ന്യൂസ് ഡെസ്ക്, മലയാളം യുകെ

അവധി കഴിഞ്ഞ് സ്കൂളിൽ എത്തുന്നതിനു മുമ്പ് കുട്ടികൾ അഞ്ചാം പനിക്കുള്ള വാക്സിൻ എടുത്തിട്ടുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യു കെ എച്ച് എസ് എ ) മുന്നറിയിപ്പ് നൽകി. ഏതെങ്കിലും കാരണത്താൽ രോഗബാധിതരായ വിദ്യാർത്ഥികൾ മറ്റുള്ളവരുമായി ഇടകലരുന്നത് അഞ്ചാംപനി വ്യാപകമായി പടർന്ന് പിടിക്കുന്നതിന് കാരണമാകും . 2024 – ന്റെ തുടക്കം മുതൽ അഞ്ചാംപനി ബാധിച്ച 2278 കേസുകളാണ് ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ലണ്ടനിലും വെസ്റ്റ് മിഡ് ലാൻഡിലുമാണ് ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ രോഗം പടർന്നു പിടിച്ചത്. 62 ശതമാനം പേർക്കും 10 വയസ്സിനും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കാണ് രോഗം പിടിപെട്ടത്. വാക്സിനേഷൻ എടുക്കാത്തവരിലാണ് അഞ്ചാം പനി വേഗത്തിൽ പിടിപെടുന്നത്. ഗുരുതരമായി രോഗം ബാധിക്കുന്നത് മരണത്തിന് തന്നെ കാരണമായേക്കും. അഞ്ചാംപനി ഗുരുതരവും ചിലപ്പോൾ മാരകവും അപകടകരവും ആവുമെന്ന് ഹെൽത്ത് ആൻഡ് പ്രിവൻഷൻ മിനിസ്റ്റർ ആൻഡ്രൂ ഗ്വിൻ പറഞ്ഞു.


കഴിഞ്ഞ ശരത്കാലം മുതൽ ഇംഗ്ലണ്ടിൽ അഞ്ചാംപനി കേസുകളിൽ വർദ്ധനവ് കണ്ടു തുടങ്ങിയിരുന്നു. യുകെ എസ് എച്ച് എ യുടെ കണക്കുകൾ പ്രകാരം 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കുകളിൽ അഞ്ചാംപനി പിടിപെട്ടത് കഴിഞ്ഞ വർഷമാണ്. അഞ്ചാംപനി കുട്ടികൾക്ക് ബാധിക്കുന്നത് അവർക്ക് മറ്റ് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നതായി ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു . കാരണം വൈറസ് കുട്ടികളുടെ പ്രതിരോധശേഷിയെ കാര്യമായി തകരാറിലാക്കും. എൻ എച്ച് എസ് വഴി സൗജന്യമായി ലഭ്യമാക്കുന്ന സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ രണ്ട് ഡോസ് കുട്ടികൾക്ക് ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഇത്തരം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. അഞ്ചാംപനി, മുണ്ടിനീർ, റുബെല്ല എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിന് എം എം ആർ വാക്സിനാണ് എൻഎച്ച്എസ് നൽകുന്നത്.