ഷിബു മാത്യൂ
ഇന്ന് ഓശാന ഞായര്‍.
എത്ര ഓശാന കടന്നു പോയാലും ക്രൈസ്തവര്‍ മറക്കാത്ത ഒരു ചിത്രമുണ്ട്. നാല്പത് വര്‍ഷത്തെ സൗഹൃദത്തിന്റെ ചിരിയുടെ ചിത്രം. മറിയക്കുട്ടി വട്ടമലയും അന്നമ്മ ചെപ്ലാവിലും ആഗോള ക്രൈസ്തവര്‍ക്ക് സമ്മാനിച്ചത് ഓശാനയുടെ വലിയ സന്ദേശമാണ്. ഇതിനപ്പുറം പോവില്ല ഒരു ഓശാന സന്ദേശവും. നാല്പതു വര്‍ഷമായി അവര്‍ കൂട്ടുകാരികളായിരുന്നു. ഒരേ കാലഘട്ടത്തില്‍ മിന്നു കെട്ടി അതിരംമ്പുഴയിലെത്തിയവര്‍. വന്ന് കേറിയവര്‍ എന്ന നിലയില്‍ സ്വകാര്യ ദു:ഖവും സന്തോഷവും ഒരു പോലെ പങ്കുവെച്ചവര്‍. അവരുടേതായ ഒരു സ്വകാര്യ ലോകത്തില്‍ അവര്‍ ജീവിച്ചു. കഴുത്തില്‍ മിന്നു ചാര്‍ത്തുമ്പോള്‍ തല കുനിച്ച് കണ്ണടച്ചു പ്രാര്‍ത്ഥിച്ച അതിരംമ്പുഴ ഫൊറോനാ പള്ളിയായിരുന്നു നാല്പത് വര്‍ഷം അവരുടെ ജീവിതത്തെ കൂടുതല്‍ ധന്യമാക്കിയത്.
അക്കാലത്ത് പള്ളിയിലെ എല്ലാമായിരുന്ന ( മരിച്ചു പോയ) പനന്താനത്ത് മത്തായിച്ചേട്ടനായിരുന്നു ആത്മീയ ആശ്വാസം. അടുത്ത ഞായറാഴ്ച കാണാം എന്ന ആകാംക്ഷയിലാണ് ഇരുവരും ജീവിച്ചിരുന്നത്. ദേവാലയത്തിലെ കൂടിക്കാഴ്ച്ച അവര്‍ വാനോളം ആഘോഷിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ് അവരറിയാതെ ഫോട്ടോഗ്രാഫിയെ സ്‌നേഹിക്കുന്ന ജിതിന്‍ പുന്നാക്കപള്ളി രണ്ട് വര്‍ഷം മുമ്പുള്ള ഓശാന ഞായറില്‍ ദേവാലയത്തിന്റെ മുമ്പില്‍ നടന്ന അത്യധികം വൈകാരികമായ ദൃശ്യം തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. കുരുത്തോല കൈയ്യിലേന്തി ദൈവാനുഭവം ആസ്വദിക്കുന്ന അമ്മച്ചിമാരുടെ ചിത്രം. നിഷ്‌കളങ്കതയ്ക്ക് ഇതിനപ്പുറമൊരു പര്യായമില്ല. മലയാളം യുകെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത ഈ ചിത്രം അക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും അതേറ്റെടുത്തിരുന്നു.

