മെട്രിസ് ഫിലിപ്പ്
ദൈവത്തിന്റെ സ്വന്തം നാട്ടിലെ മലയാളികൾ, ഇന്ന് ലോകം മുഴുവനിലും ഉണ്ട്. അങ്ങ് ചന്ദ്രനിൽ പോയാൽ, കുമാരേട്ടന്റെ ചായക്കടയിൽ നിന്നും, ഒരു ചായകുടിക്കാൻ പറ്റും എന്നൊരു പറച്ചിലും ഉണ്ട്. പ്രബുദ്ധരായ മലയാളികൾ എന്നാണ് പറയാറ്. ശാസ്ത്ര, സാങ്കേതിക, മെഡിക്കൽ, എന്നുവേണ്ട എല്ലാ മേഖലകളിലും, മലയാളികൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്തും നേടാൻ വേണ്ടി രാവേറെ, പണിയെടുക്കുന്നവരുടെ നാട് എന്നും, കേരളം ഒരു കാലത്ത് അറിയപെട്ടിരുന്നു. സോഷ്യൽ മീഡിയ, ഏറ്റവും അധികമായി ഉപയോഗിക്കുന്നവർ മലയാളികൾ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതു വിഷയം ഉണ്ടായാലും അതിനെ, അനുകൂലിച്ചും പ്രതികൂലിച്ചും കമെന്റ്സ് ഇടാൻ മലയാളികളെ, കഴിഞ്ഞുവേറെ ആളില്ല. അത്രമാത്രം പ്രതികരിക്കുന്നവർ ആണ് മലയാളികൾ.
സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ മടി കാണിക്കുന്നവർ, വിമാനം കയറിയാൽ എന്ത് ജോലി ചെയ്യും. പണ്ട് ഒരു യൂട്യൂബർ, നോർത്ത് ഇന്ത്യയ്ക്ക് പോയ വഴിയിൽ വെച്ച്, റോഡ് സൈഡിൽ, കേബിൾ ഇടാൻ ഉള്ള കുഴി കുത്തുന്ന ഒരു മലയാളിയെ കണ്ടപ്പോൾ, അതിശയിക്കുന്ന കാഴ്ച കണ്ടു. എന്നാൽ നാട്ടിൽ തൂമ്പാ എടുക്കാൻ പറഞ്ഞാൽ “അയ്യേഎന്ന് പറയും”. ഗൾഫിൽ പോയി ആടുജീവിതം നയിക്കാൻ റെഡി ആണ്. എന്നാൽ നാട്ടിൽ രണ്ട് ആടിനെ വളർത്താൻ പറഞ്ഞാൽ “അയ്യേ”, ഒരു സ്റ്റാറ്റസ് ഇല്ലന്നേ. സർക്കാർ ജോലി വേണം. ജോലി കിട്ടുന്നതുവരെ ആള് മിടുക്കൻ. കിട്ടിക്കഴിഞ്ഞാൽ യൂണിയൻ നേതാവാകും.
മലയാളികൾക്കുള്ളിടത്തോളും സഹിഷ്ണത ഉള്ളവർ മറ്റൊരിടത്തും ഇല്ല. അർഹത ഉണ്ടായിട്ടും നേടിയെടുക്കുവാൻ മെനക്കെടാതെ, ഉള്ളത് കൊണ്ട് ഓണം പോലെ എന്ന മനസ്സാണ് അവർക്ക്. അഡ്ജസ്റ്റ് മെന്റ് ചെയ്തോളും. റോഡ് പൊട്ടിപൊളിഞ്ഞു കിടന്നാലും, കാർ വഴിമാറ്റി കൊണ്ട് പോകും. കേരളീയരിൽ കൂടുതൽ ആളുകളും പാവങ്ങളും, ഇടത്തരക്കാരും ഉണ്ട്. കൂടുതൽ ആളുകളും, പബ്ലിക് ട്രാൻസ്പോർട്ട് ആണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. കേരളത്തിൽ വൃത്തിയുള്ള ഒരു ബസ് സ്റ്റാൻഡ് കാണിക്കാമോ. പബ്ലിക്കിന് വേണ്ടി ഒരു നല്ല ടോയ്ലെറ്റ് പോലും നിർമ്മിച്ചു നൽകാൻ സാധിക്കാത്ത സർക്കാരുകൾ. ജനങ്ങളുടെ അവശ്യവസ്തുക്കൾ, നല്ല ഫുഡ് , വെള്ളം, റോഡുകൾ ഇവയെല്ലാം കൃത്യമായി പരിശോധിക്കപ്പെടുന്നുണ്ടോ.
