ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പുല്ലുണ്ടശ്ശേരി കാവിൽപാടം രാജേഷിന്റെ ഭാര്യ ആതിരയുടെ (27) മരണത്തിലാണ് സുഹൃത്തായ കല്ലുവഴി വാളക്കോട്ടിൽ ശരത് (27) അറസ്റ്റിലായത്. യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ ശരത്തിന്റെ പേര് പരാമർശിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റുണ്ടായത്.

ആതിരയും ശരത്തും സ്‌കൂൾ പഠന കാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഒരേ ക്ലാസിൽ പഠച്ച സൗഹൃദം മുതലെടുത്ത് ആതിരയുടെ ആറര പവൻ സ്വർണം ശരത് പണയം വയ്ക്കാൻ വാങ്ങിയിരുന്നു. എന്നാൽ ഇത് പിന്നീട് തിരിച്ചു നൽകിയില്ല. നിരന്തരം ചോദിച്ചെങ്കിലും ശരത്ത് കൈയൊഴിയുകയായിരുന്നു. വിവാഹ സമയത്ത് കൊണ്ടു വന്ന സ്വർണത്തെക്കുറിച്ച് വീട്ടുകാർ ചോദിക്കുമെന്ന് ഭയന്നാണ് ആതിര ജീവനൊടുക്കിയത്.

തന്റെ മരണത്തിന് ഉത്തരവാദി ശരത്ത് ആണെന്നും, പണയം വെക്കാനായി വാങ്ങിയ സ്വർണം തിരിച്ചു നൽകിയില്ലെന്നും ആത്മഹത്യ കുറിപ്പിൽ ആതിര എഴുതിയിരുന്നു. ഇക്കഴിഞ്ഞ 26നാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ആതിരയെ കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആതിരയുടെ ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശരത്ത് പിടിയിലായത്. ശ്രീകൃഷ്ണപുരം എസ്‌ഐ കെവി സുധീഷ് കുമാറും സംഘവും ആണ് ശരത്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്തതോടെ ഇയാൾ സ്വർണം വാങ്ങിയ കാര്യവും ആതിരയെ ഭീഷണിപ്പെടുത്തിയ കാര്യവും സമ്മതിച്ചു. ഇതേത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ശരത്തിനെതിരെ പോലീസ് കേസ് എടുത്തത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ശരത്തെന്ന് പോലീസ് പറയുന്നു. ബൈക്കിൽ യാത്ര ചെയ്തു മാലപൊട്ടിക്കൽ നടത്തിയത് ഉൾപ്പെടെ നിരവധി മോഷണക്കേസുകൾ ശരത്തിന്റെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഉണ്ട്. എന്നാൽ ഈ വിവരം ആതിരയ്ക്ക് അറിയില്ലായിരുന്നു.