ഡോ. ഐഷ വി

വീട് വൃത്തിയാക്കുന്നതിനിടയിലും മറ്റു ജോലികൾക്കിടയിലും രഘുപതി അവരുടെ കുടുംബ ചരിത്രം പറഞ്ഞു കൊണ്ടേയിരുന്നു.

തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ അവർണ്ണ സമുദായത്തിൽ പെട്ടൊരാൾ സവർണ്ണ സമുദായത്തിൽപ്പെട്ട ഒരു കുടുംബത്തിന്റെ 2 ഏക്കർ സ്വത്ത് പണയമായി വാങ്ങി. അതിൽ കൃഷി ചെയ്തു . ആ പറമ്പിൽ ഒരു വീടു വച്ചു. ഭാര്യയുമൊത്ത് അവിടെ താമസമാക്കി. കൃഷി ചെയ്യുന്നുണ്ടെങ്കിലും കുലത്തൊഴിലായ ക്ഷുരക വൃത്തി തുടർന്നു. അതിനാൽ കിട്ടുന്ന കാശ് സ്വരൂപിച്ച് വസ്തുവിന്റെ വില സവർണ്ണർക്ക് കൊടുത്തു. കൊടുത്ത കാശിന്റെ രേഖകളും സൂക്ഷിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ സവർണ്ണൻ അവർണ്ണനെതിരെ കേസു കൊടുത്തു. വസ്തു തിരികെ ലഭിക്കണമെന്നായിരുന്നു ആവശ്യം. കാശു കൊടുത്തതിന്റെ രേഖകൾ ഉണ്ടായിരുന്നതിനാൽ കേസിൽ അന്തിമ വിജയം അവർണ്ണനായിരുന്നു.

കാലം കടന്നുപോയി. അവർണ്ണനും ഭാര്യയ്ക്കും കുട്ടികളിലായിരുന്നു. അയാൾ അയാളുടെ സഹോദരീ പുത്രൻ നാരായണനേയും അയാളുടെ ഭാര്യ അവരുടെ സഹോദരീ പുത്രിയേയും ദത്തെടുത്തു. രണ്ടു കുട്ടികളും ആ വീട്ടിൽ താമസിച്ച് സ്കൂളിൽ പോയി. പ്രായപൂർത്തിയായപ്പോൾ രണ്ടു കുട്ടികളേയും തമ്മിൽ വിവാഹം കഴിപ്പിച്ചു. തന്റെ രണ്ടേക്കർ സ്ഥലം അയാൾ നാരായണന്റെ പേരിൽ എഴുതി കൊടുത്തു. നാരായണൻ അതിൽ കൃഷി ചെയ്തു. പറമ്പിന്റെ അതിരിൽ പനകൾ തലയുയർത്തി നിന്നു . പറമ്പിൽ മരച്ചീനി കൃഷിയായിരുന്നു കൂടുതൽ. അവരുടെ വിശപ്പടക്കാനുള്ള പനം നുങ്ക്, പനംചക്കര , പനംകള്ള്, കപ്പ എന്നിവ ആ പറമ്പിൽ നിന്നും ലഭിച്ചു.

നാരായണനും ഭാര്യയ്ക്കും അഞ്ചാറ് മക്കൾ പിറന്നു കഴിഞ്ഞപ്പോഴാണ് നാരായണന് സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടു തുടങ്ങിയത്. തന്റെ അമ്മാവൻ ക്ഷുരകപ്പണി നിർത്താതിരുന്നതു കൊണ്ട് കൈയ്യിൽ കാശുണ്ടായിരുന്നു. എന്നാൽ നാരായണൻ ആ പണി ചെയ്യില്ല എന്ന് ദൃഢ പ്രതിജ്ഞയെടുത്തിരുന്നു. അതിനൊരു കാരണമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ നാരയണന്റെ ഒരു ബന്ധു സവർണ്ണരിൽ നിന്നും കുറച്ച് ധനം കടമായി വാങ്ങി. നാളുകൾ ഏറെ കഴിഞ്ഞിട്ടും അവർക്കത് വീട്ടാൻ കഴിഞ്ഞില്ല. അവരുടെ പ്രായപൂർത്തിയാകാത്ത മകനെ സവർണ്ണർ കടംകൊടുത്ത ധനത്തിന് പകരമായി കൊണ്ടുപോയി. വീണ്ടും കുറേക്കാലം കഴിഞ്ഞു. ആ കുട്ടിയുടെ അമ്മ ചന്തയിൽ പോയിട്ട് വരുന്ന വഴി കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു. വയലിൽ കലപ്പ വച്ച് ഉഴുതുകൊണ്ടിരിയ്ക്കുന്നതിൽ കലപ്പയുടെ ഒരു തണ്ടിന്റെയറ്റത്ത് തന്റെ മകനും മറ്റേ തണ്ടിൽ കാളയും. കാളയും കുട്ടിയും കലപ്പ വലിയ്ക്കുന്നത് ഉഴപ്പിയാൽ ഉഴുന്നവന്റെ കൈയിലിരിയ്ക്കുന്ന ചാട്ടവാർ കാളയുടേയും കുട്ടിയുടെയും ദേഹത്ത് മാറി മാറി പതിയ്ക്കും. ഈ കാഴ്ച കണ്ട അമ്മ മോഹാലസ്യപ്പെട്ടു വീണു. പിന്നീടെപ്പോഴോ ബോധം വന്നപ്പോൾ അവർ വീട്ടിലാണ്. ആരൊക്കെയോ കൂടി അവരെ വീട്ടിലെത്തിച്ചിരുന്നു. അവർ വിവരം വീട്ടിൽ പറഞ്ഞു. അവരുടെ ആൾക്കാർ ഒത്തുകൂടി സവർണ്ണരുടെ വീട്ടിൽ കുട്ടിയെ തിരികെ ചോദിയ്ക്കാനായി പോയി. എന്നാൽ അവർക്ക് കുട്ടിയെ തിരികെ കിട്ടിയില്ലെന്ന് മാത്രമല്ല, ഒന്ന് കാണാൻ കൂടി കിട്ടിയില്ല. വീണ്ടും കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ വയലിൽ കുഴിച്ചിട്ട നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

