ടെലിവിഷൻ അവതാരകയും മിസ് കേരള മത്സരാർത്ഥിയുമായിരുന്ന എറണാകുളം സ്വദേശിനി മെറിൻ ബാബുവിന്‍റെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കളുടെ ആരോപണം. കഴിഞ്ഞ വർഷം നവംബർ ഒൻപതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയായ മെറിൻ ബാബുവിനെ ആലപ്പുഴയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മാതാപിതാക്കള്‍ പരാതി നൽകി. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

മകൾ ആത്മഹത്യ ചെയ്യില്ലെന്നും മുറിയിലെ ഫാനിൽ തൂങ്ങി മരിക്കാനുള്ള ഉയരം മെറിനില്ലായിരുന്നുവെന്നും അമ്മ പറയുന്നു. മകളുടെ മരണശേഷം മെറിന്‍റെ ഭർത്താവോ ബന്ധുക്കളോ ഇവരുമായി ബന്ധപ്പെടാത്തതും സംശയത്തിനിടയാക്കിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മെറിന്‍റെ ശരീരത്തില്‍ കണ്ട മുറിവുകൾ സംബന്ധിച്ച് പൂർണമായ വിവരങ്ങൾ ഇല്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2014 ലായിരുന്നു ബാങ്ക് ഉദ്യോഗസ്ഥനും തിരൂർ സ്വദേശിയുമായ അഭിലാഷും മെറിനും വിവാഹിതരായത്. സംഭവ ദിവസം മെറിന് ചെറിയ അപകടം പറ്റിയെന്നും ഉടനെ വരണമെന്നും അഭിലാഷിന്റെ സുഹൃത്തുക്കൾ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇവര്‍ ആലപ്പുഴയിലെത്തിയപ്പോഴാണ് മെറിന്‍റെ മരണ വിവരം അറിയുന്നത്. മകളുടെ മൃതദേഹത്തിൽ കൈകളിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. മകളുടെ ഭർത്താവും സുഹൃത്തുക്കളും വീട്ടിലെത്തി മദ്യപിക്കുന്നത് സംബന്ധിച്ച് മെറിനും ഭര്‍ത്താവും തമ്മിൽ വഴക്കിടാറുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം ഇവർ പരാതി നൽകി.