വടക്കൻ പറവൂര്‍ പുത്തൻവേലിക്കരയിൽ യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വിനോദയാത്രയെ ചൊല്ലിയുണ്ടായ തർക്കമെന്ന് പൊലീസ്. പുത്തൻ വേലിക്കര സ്വദേശി സംഗീത് ഞായറാഴ്ചയാണ് കുത്തേറ്റ് മരിച്ചത്. പ്രതികള്‍ ഒളിവിലാണ്.
പുത്തൻവേലിക്കര കൈമാത്തുരുത്തിപടി ശെൽവരാജിന്റെ മകൻ സംഗീതാണ് കഴിഞ്ഞ രാത്രിയിൽ കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോട് പുത്തൻവേലിക്കര കുറുമ്പത്തുരുത്ത് റോഡിലായിരുന്നു സംഭവം.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സംഗീതിനെയും സുഹൃത്ത് ക്ലിന്റിനെയും ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും സുഹൃത്തുക്കള്‍ തന്നെയായിരുന്നു ആക്രമത്തിന് പിന്നിൽ. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ…
കൊല്ലപ്പെട്ട സംഗീതും സുഹൃത്ത് ക്ലിന്റുമായി വിനോദയാത്രയെ ചൊല്ലി പ്രതികള്‍ ഞായറാഴ്ച വൈകുന്നേരം വാക്കു തർക്കത്തിലേർപ്പെടുകയും ഇരുസംഘങ്ങളും പിന്നീട് പിരിഞ്ഞു പോവുകയും ചെയ്തിരുന്നു. എന്നാൽ രാത്രി ഒമ്പത് മണിക്ക് ക്ലിന്റിനെ വീട്ടിലാക്കുവാൻ സംഗീത് ബൈക്കിലെത്തിയപ്പോള്‍ വീടിന് സമീപം കാത്ത് നിന്ന പ്രതികള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ആണ് സംഗീതിന് കുത്തേറ്റത്. തുടർന്ന് രണ്ട് കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച ശേഷം ബസാർ ഭാഗത്ത് വച്ച് സംഗീത് കുഴഞ്ഞു വീണു. നാട്ടുകാർ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും സംഗീതിനെ രക്ഷിക്കാനായില്ല. പ്രതികളും കൊല്ലപ്പെട്ട സംഗീതും ലഹരിക്കടിമകളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
Leave a Reply