വീടിന്റെ മതിലിൽ ചോരയൊലിച്ചു തൂങ്ങിക്കിടന്ന ആ 13 വയസ്സുകാരന്റെ കരച്ചിലാണ് അപകടത്തെക്കുറിച്ചു പറയുമ്പോൾ തണ്ണിശ്ശേരി പെരിയക്കാട് പി.വിജയന്റെയും ഭാര്യ നളിനിയുടെയും വാക്കുകളിൽ. ആംബുലൻസിലുണ്ടായിരുന്ന ആ 13 വയസ്സുകാരന്റെ ജീവൻ മാത്രമാണു രക്ഷിക്കാനായത്. തണ്ണിശ്ശേരി പോസ്റ്റ് ഓഫിസ് മുക്കിലെ ഇവരുടെ വീടിനു മുന്നിലായിരുന്നു അപകടം. അപകടം കണ്ട് ആദ്യമെത്തിയതും ഇവരായിരുന്നു. ഉച്ചയ്ക്ക് ടിവിയിൽ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുമ്പോഴാണു വലിയ ശബ്ദംകേട്ട് ഇരുവരും പുറത്തിറങ്ങി നോക്കുന്നത്.

മതിലിൽ ചോരയൊലിച്ചു കിടന്ന ഷാഫിയെയാണ് ആദ്യം കണ്ടത്. ഷാഫിയെ വീടിന്റെ വരാന്തയിൽ കിടത്തി നളിനി വെള്ളം നൽകി. പിന്നീടുള്ള കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. പൂർണമായും തകർന്ന ആംബുലൻസിനിടയിൽ ചോരയൊലിച്ചു കിടന്ന 8 പേർ. ശരീര അവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നു. നിലവിളിച്ച് സമീപവാസികളെ കൂട്ടി രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാസേനയും സൗത്ത്, പുതുഗനരം പൊലീസും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസ് വെട്ടിപ്പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുത്തു.

ലോറിയിലുണ്ടായിരുന്നവരെയും ഷാഫിയെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ് ഓഫിസ് മുക്കിലെ ചെറിയ വളവുള്ള ഈ സ്ഥലം സ്ഥിരം അപകടമേഖലയാണെന്ന് വിജയൻ പറയുന്നു. ഈ വർഷം 2 തവണ നിയന്ത്രണംവിട്ട ലോറിയും കാറും ഇടിച്ച് ഇവരുടെ വീടിന്റെ മതിൽ തകർന്നിരുന്നു. ഇതിനു 300 മീറ്റർ അകലെ പെട്രോൾ പമ്പിനു സമീപവും സ്ഥിരം അപകടമേഖലയാണെന്നു പറയുന്നു.

അവശനിലയിലായിരുന്ന യുവാവിനെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ വന്ന ആംബുലൻസിൽ ജംഷീർ ഒഴികെയുള്ളവർ കയറി. സ്ഥലമില്ലാത്തതിനാൽ ജംഷീറിനു വാഹനത്തിൽ കയറാൻ പറ്റിയില്ല. ആംബുലൻസ് ജില്ലാ ആശുപത്രിയിലേക്കു വരുന്നതിനിടെ തണ്ണിശ്ശേരിയിൽ അപകടത്തിൽപ്പെട്ട് ഷാഫി ഒഴികെയുള്ള 8 പേർ മരിച്ചു. അപകട വിവരം അറിഞ്ഞെത്തിയ വീട്ടുകാരോടൊപ്പം മറ്റൊരു വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് കൂടെയുണ്ടായിരുന്നവരെ മരണം കവർന്നെടുത്തത് ജംഷീർ അറിയുന്നത്.