സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.

ഇന്ന് മെയ് ഒന്ന്. പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസത്തിലേയ്ക്ക് നമ്മൾ പ്രവേശിച്ചിരിക്കുകയാണ്. പരിശുദ്ധ കന്യകയുടെ നേരെയുള്ള ഭക്തിയുടെ പ്രാധാന്യത്തേക്കുറിച്ചാണ് ഇന്ന് നമ്മൾ ചിന്തിക്കുന്നത്. ചെറുപ്പം മുതലേ ജപമാല കൈയ്യിലേന്തി പ്രാർത്ഥിക്കുന്ന മാതാപിതാക്കന്മാരേയും സഹോദരങ്ങളേയുമൊക്കെ കണ്ട് വളർന്നവരാണ് നമ്മൾ. ജപമാല മണി കളിലേയ്ക്ക് ആശ്ചര്യ പൂർവ്വം നോക്കുമ്പോൾ എന്താണ് ഉരുവിടുന്നത്, അരോടാണ് പ്രാർത്ഥിക്കുന്നത് എന്ന് കുരുന്നു മനസ്സിൽ തോന്നിയ ചോദ്യങ്ങൾക്കുത്തരം നമ്മുടെ അമ്മമാർ പറഞ്ഞു തന്നിട്ടുണ്ട്. അങ്ങനെ ഞാനും നിങ്ങളുമൊക്കെ നമുടെ ജീവിതത്തിൻ്റെ ഭാഗത്തോട് ചേർത്ത് ജപമാല വെയ്ക്കുകയുണ്ടായി. ഈ മെയ് മാസ വണക്കത്തിലും പരി. അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പ്രാർത്ഥനയും ജപമാലയാണ് എന്നുള്ളതും ഒരു വലിയ സത്യമാണ്. അമ്മയുടെ കണ്ണീരും ഈശോയുടെ രക്തവും ചേർത്തുണ്ടാക്കിയെടുത്തതാണ് ജപമാല മണികൾ. ഈശോയുടെ പിഠാനുഭവത്തിൻ്റെ ഓരോ രഹസ്യങ്ങളും ധ്യാനിക്കുമ്പോൾ പീഠാനുഭവ യാത്രയിൽ ഹൃദയം കൊണ്ട് പങ്കുചേർന്ന പരിശുദ്ധ അമ്മയുടെ ഹൃദയത്തിൻ്റെ കണ്ണുനീർ തുള്ളികൾക്കൂടി ഈ ജപമാല മണികളിലുണ്ട്. അതു കൊണ്ട് ജപമാലകൾ ഓരോ ക്രൈസ്തവനും ഏറ്റവും പ്രിയപ്പെട്ടതാണ്. പരിശുദ്ധ അമ്മയുടെ മുമ്പിലായിരിക്കുമ്പോൾ എങ്ങനെയാണ് ഭക്തി പ്രകടിപ്പിക്കേണ്ടത്? അമ്മയെ അമ്മ എന്ന് വിളിക്കുന്നുണ്ടെങ്കിൽ തീർച്ചയായും പുത്ര സഹജമായ ഭക്തിയാണ് കാണിക്കേണ്ടത്. അത് നമുക്കുണ്ടാകുമ്പോൾ മാതൃത്വത്തിൻ്റെ കരുണയാണ് നമുക്ക് കിട്ടുന്നത്. അമ്മയെ പുത്ര സഹജമായ സ്നേഹത്തോട് സ്നേഹിച്ച് ജപമാല ചൊല്ലുമ്പോൾ അമ്മയുടെ മാതൃത്വത്തിന്റെ സ്നേഹം എനിക്കും നിങ്ങൾക്കും കിട്ടുന്നുണ്ടെങ്കിൽ ആ സ്നേഹം പങ്കുവെയ്ക്കാതിരിക്കാൻ സാധിക്കില്ല. ഏലീശ്വായുടെ ഭവനത്തിലേയ്ക്കോടിയ അമ്മയെപ്പോലെ പരസ്നേഹത്തിൻ്റെ പുണ്യത്തിലേയ്ക്ക് യഥാർത്ഥ മാതൃ ഭക്തർ മാറാൻ തുടങ്ങണം. അമ്മ ഒരാളെ സ്വന്തമാക്കിയാൽ അവർ ഈശോയുടെ സ്വന്തമാണ്. എൻ്റെ വ്യക്തി ജീവിതത്തിൽ പ്രാർത്ഥിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നത് ജപമാല പ്രാർത്ഥനയാണ്. ജപമാല പ്രാർത്ഥന ചൊല്ലി അമ്മയുടെ സ്വന്തമാകാൻ ആഗ്രഹിച്ചപ്പോൾ അമ്മയെന്നെ ഈശോയുടെ മണവാട്ടിയെന്ന പദവിയിലേയ്ക്കാണ് നയിച്ചത്. ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ നമ്മൾ ഈശോയുടെ സ്വന്തമാവുകയാണ്. അമ്മയോടുള്ള ഭക്തി നമ്മളെ സ്വർഗ്ഗത്തിൻ്റെ സ്വന്തമാക്കി മാറ്റും.

