സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

മാതാവിൻ്റെ വണക്കമാസം പതിനൊന്നാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ എനിക്ക് പറയുവാനുള്ളത്..!
സന്യാസജീവിതം സ്വീകരിച്ചിട്ട് മുപ്പത്തഞ്ച് സന്തോഷകരമായ വർഷം പൂർത്തിയാക്കിയതിൻ്റെ നിറവിലാണ് ഞാനിപ്പോൾ. എപ്പോഴും എന്നെ കൈപിടിച്ച് നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്ന രണ്ട് അമ്മമാരുടെ സ്ഥാനം എത്രമാത്രം എടുത്തു പറഞ്ഞാലും തീരാത്ത നന്ദിയോടെ അവരുടെ മുമ്പിൽ തലകുനിക്കുന്നു. സമർപ്പണം എന്നത് വലിയ ഒരർപ്പണമാണ്. അമ്മമാരുടെ അനുഗ്രഹമില്ലാതെ അത് സാധിക്കില്ല. ഇന്നും പ്രാർത്ഥിക്കാൻ ഞാനൊരുങ്ങുമ്പോഴും ദേവാലയത്തിൽ പോകുമ്പോഴും ജപമാല കൈകളിലെടുക്കുമ്പോഴും എൻ്റെ മനസ്സിലേയ്ക്ക് ഒരു പ്രത്യേക രൂപം തെളിഞ്ഞു വരും. അത് മറ്റാരുമല്ല. തൂവെള്ള ചട്ടയും മുണ്ടും ധരിച്ച് നേരിയതുകൊണ്ട് തലയും മൂടി കറുത്ത കൊന്തയും കൈയ്യിലേന്തി ഭക്തിപൂർവ്വം പള്ളി തുറന്ന ഉടനെ പള്ളിയുടെ മുൻ നിരയിൽ മാതാവിനോട് ചേർന്ന് നിൽക്കുന്ന ദൈനംദിന ജീവിതം നയിച്ചിരുന്ന ഒരു സാധാരണ സ്ത്രീ. അതായിരുന്നു എൻ്റെ പ്രിയപ്പെട്ട അമ്മച്ചി. അമ്മച്ചിക്കെപ്പോഴും നിർബന്ധമായിരുന്നു ഞങ്ങൾ മക്കൾ എല്ലാവരും നേരെത്തെ പള്ളിയിൽ പോകണമെന്നും മുൻനിരയിൽ മാതാവിൻ്റെ രൂപത്തിൻ്റെ അടുത്തു തന്നെ സ്ഥാനം പിടിക്കണമെന്നും. കൊച്ചു കുട്ടികളായിരുന്നപ്പോൾ അങ്ങിനെയെല്ലാം ചെയ്തു എങ്കിലും പ്രായമായതിനനുസരിച്ച് പിറകോട്ട് പിറകോട്ടായി മാറി പള്ളിയുടെ ഏറ്റവും അവസാനത്തെ നിരയിൽ വരെ എത്തിയത് എനിക്ക് ഓർമ്മയുണ്ട്.

സന്യാസജീവിതത്തിലേയ്ക്ക് ആദ്യമായി ഞാൻ ഇറങ്ങിത്തിരിച്ചപ്പോൾ എൻ്റെ അമ്മച്ചിയുടെ വിലയേറിയ വാക്കുകൾ ഇന്നും എൻ്റെ കാതുകളിൽ മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്നതാണ് എൻ്റെ സമർപ്പണ ജീവിതത്തിൻ്റെ ശക്തി. ആ വാക്കുകൾ ഇപ്രകാരമായിരുന്നു. എൻ്റെ രണ്ട് കൈകളും ചേർത്ത് പിടിച്ചു കൊണ്ട് അമ്മച്ചി പറഞ്ഞു നീ ഇനിവരുമ്പോൾ ഞാനിവിടെ കണ്ടെന്ന് വരില്ലെങ്കിലും നിനക്ക് യാതൊരു കുറവും ഉണ്ടാവുകയില്ല. കാരണം നിന്നെയെന്നും കൈ പിടിച്ച് മുന്നോട്ടു കൊണ്ടു പോകുന്ന പരി. അമ്മയുടെ കൈയ്യിൽ ഞാൻ നിന്നെ സമർപ്പിച്ചിട്ടുണ്ട്. ആ അമ്മയുടെ കൈയ്യിൽ നിന്നും പിടി വിടാതിരിക്കാനുളള ഉപകരണങ്ങളാണ് ജപമാലയും എത്രയും ദയയുള്ള മാതാവേ എന്നുള്ള ജപവും. അതിൽ നീ ശക്തി കണ്ടെത്തുമ്പോൾ സന്തോഷത്തോടെ ആ അമ്മയുടെ ഏകമകൻ്റെ മുഴുവൻ സ്നേഹത്തിനും സേവനത്തിനും അർഹയാകും. ഇതൊരു വലിയ സത്യമാണന്ന് മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നെങ്കിലും സമർപ്പണത്തിൻ്റെ ഗൗരവം ഞാൻ വ്യക്തമായി മനസ്സിലാക്കി.

