ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രായേൽ :- പലസ്തീനിലെ ഗാസയിൽ ഇസ്രയേൽ നടത്തിയ അക്രമങ്ങൾക്ക് തിരിച്ചടിയായി, ഇസ്രായേൽ നഗരമായ ടെൽ അവിവിൽ ആക്രമണം നടത്തിയിരിക്കുകയാണ് പലസ്തീൻ. കഴിഞ്ഞദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 28 പലസ്തീനികൾ മരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇസ്രായേലിലെ ടെൽ അവിവിൽ നടന്ന ആക്രമണം. പാലസ്തീൻ നടത്തിയ ആക്രമണത്തിൽ ഒരു മലയാളി നേഴ്സ് ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇത് ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഒരു അപ്രതീക്ഷിത വാർത്തയായിരുന്നു. ഇരുരാജ്യങ്ങളോടും സമാധാനം പുലർത്തണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

വർഷങ്ങൾക്ക് ശേഷം ജറുസലേമിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ച ഹമാസ് സംഘടന അതിരുകൾ ലംഘിച്ചിരിക്കുകയാണെന്ന് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ തങ്ങൾ ആക്രമണത്തിലൂടെ ജെറുസലേമിലെ അൽ – അക്സ പള്ളി സംരക്ഷിക്കുവാൻ മാത്രമാണ് ശ്രമിച്ചതെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിങ്ങൾക്കും, ജൂതന്മാർക്കും ഒരുപോലെ വിശുദ്ധ സ്ഥലമായ ഈ പള്ളിക്ക് സമീപം കഴിഞ്ഞ തിങ്കളാഴ്ച ഇസ്രായേലി പോലീസും, പാലസ്തീനികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. 2017ന് ശേഷമുള്ള ഏറ്റവും മോശമായ അന്തരീക്ഷത്തിലൂടെ ആണ് ഇരുരാജ്യങ്ങളും കടന്നുപോകുന്നത്. ബുധനാഴ്ച യുഎൻ കൗൺസിൽ കൂടി ഇരുരാജ്യങ്ങളിലെയും അവസ്ഥകൾ വിലയിരുത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.

വർഷങ്ങൾ നീണ്ടുനിൽക്കുന്ന അറബ് – ജൂത സംഘർഷങ്ങൾ ആണ് ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കും കാരണം. ജറുസലേം ആണ് സംഘർഷങ്ങളുടെ പ്രധാന കേന്ദ്രം. ഇരുരാജ്യങ്ങളിലെയും നിരവധി പേർക്കാണ് ഈ ആക്രമണങ്ങളിലൂടെ പരിക്കേറ്റിരിക്കുന്നത്.