ഷിബു മാത്യൂ
മിശിഹായുടെ രാജത്വത്തെയും കര്‍തൃത്വത്തേയും അനുസ്മരിപ്പിക്കുന്ന ഓശാന തിരുന്നാള്‍ ലീഡ്സ് സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ നടന്നു. സെന്റ് വില്‍ഫ്രിഡ്സ് ദേവാലയത്തില്‍ ഇന്നലെ രാവിലെ 10.30ന് ചാപ്ലിന് റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ. സ്കറിയാ നിരപ്പേല്‍ സഹകാര്‍മ്മീകത്വം വഹിച്ചു. പാരീഷ് ഹാളില്‍ നിന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഫാ. മാത്യൂ മുളയോലില്‍ കുരുത്തോല വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് നല്കി. തുടര്‍ന്ന് കുരുത്തോലയും കുരിശും വഹിച്ചു കൊണ്ട് വിശ്വാസ സമൂഹം പ്രദക്ഷിണമായി ദേവാലയത്തിലെത്തിന്റെ പ്രധാന കവാടത്തിലെത്തി. തുടര്‍ന്ന് ദേവാലയ കവാടം മുട്ടിത്തുറക്കുന്ന കര്‍മ്മം നടന്നു. ഒരുങ്ങി നിന്ന കന്യകമാര്‍ മണവാളനോടൊത്ത് അകത്തു പ്രവേശിച്ചതിനേയും അല്ലാത്തവര്‍ കര്‍ത്താവേ, തുറന്നു തരണമേ എന്ന് അപേക്ഷിച്ചതിനേയും ഈ തിരുക്കര്‍മ്മം അനുസ്മരിപ്പിക്കുന്നു. വാതില്ക്കല് മുട്ടുന്ന കര്‍ത്താവിനെ ഹൃദയ കവാടം തുറന്ന് സ്വീകരിക്കാനും മിശിഹായെ രാജാവും രക്ഷകനുമായി ഏറ്റുപറയുവാനും ഈ ദിവസം തിരുസഭാ മാതാവ് ആഹ്വാനം ചെയ്യുന്നു. പ്രദക്ഷിണം ദേവാലയത്തിയതിനു ശേഷം ദിവ്യബലി തുടര്‍ന്നു.
ഫാ. സ്കറിയാ നിരപ്പേല്‍ ഓശാന തിരുന്നാള്‍ സന്ദേശം നല്കി. ഈശോയെ വഹിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ കുടുംബങ്ങളില്‍ സന്തോഷം അനുഭവിക്കാന്‍ സാധിക്കത്തുള്ളൂ. കര്ത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്. ആ തിരിച്ചറിവ് നമുക്കുണ്ടാകണം. ഫാ. സ്കറിയാ നിരപ്പേല്‍ തന്റെ ഓശാന തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രസിദ്ധമായ തമുക്ക് നേര്‍ച്ച നടന്നു. ഫാ. മാത്യൂ മുളയോലില്‍ തമുക്ക് നേര്‍ച്ച വെഞ്ചരിച്ചു.
ലീഡ്സ് ചാപ്ലിന്‍സിയിലെ തമുക്ക് നേര്‍ച്ച വളരെ പ്രസിദ്ധമാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ചാപ്ലിന് ആയിരുന്ന റവ. ഫാ. ജോസഫ് പൊന്നേത്ത് തുടങ്ങിവെച്ചതാണ് തമുക്ക് നേര്‍ച്ച. നിലവിലെ ചാപ്ലിന് റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ഇപ്പോഴും പൂര്‍വ്വാധികം ഭംഗിയായി തുടരുന്നു. പള്ളിക്കമ്മറ്റിയാണ് തമുക്ക് നേര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ചാപ്ലിന്‍സിയുടെ കീഴിലുള്ള കുടുംബങ്ങളാണ് തമുക്ക് നേര്‍ച്ചയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കുന്നത്.
ചാപ്ലിന്‍സിയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ക്ക് പുറമേ രൂപതയുടെ പല ഭാഗങ്ങളില്‍ നിന്നും ധാരാളം വിശ്വാസികള്‍ ഇക്കുറി തമുക്ക് നേര്‍ച്ചയ്ക്കെത്തി. ചാപ്ലിന്‍സിയുടെ അകത്തു നിന്നും പുറത്തു നിന്നുമായി എത്തിച്ചേര്‍ന്ന എല്ലാ വിശ്വാസികള്‍ക്കും ഫാ. മാത്യൂ മുളയോലില്‍ നന്ദി പറഞ്ഞു..
Leave a Reply