കോട്ടയം പാമ്പാടിയില്‍ ബസപകടം നടന്നു യാത്രക്കാർ ചോര വാർന്ന് കിടക്കുമ്പോൾ കണ്ണിൽ ചോരയില്ലാത്തവരായി മോട്ടോർ വാഹന വകുപ്പ് അധികൃതർ. നെടുംകുഴി ജംക്ഷനിൽ ബസപടകം നടക്കുമ്പോൾ ഇതു വഴിയെത്തിയ മോട്ടോർ വാഹന വകുപ്പിന്‍റെ ഉദ്യോഗസ്ഥര്‍ വാഹനം നിർത്താതെ കടന്നു കളഞ്ഞു. നാട്ടുകാർ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോട്ടോർവാഹന വകുപ്പിന്‍റെ രക്ഷപ്പെടല്‍ കാഴ്ച കണ്ടത്.
പാമ്പാടി നെടുംകുഴി ജംക്ഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കെഎസ്ആര്‍ടിസി ബസ് തോട്ടിലേക്ക് മറിഞ്ഞത്. സമീപത്തെ ഹോട്ടലിന്‍റെ പാർക്കിങ് ഏരിയായിൽ നിന്നു അശ്രദ്ധയോടെ ഓട്ടോറിക്ഷ വട്ടം ചുറ്റിച്ചു റോഡിലേക്കു കയറ്റിയതാണ് അപകടകാരണമായത്. ഓട്ടോയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് റോഡിന്റെ തിട്ടയിൽ നിന്നു കുഴിയിലേക്കു മറിഞ്ഞു. കുമളിയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം കണ്ട് നാട്ടുകാരും അതുവഴി വന്ന മറ്റു വാഹനങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതേ സമയം എതിർദിശയിൽ നിന്നും മോട്ടോർ വാഹനവകുപ്പിന്‍റെ വാഹനം വരുന്നത് സിസിടിവിയിലുണ്ട്.
രക്ഷാപ്രവര്‍ത്തിന് ഓടിയെത്തുന്ന ആളുകളിൽ ഇടിക്കാതിരിക്കാൻ നോക്കിയ വാഹനം അപകടം കണ്ടിട്ടും നിര്‍ത്താതെ മുന്നോട്ട് കുതിച്ചു പോയി. ഈ വാഹനത്തിന്‍റെ മുമ്പിലുണ്ടായിരുന്നവർ വരെ വാഹനം നിർത്തി പരുക്കേറ്റവരെ രക്ഷിക്കാൻ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. 24 പേരാണ് ബസിലുണ്ടായിരുന്നത്. നിസാര പരുക്കുകളോടെ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ നിര്‍ത്താതെ പോയ മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Leave a Reply