ബിനോയ് എം. ജെ.
മോശയിൽനിന്നും ലഭിച്ച പത്തു കൽപനകൾ ദൈവകൽപനകൾ അല്ല. മറിച്ച് പ്രകൃതിയുടെ കൽപനകളാണ്. ദൈവത്തിൽ കൽപനകൾ ഇല്ല. അവിടുന്ന് അനന്തമായ സ്നേഹവും അനന്തമായ സ്വാതന്ത്ര്യവും ആണ്. ഈശ്വരനെയും പ്രകൃതിയെയും വേർതിരിച്ച് കാണേണ്ടത് അത്യാവശ്യമായ ഒന്നാണ് . അല്ലാത്ത പക്ഷം മനുഷ്യൻ ആശയക്കുഴപ്പങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും വഴുതി വീഴും. ഈശ്വരൻ അനന്തസത്തയാകുമ്പോൾ പ്രകൃതി പരിമിതവും നിയമബദ്ധവുമാണ്. ആ ഈശ്വരൻ നിങ്ങൾ തന്നെയാകുന്നു (തത്ത്വമസി).നിങ്ങളുടെ ആത്മാവ് ഈശ്വരൻ ആണെങ്കിൽ ശരീരവും, മനസ്സും, ബുദ്ധിയും, അഹവും പ്രകൃതിയുടെ രചനകളാണ്. അതിനാൽ തന്നെ നിങ്ങളുടെ ആത്മാവിനെ ശരീരത്തിൽ നിന്നും, മനസ്സിൽ നിന്നും, ബുദ്ധിയിൽ നിന്നും, അഹത്തിൽ നിന്നും വേർതിരിച്ച് കാണേണ്ടിയിരിക്കുന്നു. നിങ്ങളുടെ ആത്മാവ് തന്നിൽ തന്നെ ചേതനയുള്ളതാകുമ്പോൾ, ശരീര മനസ്സാദികളുടെ ചേതന ആത്മാവിൽ നിന്നും കടം വാങ്ങുന്നതാണ്. അതിനാൽ തന്നെ ശരീരം ഒരുനാൾ മരിച്ചു വീഴും; മനസ്സ് പരിണമിക്കും.
ഇവിടെയും പ്രശ്നങ്ങൾ തീരുന്നില്ല. ഇതുവരെ പറഞ്ഞത് ആന്തരിക പ്രകൃതിയെ കുറിച്ചാണെങ്കിൽ അതിനൊപ്പം തന്നെ ബാഹ്യപ്രകൃതിയും നമ്മെ ബാധിക്കുന്നുണ്ട്. പ്രകൃതി നിയമബദ്ധമാണ്. പ്രകൃതി നിയമങ്ങൾ നാനാവിധമാണെങ്കിലും അവയ്ക്ക് പിറകിൽ ഒരേകത്വമുണ്ട്. ഹിന്ദു മതത്തിൽ പറയുന്ന “കർമ്മം ചെയ്യുന്നവൻ അതിന്റെ പ്രതിഫലം അനുഭവിക്കണം” എന്നും ക്രിസ്തു മതത്തിൽ പറയുന്ന “നീ അളക്കുന്ന അളവുകൊണ്ടു തന്നെ നിനക്കും അളന്നു കിട്ടുന്നു ” എന്നും ഉള്ള തത്വം തന്നെയല്ലേ ഭൗതിക ശാസ്ത്രത്തിൽ പറയുന്ന “ഏതൊരു പ്രവൃത്തിക്കും അതിന് തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും” എന്ന തത്വം കൊണ്ട് ഉദ്ദേശിക്കുന്നത് ? പ്രകൃതി നിയമങ്ങൾ ഏറെക്കുറെ അലംഘനീയങ്ങളാണ്. എന്നാൽ പ്രകൃതിക്കും അതിന്റെ നിയമങ്ങൾക്കും അപ്പുറം പോകുന്നവനേ മോക്ഷം ഉള്ളൂ. ഒരു കുറ്റവാളി സമൂഹിക(പ്രകൃതി) നിയമങ്ങളെ ലംഘിച്ചുകൊണ്ട് കൂടുതൽ ബന്ധനങ്ങളിലേക്ക് വഴുതി വീഴുമ്പോൾ ഒരു യോഗിയാവട്ടെ സാമൂഹിക നിയമങ്ങളെ തന്നെ ലംഘിച്ചുകൊണ്ട് ഈശ്വരനിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കും പ്രവേശിക്കുന്നു. യോഗിയെ ശിക്ഷിക്കുവാനുള്ള ശക്തി സമൂഹത്തിനില്ല. കാരണം യോഗിയിൽ നന്മ നിറഞ്ഞു തുളുമ്പുന്നു. അതുകൊണ്ട് സമൂഹം യോഗിയുടെ മുന്നിൽ കൈ കൂപ്പുന്നു. നിങ്ങൾ ഏതെങ്കിലും ഒരു ചെറിയ പ്രകൃതി നിയമത്തെയെങ്കിലും വിജയകരമായി ലംഘിച്ചാൽ പിന്നീട് പ്രകൃതിക്ക് നിങ്ങളുടെ മേൽ പ്രവൃത്തിക്കുവാനാകില്ല. എല്ലാവരുടെയും ലക്ഷ്യം സ്വാതന്ത്ര്യമാണ് – ഈശ്വരൻ ആണ്. അതാകട്ടെ പ്രകൃതിയുടെയും അപ്പുറം പോകുന്നവർക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്നു.
