സിമന്റ് നിർമാണ കമ്പനിയിൽ ജോലിക്കിടെ മെഷീനിൽ കുടുങ്ങി ഇടതുകൈ പൂർണമായി ചതഞ്ഞരഞ്ഞ യുവാവ് രക്തം വാർന്നു മരിച്ചു. കൊഴിഞ്ഞാമ്പാറ ഇരട്ടകുളം നാട്ടുകൽ അപ്പുപ്പിള്ളയൂർ ഉണ്ണിക്കൃഷ്ണന്റെ മകൻ സുബിൻ (18) ആണ് മരിച്ചത്. കഞ്ചിക്കോട് വ്യവസായമേഖലയിൽ സൺ ഫ്ലവർ കമ്പനിയിൽ ഇന്നലെ വൈകിട്ടു നാലരയോടെയാണ് അപകടം. സിമന്റ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ പൊടിക്കുന്ന കൺവെയർ ബെൽറ്റ് റോളിങ് മെഷീനിലാണു കൈ കുടുങ്ങിയത്. തോൾ വരെ പൂർണമായി അറ്റുതൂങ്ങിയ നിലയിലായിരുന്നു.

സുബിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ മറ്റു തൊഴിലാളികൾ ഉടനെ കഞ്ചിക്കോട് അഗ്നിരക്ഷാസേന സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നു സേനയുടെ വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടിയന്തര ചികിത്സ ലഭ്യമാക്കും മുൻപു രക്തം വാർന്നു മരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കരാർ തൊഴിലാളിയായ സുബിൻ ഇന്നലെ വൈകിട്ട് നാലിനാണു ജോലിക്കു കയറിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെഷീൻ പ്രവർത്തിപ്പിക്കുമ്പോൾ അബദ്ധത്തിൽ കൈ കുടുങ്ങിയെന്നാണു കമ്പനി അധികൃതർ പൊലീസിനു നൽകിയ മൊഴി. നല്ലേപ്പിള്ളി ശ്രീകൃഷ്ണ എച്ച്എസ്എസിൽ പ്ലസ്ടു ജയിച്ച സുബിൻ തുടർപഠനത്തിന് ഇടവേള വന്നതോടെ ഒന്നര മാസം മുൻപാണു കമ്പനിയിൽ ജോലിക്കു കയറിയത്. ബിരുദ പഠനത്തിന് അടുത്ത മാസം മുതൽ പോവാനിരിക്കെയാണു മരണം. സുബിന്റെ അമ്മ: സുനിത. സഹോദരി: ശ്രുതി. മൃതദേഹം ജില്ല ആശുപത്രിയിൽ. സംഭവത്തിൽ പൊലീസ് കേസെടുത്തു.