‘പര്‍ദ’ പിന്‍വലിച്ച പവിത്രന്‍ തീക്കുനിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ. സെക്‌സി ദുര്‍ഗ്ഗ പാടില്ല. പത്മാവതി പാടില്ല. ഗൗരിയും പന്‍സാരയും കല്‍ബുര്‍ഗിയും വേണ്ട. ഫ്‌ലാഷ് മോബ് വേണ്ട. പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ മതി. പച്ചയ്ക്ക് കത്തിക്കുന്നു. തല്ലി ചതയ്ക്കുന്നു. കൈ വെട്ടുന്നു. മഹാഭാരതം എന്ന് സിനിമയ്ക്ക് പേരിടരുത്. അങ്ങനെയങ്ങനെ പല മതങ്ങള്‍ വികാരത്തില്‍ ഒരേ ഭാവത്തിലങ്ങനെ ആടുകയാണ് എന്നാണ് തീക്കുനിയ്ക്ക് പിന്തുണ നല്‍കി കൊണ്ട് ചിലര്‍ പറയുന്നത്. അതേസമയം തന്നെ തീക്കുനിയുടെ കവിതയ്‌ക്കെതിരെ വിമര്‍ശനുവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുകയും ചെയ്തു.
പവിത്രന് ഇനിയും കവിതയെഴുതാന്‍ മോഹമുണ്ടാകില്ലെ, അങ്ങനെ എഴുതണമെങ്കില്‍ കൈയ്യും തലയും സംരക്ഷിക്കേണ്ടെ എന്ന് വിശദീകരിക്കുന്നവരും നിരവധി. പവിത്രന്‍ കവിത പിന്‍വലിച്ചുകൊണ്ട് കുറിച്ച പോസ്റ്റും ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കാണാന്‍ കഴിയില്ല. ഇതേകുറിച്ചുള്ള അന്വേഷണവും അദ്ദേഹത്തിന്റെ മറ്റ് പോസ്റ്റുകള്‍ക്ക് ചുവട്ടില്‍ കാണാം. പവിത്രനെതിരെയുള്ള നിരവധി ട്രോളുകളും ഇതിനകം വ്യാപിച്ചുകഴിഞ്ഞു.
ഇടതുപക്ഷ സഹയാത്രികനായ പവിത്രന്‍ തീക്കുനിയുടെ കവിതകളും പ്രസ്താവനകളും ഇടതുപക്ഷ ചിന്താഗതികള്‍ക്കൊപ്പം നില്‍ക്കുന്നവയായിരുന്നു. സിപിഐഎം വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായ പവിത്രന്‍ ശ്രീരാമനെ വിമര്‍ശിച്ചുകൊണ്ട് ഇദ്ദേഹമെഴുതിയ ‘സീത’ എന്ന കവിത ഇപ്പോഴും ലഭ്യമാണ്. എന്നാല്‍ പവിത്രന്‍ പര്‍ദ്ദ എന്ന കവിത പിന്‍വലിച്ചതോടെ ഹിന്ദു തീവ്രവാദികളും രംഗത്തെത്തിയിരിക്കുകയാണ്.
പര്‍ദ്ദ ആഫ്രിക്കയാണെന്നായിരുന്നു കവിതയുടെ ആദ്യവരി. രാത്രി ഏഴരയോടെ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലാണ് പവിത്രന്‍ തീക്കുനി കവിത കുറിച്ചിട്ടത്. നേരം വെളുക്കും മുന്‍പ് കവിത പിന്‍വലിക്കേണ്ടി വന്നു. പുലര്‍ച്ചെ മൂന്ന് മണിക്കും രാത്രി ഏഴരയ്ക്കും ഇടയില്‍ പക്ഷെ സൈബര്‍ ലോകത്തെ ഒരുവിഭാഗം മൗലികവാദികള്‍ കവിയെ വളഞ്ഞാക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് കവി കവിത പിന്‍വലിച്ചത്.
സിഎസ് മഹേഷ് എന്ന കവിയാണ് തീക്കുനിയോട് കവിത പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. ആഫ്രിക്കയെയും പര്‍ദ്ദയെയും അപമാനിക്കുന്നതാണ് കവിതയെന്ന് മഹേഷ് ഉപദേശിച്ചു. പര്‍ദ്ദയെ കുറിച്ച് എവിടെയോ വായിച്ച ലേഖനമാണ് കവിതയിലെത്തിച്ചത്. ആഫ്രിക്കയില്‍ അടിമ വ്യാപാരത്തിന് ഉപയോഗിച്ച വസ്ത്രമാണ് പര്‍ദ്ദയെന്ന് ലേഖനത്തിലുണ്ടായിരുന്നു. ഏതായാലും ആരെയും വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് ആ കവിത പിന്‍വലിച്ചതെന്ന് കവി വ്യക്തമാക്കി.
Leave a Reply