പാലക്കാട് കോണ്‍ഗ്രസില്‍ കത്ത് വിവാദം പുകയുന്നു. ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നല്‍കിയ കത്തിന്റെ രണ്ടാം ഭാഗം പുറത്ത്.

കത്തില്‍ ഒപ്പുവെച്ച നേതാക്കളുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജാണ് പുറത്തു വന്നത്. വി.കെ ശ്രീകണ്ഠന്‍ എംപിയടക്കം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന അഞ്ച് നേതാക്കളാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്.

വി.കെ. ശ്രീകണ്ഠന്‍ എംപി, മുന്‍ എംപി വി.എസ് വിജയരാഘവന്‍, കെപിസിസി നിര്‍വാഹകസമിതി അംഗം സി.വി ബാലചന്ദ്രന്‍ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച മുന്‍ ഡിസിസി അധ്യക്ഷന്മാര്‍. കെപിസിസി ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എ തുളസിയും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ക്കും അയച്ച കത്താണ് പുറത്തു വന്നത്.

പാലക്കാട് ബിജെപിയുടെ വിജയം തടയാനും കേരളത്തില്‍ അവരുടെ മുന്നോട്ടുള്ള പോക്കിന് തടയിടാനും കരുത്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്നും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റേയും ഇടതു മനസുള്ളവരുടേയും വോട്ട് നേടാനാവുന്ന ആളാവണമെന്നുമാണ് കത്തിലെ ആവശ്യം.

അതേസമയം പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ മറ്റെല്ലാ കാര്യങ്ങളും അപ്രസക്തമാണെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ എടുത്തത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി സജീവമായി രംഗത്തുള്ള നേതാവാണ് വി.കെ ശ്രീകണ്ഠന്‍.