ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റ് കാവല്‍ഭടനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് തെരയുന്ന പ്രധാനപ്രതി സേലത്ത് അപകടത്തില്‍ മരിച്ചതായും രണ്ടാം പ്രതി സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ച് ഭാര്യയും മകളും മരിച്ചതായും റിപ്പോര്‍ട്ട്.

ഒന്നാം പ്രതി കനകരാജ് സേലത്ത് വെച്ച് അപകടത്തില്‍ പെട്ടപ്പോള്‍ രണ്ടാം പ്രതി കെ വി സയനും കുടുംബവും സഞ്ചരിച്ച കാര്‍ പാലക്കാട് കണ്ണാടിയിലാണ് അപകടത്തില്‍ പെട്ടത്. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും അപകടം സംഭവിച്ചത് ദുരൂഹതയാണ്. പാലക്കാട് കണ്ണാടി ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെ 5.50 നായിരുന്നു ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ചത്. തുടര്‍ന്ന് സയന്റെ ഭാര്യ വിനുപ്രിയ (30) മകള്‍ നീതു (അഞ്ച്) എന്നിവരാണ് മരിച്ചത്. ഇടിച്ച കാര്‍ കൊലപാതക ദിവസം എസ്‌റ്റേറ്റില്‍ പോകാന്‍ ഇവര്‍ ഉപയോഗിച്ചതാണെന്ന് പോലീസിന് സംശയമുണ്ട്. വിനുപ്രിയയുടെ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. ഇത് ആത്മഹത്യാശ്രമത്തിന്റെ ഭാഗമായിരുന്നോ എന്നും സംശയം ഉയരുന്നുണ്ട്.നിര്‍ത്തിയിട്ടിരുന്ന തങ്ങളുടെ ലോറിയില്‍ കാര്‍ വളഞ്ഞ് ഇടിക്കുകയായിരുന്നു എന്നാണ് ലോറി ഡ്രൈവര്‍ പറയുന്നത്. സയനെ സാരമായ പരിക്കുകളോടെ കോയമ്പത്തൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇയാളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

അതിനിടയില്‍ കനകരാജിന്റെ മരണം അപകടമല്ല ഏറ്റുമുട്ടലിലാണെന്നും സംശയം ഉയരുന്നുണ്ട്. ജയലളിതയുടെ വേനല്‍ക്കാല വസതിയാണ് ഊട്ടിയിലെ കോടനാട് എസ്‌റ്റേറ്റ്. ഇവിടെ സ്വര്‍ണ്ണവും പണവുമായി വന്‍ സമ്പത്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് അഭ്യൂഹം. ഇതേ തുടര്‍ന്നാണ് ഇവിടെ കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.തിങ്കളാഴ്ചയാണ് നീലഗിരി ജില്ലയിലുള്ള കോടനാട് എസ്റ്റേറ്റിലെ ഓം ബഹദൂര്‍ എന്ന സെക്യൂരിറ്റി ഗാര്‍ഡ് മോഷണശ്രമത്തിനു ഇടയില്‍  മരിച്ചത്. 900 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന എസ്റ്റേറ്റിലെ 10ാം നമ്പര്‍ ഗേറ്റിലൂടെയാണ് അക്രമി സംഘം അകത്തുകടന്നത്. ജയലളിതയുടെ സ്വത്ത് വകകളുടെ അവകാശം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടയിലുള്ള എസ്റ്റേറ്റിലെ അക്രമം ഗൗരവമായാണ് പൊലീസ് കാണുന്നത്.