വര്‍ഷം രണ്ടു കഴിഞ്ഞു.
ഇന്ന് ഓശാന ഞായര്‍.
പ്രിയ കൂട്ടുകാരി അന്നമ്മയില്ലാതെയുള്ള മറിയക്കുട്ടിയുടെ ഓശാന ഞായറിന്റെ വിശേഷങ്ങളറിയാന്‍ അന്നത്തെ ഫോട്ടോഗ്രാഫര്‍ ജിതിന്‍ വട്ടമല കുടുംബത്തിലെത്തി. ചിരിയോടെ ജിതിനെ സ്വീകരിച്ചെങ്കിലും കൂട്ടുകാരി പോയതിന്റെ വിഷമം മറിയക്കുട്ടിയുടെ കണ്ണുകളില്‍ നിറഞ്ഞു. ജിതിന്റെ ചോദ്യത്തിനായി കാത്തു നില്ക്കാതെ മറിയക്കുട്ടി പറഞ്ഞു തുടങ്ങി. അവള്‍ പോയി. ഇനി ഞാനെങ്ങോട്ടുമില്ല. ഇവിടെയിരുന്നു പ്രാര്‍ത്ഥിക്കും. ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

ഇത് വലിയൊരു സന്ദേശമാണ് നല്കുന്നത്. കര്‍ത്താവ് ഭൂമിയില്‍ കൊടുത്തിട്ടു പോയതും ഇതു തന്നെയാണ്. ഈ സന്തോഷത്തിന് റോക്കറ്റ് ടെക്‌നോളജിയുടെ ആവശ്യങ്ങളൊന്നുമില്ല. കൊച്ചു കൊച്ചു കാര്യങ്ങള്‍. വെറുമൊരു കുരുത്തോലയില്‍ ഇത്രയും സന്തോഷം അവര്‍ക്കാസ്വദിക്കാന്‍ സാധിച്ചെങ്കില്‍ അതാവണം ഓശാന ഞായറിലെ എറ്റവും വലിയ സന്ദേശമെന്ന് ജിതിന്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജിതിന്‍ ക്യാമറയില്‍ പകര്‍ത്തിയ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ഫോട്ടോഗ്രാഫിയില്‍ അതീവ താല്പര്യമുള്ള ജിതിന്‍ കോട്ടയം മാരുതി ഡീലര്‍ഷിപ്പില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. മാന്നാനം കെ ഇ കോളേജില്‍ പഠിക്കുന്ന കാലത്താണ് സുഹൃത്തുക്കളുടെ പ്രചോദനത്തോടെ ഫോട്ടോഗ്രാഫിയിലേയ്ക്ക് തിരിഞ്ഞത്. എങ്കിലും ഏറ്റവും അടുത്ത സുഹൃത്തുക്കളായാ കുരിയപ്പി, സിനുച്ചേട്ടായി, ഈപ്പന്‍ ഇവരൊക്കെയാണ് കാലാകാലങ്ങളില്‍ എല്ലാ വിധ സപ്പോര്‍ട്ടും ചെയ്തു തരുന്നതെന്ന് ജിതിന്‍ പറയുന്നു. അതിരംമ്പുഴയിലെ പ്രസിദ്ധമായ സ്റ്റാര്‍ ബേക്കറിയുടമ ജെയിംസ് ജോസഫാണ് ജിതിന്റെ പിതാവ്. മാതാവ് ബിജി ജെയിംസ്. ജിത്തു, അമല എന്നിവര്‍ സഹോദരിമാരാണ്.

നിശ്ചലമായ ചിത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുക. അത് ചലിക്കുന്നതായി ആസ്വാദക മനസ്സുകളില്‍ എത്തിക്കുക. ഇതാണ് ജിതിന്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ മറ്റുള്ള ഫോട്ടോഗ്രാഫറുമാരുടെ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്.
ജീവന്‍ തുടിക്കുന്ന, വരാനിരിക്കുന്ന ഒരു പുതിയ കാലഘട്ടത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്തണം. അതാണ് എന്റെ ആഗ്രഹമെന്ന് ജിതിന്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ജിതിന്‍ പകര്‍ത്തിയ ചിത്രം ഓശാന ഞായറിന്റെ ആശംസയറിയ്ക്കാന്‍ കേരള ക്രൈസ്തവര്‍ ഉപയോഗിച്ചു തുടങ്ങി.