുവതിയെ വൈകുന്നേരത്തോടെ വീട്ടിൽ എത്തിക്കുകയും ചെയ്തിരുന്നു.
മുന്‍പ് കെഎസ്ഇബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്തോഷ് ഏഴിനു പുലർച്ചെ നാലോടെ ബന്ധുവിന്റെ കാറില്‍, വീട്ടിൽനിന്ന് എടുത്ത ഇരുമ്പു പാരയുമായി യുവതിയുടെ വീടിന് 100 മീറ്റർ അടുത്തെത്തി കാത്തുനിന്നു. 4.45നു സന്തോഷിനെ ഫോണില്‍ വിളിച്ചശേഷം യുവതി വീട്ടിൽനിന്നും ഇറങ്ങിവരുകയും, അടുത്തെത്തിയപ്പോൾ സന്തോഷ് കൈയിൽ കരുതിയിരുന്ന പാരയുമായി യുവതിയെ ആക്രമിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു.
അടിയേറ്റ യുവതി പ്രാണരക്ഷാർഥം ഓടിയെങ്കിലും സന്തോഷ് പിന്തുടർന്നു പലതവണ തലയ്ക്കടിച്ചു വീഴ്ത്തി. ഒടുവിൽ മരിച്ചെന്നു കരുതി യുവതിയുടെ ഫോണും കൈക്കലാക്കി കാറിൽ കയറി സന്തോഷ് രക്ഷപ്പെടുകയായിരുന്നു. കാർ പാലായിലെ വർക്ക് ഷോപ്പിൽ ഏൽപ്പിച്ചശേഷം തെളിവു നശിപ്പിക്കാനായി യുവതിയുടെ ഫോണ്‍ പാലാ പാലത്തിൽനിന്നു മീനച്ചിലാറ്റിലേക്കു വലിച്ചെറിഞ്ഞു. പിന്നീട് പതിവുപോലെ സന്തോഷ് പാലാ ടൗണിൽ ഓട്ടോയുമായി എത്തുകയും ചെയ്തു.
നാട്ടുകാർ ചുവപ്പു നിറമു ള്ള കാറിന്റെ കാര്യം പോലീസിനോടു പറഞ്ഞു. കൂടാതെ സമീപത്തെ സിസിടിവി കാമറയും പോലീസ് പരിശോധിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. ഫോണും ആക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പു പാര പോലീസ് കണ്ടെടുത്തു. വൈകുന്നേരം പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി.
Leave a Reply