വളരെ പ്രത്യേകതകളുള്ള ഒരു പ്രതിഷേധ മാര്‍ച്ചിനാണ് കഴിഞ്ഞ ദിവസം നമ്പര്‍ 10 സാക്ഷ്യം വഹിച്ചത്. ടെഡി ബെയറുകള്‍ പിടിച്ചും ക്രിസ്പുകള്‍ കൊറിച്ചുകൊണ്ടും നാലു വയസുകാരായ കുട്ടികള്‍ ഒരു നിവേദനവുമായി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി. നാലു വയസുകാര്‍ക്ക് അസസ്‌മെന്റ് ടെസ്റ്റ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ 68,000 പേര്‍ ഒപ്പുവെച്ച നിവേദനവുമായാണ് അവര്‍ എത്തിയത്. റിസപ്ഷന്‍ ക്ലാസുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് സ്റ്റാന്‍ഡാര്‍ഡ് അസസ്‌മെന്റ് ടെസ്റ്റ് ഏര്‍പ്പെടുത്താനുള്ള ഗവണ്‍മെന്റ് നീക്കം ഉപേക്ഷിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്. നാലു വയസുകാരുടെ മാര്‍ച്ച് ഇന്നലെ പാര്‍ലമെന്റ് സക്വയറില്‍ നിന്നാണ് ആരംഭിച്ചത്. പാട്ടുകള്‍ പാടിയും നടപ്പാതയില്‍ ചോക്കുകൊണ്ട് ചിത്രങ്ങള്‍ വരച്ചും മാര്‍ച്ച് തുടര്‍ന്നു. ഡൗണിംഗ് സ്ട്രീറ്റിലേക്ക് എത്തിയ മാര്‍ച്ചില്‍ നിന്ന് നാലു വയസുകാരായ അലക്‌സ്, സഫ, ഐല തുടങ്ങിയവര്‍ കനത്ത പോലീസ് കാവലിനിടയിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി പരാതി കൈമാറി.
രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസ വിദഗ്ദ്ധരും അടങ്ങിയ മോര്‍ ദാന്‍ എ സ്‌കോര്‍ എന്ന ക്യാംപെയിന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. കുട്ടികള്‍ക്ക് അമിതമായി പരീക്ഷകള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഇരുന്നൂറിലേറെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരും മാര്‍ച്ചില്‍ അണിനിരന്നു. ഇംഗ്ലണ്ടിലെ റിസപ്ഷന്‍ ക്ലാസുകളില്‍ ബേസ് ലൈന്‍ അസസ്‌മെന്റ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രക്ഷോഭം. ഡര്‍ഹാം, ഡെവണ്‍, കോണ്‍വാള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, സ്റ്റാഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി.
20 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയാണ് കുട്ടികള്‍ക്കായി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഒരു ടാബ്ലറ്റില്‍ അധ്യാപകരായിരിക്കും കുട്ടികളുടെ വിലയിരുത്തല്‍ നടത്തുക. സ്‌കൂളില്‍ എത്തി ആദ്യ ആഴ്ചകളില്‍ തന്നെ ഇത് നടത്തും. പ്രൈമറി സ്‌കൂളില്‍ കുട്ടികളുടെ പഠനം വിലയിരുത്താന്‍ ഈ പരീക്ഷയുടെ ഫലം ഉപയോഗിക്കാനാണ് നീക്കം. ഈ സെപ്റ്റംബറില്‍ പൈലറ്റ് നടത്തി അടുത്ത വര്‍ഷം മുതല്‍ ദേശീയ തലത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് പരിപാടി. 10 മില്യന്‍ പൗണ്ട് ഇതിനായി ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Reply