നിര്‍മ്മാണപിഴവ് മൂലം തകര്‍ന്ന പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ ആരംഭിച്ചു. രാവിലെ 8.30 ഓടെ പൊളിക്കലിന് മുന്നോടിയായുള്ള പൂജകള്‍ നടന്നു. രാവിലെ 9 മണിയോടെ തന്നെ പാലം പൊളിക്കലിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചു. പാലത്തിന്റെ ടാറിങ് നീക്കുന്ന ജോലികളാണ് ഇന്ന് ആരംഭിച്ചത്.

ടാറിംഗ് നീക്കുന്ന ജോലികള്‍ ഒരാഴ്ചക്കുളളില്‍ പൂര്‍ത്തിയാക്കും. പാലത്തിലെ ടാറിങ് പൂര്‍ണമായും നീക്കിയതിന് ശേഷമായിരിക്കും 17 സ്പാനില്‍ 15 സ്പാനും കഷ്ണങ്ങളായി മുറിക്കുന്നത്. നവീകരണ ജോലികള്‍ക്കിടെ അവശിഷ്ടങ്ങള്‍ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാന്‍ കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും. ഡിഎംആര്‍സിയുടെയും ഊരാളുങ്കല്‍ സൊസൈറ്റിയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിഎംആര്‍സി ചീഫ് എന്‍ജിനീയര്‍ ജി കേശവ ചന്ദ്രനാണ് പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാനുള്ള ചുമതല.

രണ്ടാം ഘട്ടത്തില്‍ ഗര്‍ഡറുകള്‍ നീക്കം ചെയ്യും. യന്ത്രങ്ങളുടെ സഹായത്തോടെയാകും മുഴുവന്‍ ഗര്‍ഡറുകളും മുറിച്ച് മാറ്റുക. ശേഷം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ പുതുതായി സ്ഥാപിക്കും. കഷ്ണങ്ങളാക്കുന്ന ഗര്‍ഡര്‍ ചെല്ലാനത്ത് കടല്‍ ഭിത്തി നിര്‍മിക്കാനായി ഉപയോഗിക്കാം എന്ന നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നെങ്കിലും അത് ഉപേക്ഷിച്ചു. ലോറിയില്‍ കയറ്റിക്കൊണ്ടുപോകുന്നതടക്കമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് അത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാലം പൊളിക്കുമ്പോഴുള്ള പൊടിശല്യം കുറയ്ക്കാനായി നെറ്റ് കര്‍ട്ടന്‍ വിരിക്കും. ഒപ്പം വെള്ളവും നനച്ചു കൊടുക്കും. എങ്കിലും കുറച്ച് യാത്രക്കാര്‍ക്ക് കുറച്ച് ബുദ്ധിമുട്ട് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഉണ്ടാകും. നല്ല കാര്യത്തിനായി ജനം സഹകരിക്കുമെന്ന പ്രതീക്ഷയാണ് ഡിഎംആര്‍സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും പ്രകടിപ്പിച്ചത്. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനായി മുന്‍കരുതല്‍ സ്വീകരിച്ചായിരിക്കും പണി നടക്കുക. ഇതിനായി കൃത്യമായി സമയം നിശ്ചയിച്ച് ഓരോ ഭാഗങ്ങളായി പൊളിച്ച് നീക്കാനാണ് തീരുമാനം. എട്ട് മാസത്തോടെ പണി പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം മെയില്‍ പുതിയ പാലം ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

പതിനെട്ടരക്കോടി രൂപയാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാനുള്ള ചെലവ് കണക്കാക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 39 കോടി ചെലവില്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും നിര്‍മ്മാണത്തിലെ വൈകല്യം കാരണം ഒന്നര വര്‍ഷത്തിനുളളില്‍ അടച്ചിടുകയായിരുന്നു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് പാലം പൊളിച്ചു പണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.