തലമുറകൾ കൈമാറി കേട്ടറിഞ്ഞ ബന്ധുവീട്ടിലെ ഈ സംഭവമാണ് മറ്റുള്ളവർക്കു വേണ്ടി താൻ പണി ചെയ്യില്ല എന്ന് നാരായണൻ ദൃഢപ്രതിജ്ഞയെടുക്കാനുണ്ടായ കാരണം. അതിനാൽ നാരായണൻ കുലത്തൊഴിൽ പഠിച്ചതുമില്ല. ചെയ്തതുമില്ല. രഘുപതിയുടെ ഭാഷയിൽ പറഞ്ഞാൽ മരച്ചീനിക്കുഴി വെട്ടിയും നട്ടും വെയിലു കൊണ്ടും മക്കളെ വളർത്താൻ അച്ഛൻ വളരെ കഷ്ടപ്പെട്ടു. കൃഷിപ്പണിയിൽ നിന്നു മാത്രമുള്ള വരുമാനവുമായി നാരായണനും ഭാര്യയും മക്കളും വളർത്തച്ഛനോടും വളർത്തമ്മയോടുമൊപ്പം ആ വീട്ടിൽ കൂട്ടുകുടുംബമായി കഴിഞ്ഞു.

ഓല മേഞ്ഞ ആ വീട്ടിൽ ചാണകം മെഴുകിയിരുന്ന രീതിയെ കുറിച്ചും ഒരു നാൾ രഘുപതി പറഞ്ഞു. രഘുപതി സ്കൂളിൽ പഠിപ്പിക്കുന്ന കവിതകൾ നന്നായി ചൊല്ലുമായിരുന്നു. അതിനാൽ അധ്യാപകർക്കും സഹപാഠികൾക്കും രഘുപതിയെ വളരെ ഇഷ്ടമായിരുന്നു. രഘുപതി എല്ലാ പവൃത്തിദിവസവും സ്കൂളിലെത്തുന്ന പ്രകൃതക്കാരിയായിരുന്നു. ഒരിക്കൽ രഘുപതിയ്ക്ക് കടുത്ത പനി ബാധിച്ച് സ്കൂളിൽ പോകാനാകാതെ വന്നു. രഘുപതിയെ കാണാനെത്തിയ കൂട്ടുകാരിയോട് പനി ബാധിച്ചതിനാൽ സ്കൂളിൽ പോകാനാകാത്തതിന്റെ വിഷമം പങ്കു വച്ചു. കൂട്ടുകാരി ഈ വിവരം സ്കൂളിൽ അധ്യാപകരെ അറിയിച്ചു. അധ്യാപകരും വിദ്യാർത്ഥികളും കൂടി അന്നു വൈകുന്നേരം രഘുപതിയെ കാണാനെത്തി. രഘുപതിയുടെ അക്കമാർ പനം ചക്കര കാപ്പിയുണ്ടാക്കി അവർക്ക് നൽകി. അസാധാരണമായ നിറത്തിലുള്ള ചാണകം മെഴുകിയ തറ നോക്കി അവർ അതിന്റെ രഹസ്യമന്വേഷിച്ചു. ഓരോ ദിവസവുമുള്ള ചെമ്പരത്തിപൂവ് പറിച്ച് വെള്ളത്തിലിട്ട് വച്ചിരിയ്ക്കും. തറയിൽ ചാണകം മെഴുകുന്ന ദിവസം ഈ ചെമ്പരത്തി പൂക്കൾ ഞരടി വെള്ളത്തിൽ ചേർത്ത് അരിച്ചെടുത്ത വെള്ളത്തിൽ ചാണകം കലക്കി മെഴുകുമ്പോഴാണ് തറയ്ക്ക് ഇത്രയും നല്ല നിറം വരുന്നത് എന്ന വിവരം രഘുപതി അവർക്ക് പറഞ്ഞു കൊടുത്തു.

രഘുപതിയുടെ കാവ്യ മാധുരി ഉപദേശ രൂപേണ കേൾക്കാൻ ഒരിക്കൽ എനിയ്ക്കിട വന്നു.
ഞാനും ഭർത്താവും ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ ജോലി ചെയ്യുന്ന കാലം. കൈ കുഞ്ഞായ മകനെ രഘുപതിയെ ഏൽപ്പിച്ച് പിറ്റേന്ന് ക്ലാസ്സെടുക്കേണ്ട പാഠഭാഗങ്ങൾ ഞങ്ങൾ രണ്ടു പേരും നോക്കുകയായിരുന്നു. പകലും രാത്രിയും കുഞ്ഞിനെ നോക്കി അവർ മടുത്തു കാണണം. മകനെ തൊട്ടിലിലിട്ട് ആട്ടിക്കൊണ്ട് അവർ നാലാം ക്ലാസ്സിൽ പഠിച്ച പാഠഭാഗം ഈണത്തിൽ പാടി.
‘ അമ്മതൻ വാത്സല്യ ദുഗ്ദം നുകർന്നാലേ പൈതങ്ങൾ പൂർണ്ണ വളർച്ച നേടൂ!”

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.