പൂന്തോട്ടത്ത് വിനയകുമാർ

ചുറ്റുപാടെല്ലാം കാട് പിടിച്ചു കിടന്ന, ഇഴജന്തുക്കൾ യഥേഷ്ടം അർമാദിക്കുന്ന വിജനമായ പണ്ടാറക്കാവിനുള്ളിൽ നിന്നപ്പോൾ മുത്തശ്ശൻ പണ്ട് പറഞ്ഞുതന്ന കാര്യങ്ങൾ ‘അരുണിമ’യുടെ മനസിലൂടെ നൂൽ മഴയായി പെയ്തിറങ്ങി… ഈ ലോകമുപേക്ഷിച്ചു മുത്തശ്ശൻ പോയിട്ട് വർഷങ്ങൾ കുറെ ആയെങ്കിലും പണ്ടാറക്കാവിനകത്ത് നിൽക്കുമ്പോൾ മുത്തശ്ശന്റെ നിശബ്ദ സാമീപ്യം അവളനുഭവിക്കുന്നുണ്ടായിരുന്നു……

അതവൾക്കേറെ ധൈര്യവും നൽകി

ആ വിജനതയിൽ ഒറ്റപ്പെട്ട് നിൽക്കുമ്പോൾ ആരൊക്കെയോ കൂട്ടിനുണ്ടെന്നൊരു തോന്നൽ ……. ഒറ്റപ്പെടലിൽ നിന്നും ഒരു മുക്തി ..

മനസിന് ശാന്തി തീരം സൃഷിക്കപ്പെടുന്ന ഏക സ്ഥലം ഒരു പക്ഷെ ഇതായിരിക്കുമെന്നവൾക്ക് തോന്നി…..
മുള്ളു ചെടികളും വള്ളിപ്പടർപ്പുകളും പേരറിയാത്ത ഏതോ പാഴ് മരങ്ങളും കുറ്റിക്കാടുകളും പിന്നെ കാലങ്ങളായി പണ്ടാറക്കാവിന്റെ വിജനതയിൽ മരവിച്ചു നിൽക്കുന്ന ഭൂതകാലത്തിലെ രഹസ്യങ്ങളുടെ മാറാപ്പും പേറി ജീർണവസ്ഥയിലുള്ള കരിങ്കൽ ഭിത്തികളിൽ നിന്നും അടർന്നു വീണുകിടക്കുന്ന കുമ്മായത്തിന്റെയും കരിങ്കൽ ചീളുകളുടെയും ബാക്കി പത്രങ്ങൾ പണ്ടാറക്കാവിന്റെ ഭീകരത വര്ധിപ്പിക്കുന്നതുപ്പോലെ അരുണിമയ്ക്കു തോന്നി.

