പള്ളിപ്പുറത്ത് ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറുപവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറും പിടികൂടിയിട്ടുണ്ട്.

പെരുമാതുറ, പള്ളിപ്പുറം മേഖലകളിലുള്ളവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നല്‍കുന്നവിവരം. കിളിമാനൂര്‍ പോലീസ് ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. നൂറുപവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ 12 അംഗ സംഘമാണുള്ളത്. ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ മംഗലപുരം കുറക്കോട് ടെക്‌നോസിറ്റിക്കു സമീപം വച്ചാണ് കവര്‍ച്ച നടന്നത്. ആഭരണ വ്യാപാരിയായ സമ്പത്തും മറ്റു രണ്ടുപേരും യാത്രചെയ്തിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി സ്വര്‍ണം കവരുകയായിരുന്നു. ആറ്റിങ്ങലിലെ ഒരു ജൂവലറിയിലേക്കു കൊടുക്കാനായി കൊണ്ടുവന്ന നൂറുപവനോളം വരുന്ന സ്വര്‍ണം ആണ് തട്ടിയെടുത്തത്.

നെയ്യാറ്റിന്‍കര ഭാഗത്തുനിന്നുമാണ് സമ്പത്ത് എത്തിയത്. ഇവരെ പിന്തുടര്‍ന്ന് കാറിലെത്തിയതാണ് അക്രമിസംഘം കവര്‍ച്ച നടത്തിയത്. കഴിഞ്ഞദിവസം പ്രതികള്‍ സഞ്ചരിച്ച കാറുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഞ്ച് പ്രതികളെ പോലീസ് പിടികൂടിയത്.