പാലക്കാട് ആനക്കരയിൽ പതിനൊന്ന് വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച സംഭവത്തിന്‍റെ ചുരുളഴിയുന്നു. കളിച്ചു കൊണ്ടിരിക്കവെ ഷാൾ കഴുത്തിൽ കുരുങ്ങിയാണ് പെണ്‍കുട്ടി മരിക്കാൻ കാരണമെന്ന് കുട്ടിയുടെ മാതൃസഹോദരി പുത്രി മൊഴി നല്‍കി. ഷോക്കേറ്റ് മരിച്ചുഎന്ന് കാണിച്ചാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ദുരൂഹത തോന്നിയതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.
എടപ്പാൾ പൊറൂക്കര സ്വദേശിനിയായ പതിനൊന്നുവയസുകാരിയാണ് അമ്മയുടെ വീട്ടില്‍ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച ആനക്കരയിലെ അമ്മ വീട്ടിൽ എത്തിയതായിരുന്നു പെണ്‍കുട്ടി . തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടിയെ വീട്ടിനുള്ളിൽ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ മകളാണ് ആദ്യം കുട്ടിയെ കണ്ടത്. തുടർന്ന് തോട്ടം നനക്കുകയായിരുന്ന മുത്തശ്ശിയേയും മുത്തച്ഛനേയും വിവരം അറിയിച്ചു. ബോധം നഷ്ട്ടപ്പെട്ട കുട്ടിയെ ബന്ധുവായ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെയാണ് എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടി മരണപ്പെട്ടിരുന്നു.
കുട്ടി ടി.വി കണ്ടു കൊണ്ടിരിക്കുമ്പോൾ ഷോക്കേറ്റ് മരിച്ചതാണെന്നായിരുന്നു ആദ്യം വിശദീകരണം. എന്നാൽ ഡോക്ടർ പരിശോധിച്ചതിൽ കഴുത്തിൽ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് വീട് സീല്‍ ചെയ്തു. പാലക്കാട് പോലീസ് സർജന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ തുണി ഉപയോഗിച്ച് മുറുകിയ പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.
ഹാളില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പുറകിലെത്തിയ മാതൃസഹോദരിയുടെ പതിനാലുവയസുള്ള മകള്‍ ഷാള്‍ കഴുത്തില്‍ ഇടുകയായിരുന്നു. നിലതെറ്റി വീണ പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ചു. സംഭവത്തിൽ ചൊവ്വാഴ്ച്ച പൊലീസും വിരലടയാള വിദഗ്ദരും പരിശോധകൾ നടത്തിയിരുന്നു. മൃതദേഹം പാലക്കാട് ഗവ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. എടപ്പാളിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം ഈശ്വരമംഗലം പൊതു സ്മാശനത്തില്‍ സംസ്‌ക്കരിച്ചു. നിലവില്‍ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കുട്ടിക്കെതിരെ മറ്റു നടപടികൾ പിന്നീടായിരിക്കുമെന്ന് പോലീസ് അറിയിച്ചു.
Leave a Reply