മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ജില്ലയില്‍ സന്യാസിമാരടങ്ങുന്ന മൂന്ന് പേരെ അക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരില്‍ മുസ്‌ലിങ്ങളില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്.
101 പേരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തത്.

സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ദേശ്മുഖ് ബി.ജെ.പിവര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിക്കുകയായണെന്നും ആരോപിച്ചു.

കേസ് മഹാരാഷ്ട്ര സി.ഐ.ഡി (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ്)ന് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കൊവിഡ് സംബന്ധമായ വിശകലനങ്ങള്‍ അവതരിപ്പിക്കുന്നതിനിടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘101 പേരെ അറസ്റ്റു ചെയ്തതില്‍ ആരും തന്നെ മുസ്‌ലിങ്ങളില്ല. അതുകൊണ്ടു തന്നെ ഈ സംഭവത്തിന് വര്‍ഗീയതയുടെ നിറം നല്‍കരുത്,’ മന്ത്രി പറഞ്ഞു.

ചിലരൊക്കെ ദിവാസ്വപ്‌നം കണ്ടു നടക്കുകയാണ്. ഇത് രാഷ്്ട്രീയം കളിക്കാനുള്ള സമയമല്ല, കൊവിഡിനെ പ്രതിരോധിക്കാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആളുമാറിയാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

അതേസമയം സംഭവത്തില്‍ പൊലീസ് അറസ്റ്റുചെയ്തതില്‍ അഞ്ചു പേര്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രാദേശിക സി.പി.ഐ.എമ്മിന് പങ്കുണ്ടെന്നും ബി.ജെ.പി ആരോപണം ഉന്നയിക്കുന്നുണ്ട്.

അവയവങ്ങള്‍ക്കുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം സംഘത്തെ ആക്രമിച്ചത്. കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് സന്യാസിമാരെയും അവരുടെ കാറിലെ ഡ്രൈവറെയുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.