അവിടെ , ആത്മാക്കളുടെ സ്പന്ദനങ്ങൾ അവൾ തൊട്ടറിയുന്നു……
ഇക്കാലമത്രയും കഴിഞ്ഞിട്ടും ആരും ഒറ്റയ്ക്ക് കടന്നു ചെല്ലാൻ ധൈര്യപ്പെടാത്ത ഒരിടം, അതാണ് … പണ്ടാറക്കാവ് ….. അവിടെയാണ് അരുണിമ ഒറ്റയ്ക്കെത്തിയിരിക്കുന്നത്…
കഴിഞ്ഞ ഏതോ കാലത്തിൽ ജീവനുള്ള ശരീരങ്ങളെ അപ്പാടെ ചുട്ടെരിച്ച പണ്ടാറക്കാവ്….
വെന്ത ശരീരത്തിന്റെ മണം അവിടെല്ലാം ഒഴുകിപ്പരക്കുന്നതുപോലെ അരുണിമയ്ക്ക് തോന്നി…
മുത്തശ്ശന്റെ വാക്കുകളിൽ …” വസൂരി രോഗത്തിന് മരുന്നില്ലാതെ പടർന്നു പിടിച്ച സമയം ….അങ്ങനെ രോഗം പിടിക്കുന്നവർ ..ഉറ്റവരും ഉടയവരും ..തിരിഞ്ഞു നോക്കാതിരുന്നൊരു ദാരുണമായ അവസ്ഥ…..
രോഗം മൂർച്ഛിക്കുന്നവരെ കൊണ്ട്ചെന്നുപേക്ഷിക്കുന്ന…ആകാശ മലകൾക്കപ്പുറത്തുള്ള ആരും കാണാനോ…ചെല്ലാനോ പാടില്ലാത്ത പണ്ടാറക്കാവ് “-..!
വസൂരി രോഗം വന്ന് മൂർച്ഛിച്ചവരെയും മരിച്ചവരെയും മൃത പ്രായമായവരെയും ഇടവേളകിൽ എണ്ണം കൂടുന്നതിനനുസരിച്ചു ചുട്ടു കരിച്ചിരുന്ന പണ്ടാരക്കാവ്…..!
എത്രയോ ജീവനുകൾ പ്രാണനുവേണ്ടി കേണു വിലപിച്ചിട്ടുണ്ടാകാം …..
ഒരിറ്റ് ദാഹജലത്തിനു വേണ്ടി യാചിച്ചിട്ടുണ്ടാകാം …
ചെറിയ കാറ്റു വീശിയപ്പോൾ വിദൂരങ്ങളിലെവിടെയോ എന്നോ ഈ ഭൂമിയിൽയിൽ നിന്നും ഉടലറ്റ ഉയിരിന്റെ നേർത്ത വിലാപങ്ങൾ കാതുകളിലേക്കു ചാട്ടുളിപോലെ വന്നലച്ചു തല്ലി
കടന്നുപോയ്ക്കൊണ്ടിരുന്നു…….
പ്രേതാത്മാക്കളുടടെയും പരമാത്മാക്കളുടെയും വിഹാര കേന്ദ്രം എന്നൊക്കെ ആളുകൾ പറയുന്നു
ദുഷ്ടത കൂടുമ്പോൾ പണ്ടാരക്കാവിലെ ആത്മാക്കൾ കൂടുതൽ ശക്തി പ്രാപിച്ചു ഉണരുകയായി…..
പിന്നെ , കളകൾ പിഴുതെടുക്കുന്ന ദിവസങ്ങൾ …..!!!
മുത്തശ്ശന്റെ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി…..”- ഓരോ ദുഷ് പ്രവർത്തികൾക്കും ദൈവം തീർച്ചയായും ദൈവം തന്റെ നോട്ട് ബുക്കിൽ രേഖപ്പെടുത്തുന്നുണ്ട് ….അതനുഭവിക്കാതെ ആർക്കും പെട്ടെന്ന് ഈ ഭൂമിയിൽ നിന്നും പടിയിറങ്ങിപ്പോകാമെന്ന് കരുതേണ്ട …..”-
അത് കാറ്റിനൊപ്പമാകും… മഴക്കൊപ്പമാകും …കനത്ത ഇരുട്ടിന്റെ മറവിലോ , ആളൊഴിഞ്ഞ വിജനതയിലോ ഒക്കെ ആകാം ….. കാലം ഒരുക്കുന്ന ഒരു ചാക്രിക പ്രക്രിയയാണ് ….ഇത് ഒരു പേരിൽ അല്ലെങ്കിൽ മറ്റൊരു പേരിൽ അവർത്തിക്കപ്പെടുകതന്നെ ചെയ്യും ..അതാണ് കാലത്തിന്റെ കരവിരുത് ….”-
അവിടെ അപ്പോൾ ശവം കത്തിയെരിയുന്ന ഗന്ധം അനുഭവപ്പെടും…
നല്ല മനുഷ്യർക്ക് അത് അനുഭവപ്പെടുകയില്ല…
ദുർവിചാര മനസുകളിൽ അവർ തീ മഴ വാർഷിക്കുമത്രേ…
കനത്ത ഇരുളിൽ കണ്ണ് മൂടിക്കെട്ടി ദുഷ്ടജന്മങ്ങളെ ചിലപ്പോൾ കുറച്ചകലെയുള്ള ചാത്തൻ കുളത്തിലേ നിഗൂഢ ആഴങ്ങളിലേക്ക് താഴ്ത്തുകയും ചെയ്യും…
അറുകൊല പിശാചുക്കൾ ഉഗ്ര നൃത്തം ചെയ്യും … അത് , കാല നീതിയാണ്….
അറിവുകളുടെ ഒരു ബണ്ടാരമായിരുന്നല്ലോ അരുണിമയുടെ മുത്തശ്ശൻ … ഒരു പാട് അനുഭവങ്ങൾ കൈമുതലായുള്ള മുത്തശ്ശൻ …