മരിയഭക്തിയിലൂടെ കടന്നുപോകുമ്പോൾ മാതാവിൻ്റെ ജീവിതത്തിലെ ചില കാര്യങ്ങൾ ഓർമ്മയിലേയ്ക്ക് കടന്നുവരാറുണ്ട്. നമ്മളെപ്പോലെ തന്നെ ഉണ്ണിയായ ഈശോയും അമ്മയുടെ വിരൽതുമ്പിൽ പിടിച്ചാവും പിച്ചവെച്ചു തുടങ്ങിയത്. അതുപോലെ നമ്മുടെ ജീവിതത്തിലെ ആത്മീയവും ഭൗതീകവുമായ വളർച്ചയിലും നമ്മുടെ വിരൽ തുമ്പ് അമ്മയ്ക്ക് നീട്ടിക്കൊടുക്കണം. നീട്ടപ്പെട്ട അമ്മയുടെ കരങ്ങളിലേയ്ക്ക് നമ്മുടെ വിരൽ തുമ്പുകളെ ചേർത്ത് വെച്ച് നമ്മുടെ കുടുംബത്തെ ഈശോയിലടുപ്പിക്കാൻ പ്രാർത്ഥിക്കണം.
അമ്മയെ കുറിച്ച് ചിന്തിക്കുമ്പോൾ എൻ്റെ മനസ്സിൽ ആദ്യമെത്തുന്നത്, അമ്മയുടെ ജീവിതത്തിൻ്റെ സഹനങ്ങളാണ്. സ്വപ്നത്തിൽ യൗസേപ്പ് പിതാവിന് ലഭിച്ച സന്ദേശമനുസരിച്ച് പ്രസവവേദന മാറുംമുമ്പേ പുൽത്തൊട്ടിയിൽ കിടന്ന ഉണ്ണിയേയും വാരിയെടുത്ത് ഈജിപ്റ്റിലേയ്ക്കുള്ള പാലായനമാണ്. വേദന നിറഞ്ഞ ആ യാത്രയിൽ അമ്മയുടെ സങ്കടങ്ങൾ ആരോടും പരാതിപ്പെട്ടതായി നമ്മൾ എങ്ങും കേട്ടിട്ടില്ല. മെയ് മാസ വണക്കത്തിൻ്റെ ആരംഭത്തിൽ പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തിൽ മുന്നോട്ടു പോകുമ്പോൾ നമ്മുടെ ജീവിതത്തിൻ്റെ ഭയപ്പാടുകളും വേദനകളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെയുണ്ടാകുമ്പോൾ അമ്മയോട് പറയാം. അമ്മേ, നിൻ്റെ മാറിൽ ചാരിയിരുന്ന ഈശോയെ എൻ്റെ മാറോട് ചേർത്ത് പിടിക്കാൻ ഒരു കൃപ തരണേ. അപ്പോൾ അമ്മ നമ്മളെ ശക്തിപ്പെടുത്തും. പല അനുഭവങ്ങളും എന്നെ അത് പഠിപ്പിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വലിയ തത്വങ്ങൾക്കോ ബോധ്യങ്ങൾക്കോ അപ്പുറത്ത് നമ്മുടെ ജീവിതത്തിൽ മറിഞ്ഞു വീഴുന്ന എത്രയോ തലങ്ങളുണ്ട്? ഈ ക്രിസ്തീയ യാത്രയിൽ എത്ര തവണ നമ്മൾ കുഴഞ്ഞു വീഴുന്നുണ്ട്? എത്രമാത്രം അഴുക്കുകൾ നമ്മുടെ ആത്മാവിൽ പറ്റിപ്പിടിക്കുന്നുണ്ട്? ഈ മാതൃ ഭക്തി എനിക്കും നിങ്ങൾക്കും ശുദ്ധീകരിക്കപ്പെടുന്ന കൂദാശകളുടെ ഒരനുഭവം തന്ന് ആത്മാവിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളെ തുടച്ചു മാറ്റാൻ സാധിക്കട്ടെ. ഈ വണക്കമാസ നാളിൽ അതിനായി പ്രാർത്ഥിക്കാം.

സുകൃതജപം.
കൃസ്ത്യാനികളുടെ സഹായമായ മറിയമേ! ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ…

പരിശുദ്ധ ദൈവമാതാവിൻ്റെ ഒരു ഗാനവും ചേർക്കുന്നു