സ്വന്തം ലേഖകൻ

ലണ്ടൻ : ഹോങ്കോങ്ങുമായുള്ള കൈമാറൽ ഉടമ്പടി മരവിപ്പിച്ച് യുകെ സർക്കാർ. കുറ്റവാളികളെ കൈമാറാനുള്ള നടപടിയാണ് ‘എസ്‌ട്രെഡിഷൻ ട്രീറ്റി’ എന്ന പേരിൽ അറിയപ്പെടുന്നത്. ചൈന അർധസ്വയംഭരണ പ്രദേശമായ ഹോങ്‌കോങ്ങിൽ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ പേരിൽ അമേരിക്കയും ഓസ്‌ട്രേലിയയും ക്യാനഡയും കുറ്റവാളികളെ കൈമാറാൻ ഹോങ്‌കോങ്ങുമായുള്ള കരാർ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ നീക്കം. ചൈനയുമായി നല്ല ബന്ധമാണ് യുകെ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. എന്നാൽ ഹോങ്കോങ്ങിൽ പുതിയ സുരക്ഷാ നിയമം അടിച്ചേൽപ്പിക്കുന്നത് തെറ്റായ നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 1989 മുതൽ ചൈനയ്‌ക്കൊപ്പം നിലവിലുണ്ടായിരുന്ന ആയുധ നിരോധനം നീട്ടുമെന്നും റാബ് പറഞ്ഞു. യുകെ കയറ്റുമതി ഉപകരണങ്ങളായ തോക്കുകൾ, ഗ്രനേഡുകൾ തുടങ്ങിയവ ഹോങ്കോങ് മേഖലയിൽ നിർത്തുമെന്ന് റാബ് സ്ഥിരീകരിച്ചു.

എന്നാൽ അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുകെ സർക്കാർ ക്രൂരമായ ഇടപെടൽ നടത്തിയെന്ന് ചൈന ആരോപിച്ചു. കൈമാറ്റ ഉടമ്പടിയിൽ നിന്ന് യുകെ പിന്മാറിയാൽ ഉചിതമായ മറുപടി നൽകുമെന്ന് ചൈന പ്രതികരിച്ചു. പുതിയ ദേശീയ സുരക്ഷാ നിയമം നടപ്പാക്കുന്ന രീതിയെക്കുറിച്ച് കാര്യമായ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് റാബ് എംപിമാരോട് പറഞ്ഞു. നിയമത്തിന് മറുപടിയായി 2021 ന്റെ തുടക്കത്തിൽ മുപ്പതു ലക്ഷം ഹോങ്കോംഗ് പൗരന്മാർക്ക് യുകെ പൗരത്വം നൽകുമെന്ന് വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചു.

യുകെയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങൾ ഇക്കഴിഞ്ഞ മാസങ്ങളിൽ വഷളായിരുന്നു. ബ്രിട്ടൻ ചൈനീസ്‌ കമ്പനിയായ ഹുവാവേയെ അവിടത്തെ 5ജി പ്രവർത്തനങ്ങളിൽനിന്ന്‌ ഒഴിവാക്കിയതുൾപ്പെടുള്ള നടപടികൾ ചൈനയ്ക്ക് തിരിച്ചടിയായി മാറി. ഹോങ്‌കോങ്ങിന്‌ മറ്റ്‌ എന്ത്‌ വാഗ്ദാനം നൽകാനാകുമെന്നറിയാൻ സഖ്യ രാഷ്‌ട്രങ്ങളുമായി ആലോചിക്കുകയാണെന്നും ഇപ്പോഴുള്ള മുഴുവൻ പരിഗണനകളും പുനഃപരിശോധിക്കുമെന്നും ഡൊമിനിക് റാബ് അറിയിച്ചു. ബ്രിട്ടന്റെ നടപടികൾ ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടലാണെന്ന്‌ ചൈനീസ്‌ അംബാസഡർ ലിയു ഷ്യോമിങ് പ്രതികരിച്ചു. പാശ്ചാത്യരാജ്യങ്ങൾ ചൈനയ്‌ക്കെതിരെ പുതിയ ശീതയുദ്ധത്തിന്‌ ശ്രമിക്കുകയാണെന്നും ലിയു ബിബിസിയോട്‌ പറഞ്ഞു.