കുട്ടികൾ നല്ല നല്ല കഥകൾ കേട്ട് വളരണം എന്നുപദേശിച്ച , കഥകൾ പറഞ്ഞു തന്നിരുന്ന മുത്തശ്ശൻ … ഒരു പക്ഷെ മുത്തശ്ശന്റെ ആത്മാവും ഇവിടെയൊക്കെ ച്ചുറ്റിത്തിരിയുന്നുണ്ടാവാം …തന്നെ കാണുന്നുമുണ്ടാവും….പിന്നെന്തിനു പേടിക്കണം ….
പണ്ട് ആ ചുറ്റുവട്ടത്തിൽ എരിഞ്ഞു കത്തിയ വിറകിന്റെ ചൂട് അവൾക്കിപ്പോഴും അവിടെ വരുമ്പോൾ അനുഭവപ്പെടുന്നു…ആ പുക പടലങ്ങൾ അവൾ കാണുന്നു. …..
കോവിഡ്- മഹാമാരിയിൽ മനുഷ്യ ജന്മങ്ങൾ ലോകത്തിലെമ്പാടും തന്റെ നാട്ടിലും ഉയിരെടുത്തു പോയ പ്പോൾ രണ്ടാമതൊന്നാലോചിക്കാൻ പോലുമാകാതെ നിസ്സഹായാവസ്ഥയിൽ ഉടലുകൾ കത്തിച്ചു കളഞ്ഞ വസൂരിക്കാലവുമായി ഒരു പരസ്പ്പര ബന്ധമുണ്ടെന്നവൾക്ക് തോന്നി…… മരിച്ചവരെ അകലെ നിന്ന് നോക്കാൻ മാത്രം അനുവദിക്കപ്പെട്ടത് വിധിയുടെ വിളയാട്ടം തന്നെ …തുടരുന്ന അവർത്തങ്ങൾ …..!!
“ വരും കാലങ്ങളിൽ ‘തൊണ്ണൂറ്റി ഒമ്പതിലെ’- വെള്ളപ്പൊക്കം ഇനിയും അവർത്തിക്കപ്പെടും “- .. ……… മുത്തശ്ശൻ പറഞ്ഞ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി …”ദുര മൂത്ത മനുഷ്യന്റെ സമ്പാദ്യങ്ങൾ കൊള്ളയടിച്ചു , അവന്റെ രമ്യ ഹർമ്മ്യങ്ങളിൽ നിന്നും പിടിച്ചിറക്കി…അവന്റെ അവകാശം എന്നേക്കുമായി അവസാനിപ്പിക്കേണ്ടി വരുന്ന …അഭയാര്ഥിയാകുന്ന ഒരു കാലവും കടന്നു വരും……”-
ഓരോ കാലഘട്ടത്തിലും പഴയതിന്റെ അവർത്തനങ്ങൾ ഭൂമിയിൽ സംഭവിച്ചു കൊണ്ടിരിക്കും ….
മുത്തശ്ശൻ പറഞ്ഞ വാക്കുകളുടെ അർത്ഥങ്ങളും മുനകളും വാസ്തവത്തിൽ അരുണിമയ്ക്ക് പൂർണ്ണമായി മനസിലായില്ല…പക്ഷെ , എന്തോ കാര്യമായ സംഗതിയാണെന്നു മാത്രം അവൾക്കറിയാമായിരുന്നു.
മുത്തശ്ശൻ പറഞ്ഞതിന്റെ പൊരുൾ വ്യക്തമായി ഇപ്പോൾ വ്യതമായി മനസ്സിലാവുന്നു….
മുത്തശ്ശൻ ലോകമുപേക്ഷിച്ചു പോയതിന് ശേഷം അവയെല്ലാം പറഞ്ഞതുപോലെ ഒന്നൊന്നായി സംഭവിച്ചത് നേരിൽ ലോകം കണ്ടല്ലോ….
ദുരിതപ്പെരുമഴയിൽ നാട് മുഴുവൻ മുങ്ങിയപ്പോൾ മറ്റൊരു ‘ തൊണ്ണൂത്തൊമ്പത് ‘ ആവർത്തിക്കപ്പെടുകയായിരുന്നു …….!
ആവർത്തനത്തിൽ നിലയില്ലാതെ കുത്തിയൊഴുകുന്ന പുഴ വെള്ളത്തിൽ ആടും പശുവും നായയും കോഴിയും ഒപ്പം മനുഷ്യരും ചത്ത് മലച്ചൊഴുകുന്നത് അവൾ നേരിൽ കണ്ടിരിക്കുന്നു …!!
തനിയാവർത്തങ്ങൾ വീണ്ടും ……. കാലം കാത്തു വെച്ച കണക്കുകൾ ……
അവൾ കണ്ണുകളടച്ചു നിന്നു…..
ഒരു നിമിഷത്തിൽ അവളുടെ മനസിലേക്ക് ചില വിചാരങ്ങൾ കടന്നൽ കൂട് ഇളകിവരുന്നത് ചേക്കേറി …..പിന്നെ മനസിനുള്ളിൽ ആ കടന്നലുകൾ മുറിവേൽപ്പിച്ചു മനസിന്റെ ലോല ഭിത്തികളെ വേദനിപ്പിക്കാനും…
കത്തിയെരിയുന്ന തെരുവുകൾ ….. ഇരമ്പിപ്പായുന്ന ജനക്കൂട്ടം …..
വ്യക്തമായിക്കാണുന്ന കാഴ്ചകൾ അവളുടെ കണ്മുൻപിൽ …..
അന്യ ദേശക്കാരുടെ പരാക്രമത്തിനിടെയിൽ സ്വന്തം സമ്പാദ്യം ഉപേക്ഷിച്ചു പോകുന്ന ഒരു ജനത…
എല്ലാമുപേക്ഷിച്ചു കൈയിൽ കിട്ടിയ സാധങ്ങളുമായി പലായനം ചെയ്യുന്ന ഒരു പട്ടണം മുഴുവൻ …കൈകുഞ്ഞുങ്ങളുണ്ട് , സ്ത്രീകളുണ്ട് , അവശരുണ്ട് , സമ്പത്തുള്ളവരുണ്ട് , ……ഓട്ടപ്പാച്ചിലിനിടയിൽ അവർക്ക് സ്വന്തം ജീവൻ മാത്രം മതിയെന്നും അവൾക്കു മനസിലായി…….
അവരുടെ കൈയിൽ ഭാണ്ഡക്കെട്ടുണ്ട് , കൈക്കുഞ്ഞുങ്ങളുണ്ട് ….
ജലപാനം കൊടുക്കാതെ , ആട്ടിയോടിക്കുന്ന അന്യദേശക്കാർ …..
അവർത്തനങ്ങൾ………!!
അവൾ ഒരു ഞടുക്കത്തോടെ കണ്ണുകൾ തുറന്നു….
അരുണിമ ഒന്ന് കിതച്ചു ….ഏതോ ഒരു ദുഃസൂചന..
അവൾക്ക് ആദ്യമായി ഭയം തോന്നി
മുത്തശ്ശൻ പറഞ്ഞ മൂന്നാമത്തെ ആവർത്തനം …..!!!
പണ്ടാറ കാവിലേക്കുള്ള പകലിന്റെ വെളിച്ചം കുറഞ്ഞു തുടങ്ങിയിരിക്കുന്നു… നേരം വൈകാതെ സന്ധ്യയാകും ….
അവൾ പണ്ടാരക്കാവിന്റെ പൊളിഞ്ഞ മതിൽ കെട്ടിനുള്ളിൽ നിന്നും പുറത്തു കടന്നു വേഗം വീട്ടിലേക്ക് തിരിച്ചു നടന്നു………
**

 

പൂന്തോട്ടത്ത് വിനയകുമാർ

ഖത്തറിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളും ആകാശവാണിയിലുമായി നൂറിലധികം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

രണ്ടു കഥാ സമാഹാരം – ഒറ്റവഴിയിലെ വീട് , കാപ്പച്ചിനോ