കേരളത്തിലെ സ്ത്രീകളുടെ യാത്രകൾ സുരക്ഷിതമാണോ? അവർക്കു യാത്രകളിൽ വേണ്ടിവരുന്ന ശുചിമുറികൾ വൃത്തിയുള്ളതും, സുരക്ഷിതാവുമായവ, ബസ് സ്റ്റാന്റുകളിലും, ഹൈവേകളിൽ ലഭിക്കുന്നുണ്ടോ?
കോവിഡ് കൊണ്ട് ജോലി പോയവർ എത്രയോ ആളുകൾ ഉണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നും അവധിക്ക് നാട്ടിൽ വന്നിട്ട് കുടുങ്ങി കിടക്കുന്നവർ 10 ലക്ഷത്തിന് മുകളിൽ ആണ്. ഒരു വരുമാനവും ഇല്ലാതെ അവരൊക്കെ വിഷമിക്കുകയാണ്. അവർക്ക് എത്രയും പെട്ടന്ന് തിരിച്ചുപോയാൽ മതിയെന്നായിരിക്കുന്നു.
സർക്കാർ നൽകുന്ന കിറ്റ് കൊണ്ട് ഫുഡ് കഴിക്കാം, എന്നാൽ, മറ്റ് ചിലവുകൾ എങ്ങനെ നടത്തും. എത്രയോ ഷോപ്പുകൾ പൂട്ടി പോയി. ലോണുകൾ തിരിച്ചടയ്ക്കാൻ കഴിയാതെ എത്രയോ കർഷകർ, വ്യാപാരികൾ ആത്മഹത്യചെയ്യുന്നു. ലോക്ക് ഡൗൺ കാലത്ത് ചക്കകൊണ്ട് ഷേക്ക് വരെ ഉണ്ടാക്കി കുടിച്ചു.
സ്കൂളിൽ പോകാൻ സാധിക്കാത്തത് കൊണ്ട് കുട്ടികളിൽ വിഷാദരോഗങ്ങൾ കൂടി വരുന്നു. അങ്ങനെ ആകെ മൊത്തം കേരളം തകർച്ചയിൽ ആണെങ്കിലും, മലയാളികൾക്കു പരാതി ഇല്ല.
എത്ര വലിയ വിവാദങ്ങൾ ഉണ്ടായാലും, അതൊക്കെ അവർ പെട്ടെന്ന് മറക്കും. കാരണം അവർക്ക് അത് കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് അറിയാം. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ മലയാളികളെ കഴിഞ്ഞു മറ്റാരുമില്ലതാനും. വെറും രണ്ടു ദിവസം കൊണ്ട് 18 കോടി ഒരു രോഗിയായകുഞ്ഞിന് വേണ്ടിയും, വെള്ളപ്പൊക്കസമയത്ത് കോടികൾ അയച്ചുകൊടുത്തതും മലയാളികളുടെ നന്മയെ എടുത്തുകാട്ടുകതന്നെ വേണം. അത് കൊണ്ട് തന്നെ മലയാളികൾ പൊളിയാണ്. അടിപൊളി ആളുകൾ. ഒരു പരാതിയും ഇല്ലന്നേ. ഇതൊക്കെ മതിന്നേ, ഉള്ളത് കൊണ്ട് ഓണം പോലെന്ന്, ഉറക്കെപറയുന്ന മലയാളികളുടെ നാട്. ദൈവത്തിന്റെ സ്വന്തം നാട്….കേരളം.
Leave a Reply