പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. സംഭവത്തിൽ സംസ്ഥാന കമ്മറ്റിക്ക് യാതൊരു ബാധ്യതയുമില്ലെന്ന് പറഞ്ഞ അദ്ദേഹം, കേസുമായി ബന്ധപ്പെട്ട ഒന്നിലും ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ഇങ്ങോട്ട് ആക്രമിക്കപ്പെടുകയും സഖാക്കളെ കൊല്ലുകയും ചെയ്തപ്പോൾ അക്രമിക്കില്ലാ എന്ന നിലപാട് പാർട്ടി സ്വീകരിച്ചതാണെന്നും ജനങ്ങളെ അണിനിരത്തുകയാണ് ഞങ്ങളുടെ പരിപാടിയെന്നും ​ഗോവിന്ദൻ പറഞ്ഞു.

പാനൂർ കേസിൽ പ്രതിപ്പട്ടികയിലുള്ളവർ പാർട്ടിയുടെ പോഷക സംഘടനയായ ഡിവൈഎഫ്ഐയിൽ ഉള്ളവരാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് ഡിവൈഎഫ്ഐക്കാരോട് ചോദിക്കെന്നായിരുന്നു എം.വി ഗോവിന്ദന്‍റെ മറുപടി. ഞങ്ങൾക്ക് പോഷക സംഘടനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഫോടനത്തെക്കുറിച്ചുള്ള മറ്റു ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം, മാധ്യമപ്രവർത്തകർക്കുമുൻപിൻ തന്റെ അസ്വസ്ഥത പലപ്പോഴായി പ്രകടമാക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുൽത്താൻ ബത്തേരിയുടെ പേര് ​ഗണപതിവട്ടം എന്ന് മാറ്റണമെന്നുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ആ​ഗ്രഹം മാത്രമാണെന്നും ​ഫാസിസം വന്നാൽ മാത്രമേ ഇതെല്ലാം നടക്കൂ എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇന്ത്യയിലെ പുരാണസംവിധാനങ്ങളുടെ ഭാ​ഗമായുള്ള പേര് നൽകാനും ചരിത്രപരമായ പേരുകൾ ഒഴിവാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കേരളത്തിൽ ഇതൊന്നും വിലപ്പോവില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്കെതിരെ ടി.ജി നന്ദകുമാർ ഉന്നയിച്ച കോഴ ആരോപണത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കി. ​നന്ദകുമാറിനെ വിശ്വസിക്കാൻ പറ്റില്ല. എന്നാൽ, നന്ദകുമാറിനെ പോലെ ഒരാൾ പറയുന്നത് മുഴുവൻ തള്ളിക്കളയാനും കഴിയില്ല. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിക്കൊടുത്തു എന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് പുറത്തുവന്നത്. അതിനാൽ വിശദമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണം, ഗോവിന്ദൻ പറഞ്ഞു.