ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ടിക്ടോക്ക് വഴി ലണ്ടനിൽ കലാപാഹ്വാനം നടത്തുകയും ഓക്സ്ഫോർഡ് സ്ട്രീറ്റിൽ യുവാക്കൾ അക്രമാസക്തരാവുകയും ചെയ്ത സംഭവത്തിൽ ശക്തമായ മുന്നറിയിപ്പുമായി പൊലീസ്. അപകടകരമായ സോഷ്യൽ മീഡിയ ട്രെൻഡുകളിൽ കുട്ടികൾ വീഴുന്നത് തടയാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അസോസിയേഷൻ ഓഫ് പൊലീസ് ആൻഡ് ക്രൈം കമ്മീഷനേഴ്സിന്റെ പുതിയ അധ്യക്ഷ ഡോണ ജോൺസ് മുന്നറിയിപ്പ് നൽകി. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്ന സോഷ്യൽ മീഡിയ ട്രെൻഡുകളിൽ കുട്ടികൾ ഉൾപ്പെടുന്നത് തടയാൻ മാതാപിതാക്കൾ അവരോട് സംസാരിക്കണമെന്ന് ഡോണ കൂട്ടിച്ചേർത്തു. യുവാക്കൾ കുറ്റവാളികൾക്കൊപ്പം ചേർന്നാൽ മജിസ്ട്രേറ്റ് കോടതികൾ പിഴ ഈടാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലെ മൈക്രോസോഫ്റ്റ് സ്റ്റോറിനു മുന്‍പില്‍ വടികളുമായി എത്തിയ യുവാക്കളെ പോലീസ് തല്ലി ഓടിക്കുന്ന ദൃശ്യം കഴിഞ്ഞാഴ്ച പുറത്തുവന്നിരുന്നു. ജെ ഡി സ്‌പോര്‍ട്ട്‌സും മറ്റ് ചില സ്റ്റോറുകളും കൊള്ളയടിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റ് വിവിധ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പല കടകളും താത്ക്കാലികമായി അടച്ചിടേണ്ടി വന്നു. സമൂഹ മാധ്യമങ്ങള്‍ തീര്‍ക്കുന്ന തലവേദന എന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ച ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സാമൂഹ്യ വിരുദ്ധ പ്രവൃത്തികള്‍ ശക്തമായി നേരിടുമെന്നും അത്തരത്തിൽ ഉള്ളവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും പൊലീസ് പറഞ്ഞു. പോലീസുകാരെ ആക്രമിച്ചു, കൊള്ളയടിക്കാനും മോഷണത്തിനും ശ്രമിച്ചു എന്നതുള്‍പ്പടെ കുറ്റങ്ങള്‍ ചുമത്തി ഒന്‍പത് പേരെ മെട്രോപോളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. “ഇത്തരത്തിൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികൾ അറസ്റ്റിൽ ആയാൽ അതവരുടെ ഭാവിയെ ബാധിക്കും. അതിനാൽ കുട്ടികൾ എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾ മനസിലാക്കണം. അവരോട് സംസാരിക്കണം.” ഡോണ ജോൺസ് വ്യക്തമാക്കി.