സാധാരണ ഒരു സ്ത്രീ ആയ എൻ്റെ അമ്മച്ചി ജീവിതത്തിൽ ഒത്തിരി കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മൗന പൂർവ്വം എങ്ങനെ തരണം ചെയ്തിരുന്നു എന്നത് എനിക്കതിശയമാണ്. ഏത് ജീവിത അവസ്ഥയിലാണെങ്കിലും ഒരു പൂർണ്ണ സമർപ്പണം നമ്മുടെ ഹൃദയത്തിൽ ആഴമായി തറക്കല്ല് പാകിയില്ലെങ്കിൽ അത് മണലിൽ പണിത വീട് പോലെയാകും. കാറ്റ് വരുമ്പോൾ പ്രലോഭനങ്ങളെയും പരീക്ഷണങ്ങളെയും അതിജീവിക്കാൻ ഈ ഉപകരണങ്ങളായ ജപമാലയും എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയും അത്യാവശ്യമാന്നെന്ന് എൻ്റെ ജീവിതം എനിക്ക് സാക്ഷ്യം നൽകുന്നു. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയുടെ ശക്തി പറഞ്ഞ് അറിയിക്കാൻ പറ്റാത്തതാണ്. ഈ ജപം പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം ലഭിക്കും. ഈ പ്രാർത്ഥനയിലൂടെ പരി. അമ്മയുടെ സഹായം താഴ്മയോടെ യാചിക്കുമ്പോൾ ഉപേക്ഷിക്കപ്പെടുകയില്ല. എന്നാൽ നാം ആഗ്രഹിക്കുന്ന പോലെ സാധിക്കണമെന്നില്ല. ഇതാ കർത്താവിൻ്റെ ദാസി എന്ന് പറഞ്ഞ് ദൈവഹിതം സന്തോഷം സ്വീകരിച്ച അമ്മ നമുക്കും ദൈവേഷ്ടം നിറവേറ്റാനുള്ള ശക്തി തരും.

ക്രിസ്തുവിൻ്റെ ജീവിതം മരണം പുനരുത്ഥാനം എന്നിവയുടെ രഹസ്യത്തിൽ മറിയത്തിൻ്റെ പങ്ക് തിരുവെഴുത്തുകൾ കാണിക്കുന്നു. ക്രിസ്തുവിൻ്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ അവൾ അടുത്തിടപെടുന്നു. യോഹന്നാൻ്റെ സുവിശേഷത്തിൽ മറിയം വിശ്വാസികളുടെ മാതൃകയാണ്. എല്ലാ വിശ്വാസികളുടെയും അമ്മയായി യേശു മറിയത്തെ സഭയ്ക്കു നൽകുന്നു. ദൈനംദിന ജിവിതത്തിൻ്റെ ആകുലതകളിൽ മുഴുകിയിരിക്കുന്ന സ്ത്രീ എന്ന നിലയിലാണ് നാം പരി. അമ്മയെ അറിയുന്നത്. അവിടെ അവതരിപ്പിക്ക വെല്ലുവിളികളെ അവൾ ആഴത്തിലുള്ള വിശ്വാസത്തോടെ നേരിട്ടു. അവൾ നമ്മുടെ രക്ഷകൻ്റെ അമ്മയും താൻ സ്നേഹിച്ച പുരുഷനാൽ വേദനാജനകമായി തെറ്റിദ്ധരിക്കപ്പെട്ട ഒരു മനുഷ്യ സ്ത്രീയമാണ്. തൻ്റെ മകൻ വിധിക്കപ്പെട്ടപ്പോൾ ധൈര്യപൂർവ്വം കൂടെ നിന്നു. പുതിയ സഭയിൽ പരിശുദ്ധാത്മാവിൻ്റെ വരവിൽ സന്നിഹിതയായിരുന്നു. ആ സഭയിൽ നേതൃത്വത്തിൻ്റെ പങ്ക് അവൾക്കുണ്ടായിരുന്നു. ഈ പരിശുദ്ധ അമ്മയോട് അപേക്ഷിക്കുന്നതൊന്നും ഉപേക്ഷിക്കില്ല എന്ന ഉറച്ച വിശ്വാസമാണ് വണക്കമാസ നാളിൽ നമുക്കുണ്ടാകേണ്ടത്. ക്രിസ്തുവിലേയ്ക്കുള്ള യാത്രയിൽ ഒരു വഴിവിളക്കും പരി. അമ്മ തന്നെ.

സുകൃതജപം

ബോധജ്ഞാനത്തിൻ്റെ സിംഹാസനമേ.. ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നൽകേണമേ..

പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

https://youtu.be/-wheuL_82sQ