സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ആഴ്ചകളായിരുന്നു കടന്നു പോയത്. ആദ്യ കാലങ്ങളിൽ ചെറിയ കുട്ടികളുമായി യുകെയിൽ എത്തി നഴ്‌സറി, പ്രൈമറി ക്ലാസുകളിലേക്ക് മാത്രമായി ഓടിക്കൊണ്ടിരുന്നവർ… കാലം മാറി കഥ മാറി എന്നതുപോലെ കുട്ടികൾ വളർന്ന് പതിനൊന്നാം ക്ലാസും എ ലെവലും ഒക്കെയായപ്പോൾ രക്ഷകർത്താക്കളുടെ ചങ്കിടിപ്പിന്റെ സ്പീഡ് കൂടി എന്നത് ഒരു യാഥാർത്യമാണെങ്കിലും കാര്യമായി കുട്ടികൾക്കുവേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു ഒന്നര വർഷം.. കൊറോണയിൽ കുട്ടികൾ വീട്ടിൽ ആവുകയും കൂടി ചെയ്തപ്പോൾ തന്നെ പലരുടെയും ജീവിത ശൈലി തന്നെ മാറിമറിഞ്ഞു.

ഇതൊക്കെയാണെകിലും മലയാളി കുട്ടികൾ കഠിനാധ്വാനം നടത്തി എന്നതിന്റെ ബഹിഷ്‍സ്പുരണങ്ങൾ ആയി നല്ല റിസൾട്ടുകൾ ആണ് ഇപ്പോഴും പുറത്തുവരുന്നത്. കഠിനാധ്വാനികളായ സ്റ്റോക്ക് ഓൺ ട്രെന്റിലെ പെൺകുട്ടികളാണ് ഇന്നത്തെ താരങ്ങൾ. ജി സി എസ് ഇ പരീക്ഷയിൽ ഉന്നത വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.

ഹന്ന സോബിച്ചൻ: ന്യൂപോർട്ട് ഗ്രാമർ സ്കൂൾ വിദ്യാർത്ഥിനിയാണ്. ചിത്രരചനയിൽ ബഹുമിടുക്കി. ഉന്നത വിജയം നേടിയെടുത്ത ഹന്ന, അതെ സ്കൂളിൽ തന്നെ സയൻസ് വിഷയങ്ങൾ ലഭിക്കുകയും എ ലെവൽ ചെയ്യാൻ തീരുമാനിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭ. സോബിച്ചൻ ബിന്ദു ദമ്പതികളുടെ മൂന്ന് കുട്ടികളിൽ മൂത്ത കുട്ടിയാണ് ഹന്ന.

ആൻസ് ജോജി. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ജോജി ജോസഫ്  വിൻസി ദമ്പതികളുടെ മകൾ. എല്ലാ വിഷയങ്ങൾക്കും മികവുറ്റ വിജയം. തുടർ പഠനം സെന്റ് ജോസഫ് കോളേജിൽ തന്നെ. ഇഷ്ടപ്പെട്ട സയൻസ് വിഷങ്ങൾ എടുത്തു എ ലെവലിന് ചേർന്നിരിക്കുന്നു. കോട്ടയം വാകത്താനം സ്വദേശി. ആൻസിന്‌ ഒരു സഹോദരൻ ഉണ്ട്.

ശിൽപ എലിസബത്ത് ജോസ്.. തൊടുപുഴ സ്വദേശിയായ ജോസ് മാത്യു ഷിജി ദമ്പതികളുടെ മൂത്ത മകൾ. കൊറോണയിൽ തളരാതെ വിലയേറിയ സമയം ക്രിയാത്‌മകമായി ഉപയോഗിച്ചപ്പോൾ എത്തിയത് പ്രതീക്ഷിച്ചതിനും മുകളിൽ ഉള്ള ജി സി എസ് ഇ ഫലം. മാതാപിതാക്കളെപ്പോലെ തന്നെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കണമെന്ന ആഗ്രഹം സയൻസ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് കൂടുതൽ ആലോചിക്കേണ്ടിവന്നില്ല.

റ്റാനിയ ക്രിസ്‌റ്റി..  മോനിപ്പള്ളി സ്വദേശി ക്രിസ്റ്റി ഷെറിൻ ദമ്പതികളുടെ മകൾ. യുക്മ കലാമേള  നൃത്തവേദികളിലെ നിറസാന്നിധ്യം. സ്റ്റോക്ക് മിഷനിലെ കുട്ടികളെ ഏകോപിക്കാൻ മുന്നിട്ടിറങ്ങുന്ന ഒരു കൊച്ചു നേതാവ്. സാമൂഹ്യ രംഗത്തെ പ്രവർത്തനം പോലെ തന്നെ പഠനത്തിലും ശ്രദ്ധ ഊന്നിയപ്പോൾ തിരികെ ലഭിച്ചത് മിന്നും തിളക്കം. മുന്തിയ ഗ്രേഡ് ലഭിച്ചതിലൂടെ ആഗ്രഹിച്ച  വിഷയങ്ങളോടെ എ ലെവൽ അഡ്മിഷൻ. മലയാളം യുകെയുടെ അവാർഡ് ദാനച്ചടങ്ങിൽ നൃത്തത്തിന്റെ മാസ്സ്മരികത തീർത്ത സ്റ്റോക്കിലെ നൃത്ത ടീമിലെ അംഗം കൂടിയാണ് റ്റാനിയ.

ലിസ് ജോസ്:  കൊച്ചി കടവന്ത്ര സ്വദേശി ജോസ് വർഗ്ഗിസ് രേണുക ജോസ് ദമ്പതികളുടെ നാല് കുട്ടികളിൽ രണ്ടാമത്തെ കുട്ടി. ലിസ് ഏറ്റെടുത്ത ഉത്തരവാദിത്വം പൂർണ്ണമായി വിനയോഗിച്ചപ്പോൾ എത്തിയത് മിന്നും വിജയം. എ ലെവലിൽ തിരഞ്ഞെടുത്തത് സൈകോളജി ഉൾപ്പെടുന്ന വിഷയങ്ങൾ.  പഠിക്കുന്നതിൽ മിടുക്കി എന്ന പോലെ തന്നെ പഠനേതര വിഷയങ്ങളിലും കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭ. സ്റ്റോക്ക് പള്ളിയിലെ കുട്ടികളുടെ ഗായസംഘത്തിലെ അംഗവും വയലിനിൽ ഗ്രേഡ് ആറ്‌ (Grade 6) നേടിയിരിക്കുന്ന പെൺകുട്ടിയാണ്. ഇതിനെല്ലാം പുറമെ അവശതയനുഭവിക്കുന്ന മനുഷ്യ ജീവിതങ്ങളെ സഹായിക്കുന്ന ചാരിറ്റി സംഘടനായ ഡഗ്ലസ് മാക്‌മിലൻ ചാരിറ്റി പ്രവർത്തക കൂടിയാണ് ഈ കൊച്ചുമിടുക്കി.

ഉന്നത വിജയം നേടിയ ഹന്ന സോബിച്ചൻ, ആൻസ് ജോജി, ശിൽപ എലിസബത്ത് ജോസ്, റ്റാനിയ ക്രിസ്‌റ്റി, ലിസ് ജോസ് എന്നിവർക്ക് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ  അറിയിച്ചുകൊണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു.