ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് ദമ്പതികളുടെ കാര്യത്തിൽ ആശങ്കകൾ ശക്തമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 52 വയസ്സുള്ള ലിൻഡ്സെയും ക്രെയ്ഗ് ഫോർമാനും ജനുവരി ആദ്യം മധ്യ ഇറാനിലെ കെർമാനിൽ ഒരു മോട്ടോർ ബൈക്ക് യാത്രയ്ക്കിടെ ആണ് ഇറാൻ കസ്റ്റഡിയിൽ എടുത്തത് . ചാരവൃത്തി ആരോപിച്ചാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത് . ഇവരെ ടെഹറസ് സമീപമുള്ള ഒരു പ്രത്യേക ജയിലിലേയ്ക്ക് മാറ്റിയതായി അവരുടെ മകൻ ജോ ബെന്നറ്റ് പറഞ്ഞതാണ് വിവരം പൊതുസമൂഹത്തിൽ ചർച്ചയാകാൻ കാരണമായത്.
ലോകത്തിലെ ഏറ്റവും മോശം ജയിലുകളിൽ ആണ് തന്റെ മാതാപിതാക്കൾ ഇപ്പോഴുള്ളതെന്ന് ജോ മാധ്യമങ്ങളോട് വെളിപ്പെടുത്തി. 200 ദിവസങ്ങൾക്കു മുമ്പാണ് ദമ്പതികൾ കസ്റ്റഡിയിലായത്. എന്നാൽ ഇതുവരെ തനിക്ക് അവരോട് സംസാരിക്കാൻ സാധിച്ചിട്ടില്ലെന്ന് ജോ വെളിപ്പെടുത്തി. ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് ദമ്പതികളെ പുതുതായി കാണാൻ അനുവദിക്കാനും മാതാപിതാക്കളെ വീട്ടിലേക്ക് വിളിക്കാൻ അനുവദിക്കാനും ഇറാനിയൻ അധികൃതരോട് ബ്രിട്ടൻ ആവശ്യപ്പെട്ടു. ലോകം ചുറ്റി സഞ്ചരിക്കുന്നതിനിടെയാണ് ദമ്പതികൾ അറസ്റ്റിലായത്.
അർമേനിയിൽ നിന്നാണ് ഇവർ ഇറാനിൽ പ്രവേശിച്ചത്. പാക്കിസ്ഥാനിൽ പ്രവേശിക്കുന്നതിന് നാല് ദിവസം മുമ്പ് മാത്രമാണ് ദമ്പതികൾ അറസ്റ്റിലായത്. ദമ്പതികൾ ആശയവിനിമയം നിർത്തിയപ്പോൾ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് ബന്ധുക്കൾക്ക് മനസ്സിലായി. എന്നാൽ ഇവർ വിദേശ സഞ്ചാരി വേഷത്തിൽ വിവരങ്ങൾ ശേഖരിക്കാൻ രാജ്യത്ത് പ്രവേശിച്ചു എന്നാണ് ഇറാനിയൻ അധികൃതർ പറഞ്ഞത്. ഇറാന്റെ ചാരവൃത്തി ആരോപണങ്ങളിൽ അഗാധമായ ആശങ്കയുണ്ടെന്നും നേരിട്ട് ഇറാനിയൻ അധികാരികളുമായി ഈ വിഷയം ഉന്നയിക്കുന്നത് തുടരുമെന്നും വിദേശകാര്യ ഓഫീസ് വക്താവ് പറഞ്ഞു.
Leave a Reply