പുത്തൻവേലിക്കരയിൽ കാർ തോട്ടിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തുരുത്തൂര്‍ കൈമാതുരുത്തി പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ മേരി (64), ഇവരുടെ മകന് മെല്‍ബിയുടെ ഭാര്യ ഹണി (31), ഹണിയുടെ മകന് ആരോണ്‍ (രണ്ടര) എന്നിവരാണു മരിച്ചത്. കാര്‍ ഓടിച്ചിരുന്ന മെൽബി അത്ഭുതകരമായി രക്ഷപ്പെട്ടു. മെല്‍ബി കാറിന്റെ ഗ്ലാസ് താഴ്ത്തിയാണ് പുറത്തിറങ്ങിയത്.
ശനിയാഴ്ച രാത്രി പത്തേമുക്കാലോടെ പുത്തന്‍വേലിക്കര ഇളന്തിക്കര – ചിറക്കല്‍ പമ്പ്ഹൗസ് റോഡിലായിരുന്നു അപകടം. ബന്ധുവീട്ടിൽ പോയി മടങ്ങവേ ഇവർ സഞ്ചരിച്ചിരുന്ന കാർ കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. കണക്കന്‍കടവ് ഷട്ടര്‍ തുറന്നതിനാല്‍ തോട്ടിൽ ശക്തിയായ ഒഴുക്കും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. വെള്ളം നിറഞ്ഞു കിടന്നിരുന്നതിനാൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. ഈ ഭാഗത്ത് വെട്ടവും ഇല്ലായിരുന്നു. അപകടം നടന്നത് വിജനമായ സ്ഥലത്തായതിനാൽ സമീപവാസികളാരും സംഭവമറിഞ്ഞില്ല.
കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് താഴ്ത്തി പുറത്തിറങ്ങിയ മെല്‍ബി ഭാര്യ ഹണിയെ പുറത്തെടുത്തെങ്കിലും കരയ്ക്കു കയറ്റാനായില്ല. ഈ സമയം ഹണിയുടെ മടിയിലുണ്ടായിരുന്ന കുട്ടി തോട്ടിലൂടെ ഒഴുകിപ്പോകുകയായിരുന്നു.
കടയടച്ച ശേഷം ഇതുവഴി വന്ന സനോജ്, സിനൻ എന്നിവരാണ് തോട്ടില്‍നിന്നു മെല്‍ബിയുടെ നിലവിളി കേട്ട് സംഭവമറിയുന്നത്. തുടർന്ന് സമീപവാസികളെ ഫോണില്‍ വിവരം അറിയിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്.
മാളയില്നിന്നെത്തിയ ഫയര്‍ഫോഴ്സും പുത്തന്‍വേലിക്കര പോലീസും രാത്രി പന്ത്രണ്ടോടെ സംഭവസ്ഥലത്തെത്തി. തുടർന്ന് കാര്‍ ജെസിബികൊണ്ട് ഉയർത്തി കരയിലെത്തിച്ചു. ഹണിയും മേരിയും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം 100 മീറ്റര്‍ അകലെനിന്നാണ് കണ്ടെത്തിയത്. നാലു പേരെയും മാഞ്ഞാലി – ചാലാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. മെല്‍ബിക്ക് പ്രഥമശുശ്രൂഷ നല്കി. ഇരിങ്ങാലക്കുടയില്‍ പാത്താടന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എന്‍ജിനിയറാണ് മെല്‍ബി.
മൂന്നു പേരുടെയും മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ഉച്ചയോടെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തുരുത്തൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം സംസ്കാരം നാലരയോടെ തുരുത്തൂര്‍ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടത്തി.
Leave a Reply