ഈശ്വരനെയും പ്രകൃതിയെയും വേർതിരിച്ച് കണ്ടില്ലെങ്കിൽ നമ്മുടെ സമൂഹം നാശത്തിലേക്കേ പോകൂ. അവ സമ്മാനിക്കുന്ന ആശയക്കുഴപ്പം ഒരർബുദം പോലെ മാനവരാശിയെ ബാധിച്ച്തുടങ്ങിയിരിക്കുന്നു. എന്തിനുവേണ്ടി സത്കൃത്യങ്ങൾ ചെയ്യണം? പ്രതിഫലത്തിനുവേണ്ടി. എന്തിനുവേണ്ടി ഈശ്വരഭജനം ചെയ്യണം? ഐശ്വര്യത്തിനു വേണ്ടി. എന്തിനുവേണ്ടി അദ്ധ്വാനിക്കണം? ശരീരത്തിനു വേണ്ടി. എന്തിനുവേണ്ടി മഹത്വം ആർജ്ജിച്ചെടുക്കണം? പ്രശസ്തിക്കു വേണ്ടി. എന്തിനുവേണ്ടി കൽപനകൾ അനുസരിക്കണം? സ്വർഗ്ഗപ്രാപ്തിക്കുവേണ്ടി. ഇപ്രകാരം നാം പ്രകൃതിയുടെ അടിമകളായി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു അടിമത്തം വിനാശകരവും ആദ്ധ്യാത്മിക പുരോഗതിക്ക് എക്കാലവും ഒരു തടസ്സവുമാണ്. അത് നമ്മുടെ സ്വാതന്ത്ര്യത്തെ അപഹരിച്ചു കൊണ്ടു പോകുന്നു. ഇവിടെ “പ്രതിഫലത്തെക്കുറിച്ച് ചിന്തിക്കാതെ കർമ്മം ചെയ്യുക” എന്ന കർമ്മയോഗ സിദ്ധാന്തം ഏറെക്കുറെ ഈ അടിമത്തത്തിൽ നിന്നും നമ്മെ കര കയറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം പ്രതിഫലം സമൂഹ (പ്രകൃതി) ത്തിൽ നിന്നും വരുന്നതും നമുക്ക് അടിമത്തം സമ്മാനിക്കുന്നതും ആകുന്നു.
പ്രകൃതീബന്ധം പാരതന്ത്ര്യമാകുന്നു. ഇതാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും ജനി. നമുക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. ഞാൻ പ്രകൃതിയുമായി താദാത്മ്യപ്പെടുമ്പോൾ എന്റെ ആത്മസ്വരൂപം വിസ്മരിക്കപ്പെടുകയും ഞാൻ മറ്റുപലതുമായും മാറുകയും ചെയ്യുന്നു. ഉദാഹരണത്തിന് “എന്റെ ശരീരം” ,”എന്റെ മനസ്സ് “, “എന്റെ ബുദ്ധി “, ഇത്യാദി ചിന്തകൾ ഞാനെന്ന സത്തയെ ശരീരമായും, മന:സ്സായും, ബുദ്ധിയായും, മാറ്റുന്നു. ഇവിടെ മാറ്റമില്ലാത്ത ഞാൻ അവയോടൊപ്പം മാറുന്നു. ശരീരം മരിക്കുമ്പോൾ ഞാനും അതിനോടൊപ്പം മരിക്കുന്നു. മനസ്സിൽ ആശയക്കുഴപ്പം സംഭവിക്കുമ്പോൾ ഞാനും ആശയക്കുഴപ്പത്തിലേക്ക് വഴുതിവീഴുന്നു. ബുദ്ധിശക്തി പ്രകാശിക്കുമ്പോൾ ഞാൻ സന്തോഷിക്കുകയും, ബുദ്ധി ശക്തി പരാജയപ്പെടുമ്പോൾ ഞാൻ ദുഃഖിക്കുകയും ചെയ്യുന്നു. ഇപ്രകാരം ഞാൻ പ്രകൃതിയോടൊപ്പം വികാരം കൊള്ളുന്നു.
ഈ താദാത്മീകരണത്തിന് എല്ലാം അടിസ്ഥാനം ശരീരവുമായുള്ള താദാത്മീകരണമാണ്. ഞാൻ എന്നെതന്നെ ശരീരമായി തെറ്റിദ്ധരിക്കുന്നു. ശരീരമില്ലാതെ എനിക്ക് നിലനിൽക്കുവാനാവില്ലെന്ന് ഞാൻ ചിന്തിച്ച് വശായിരിക്കുന്നു. അതിനാൽതന്നെ പുനർജ്ജന്മത്തിലും, സ്വർഗ്ഗപ്രാപ്തിയിലും, മരണാനന്തര ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. എന്നാൽ പരിഹാരം അവിടെയല്ല കിടക്കുന്നത്. എനിക്ക് നിലനിൽക്കുവാൻ ശരീരത്തിന്റെ ആവശ്യം ഒട്ടും തന്നെയില്ലെന്നും, ശരീരം എനിക്കെന്നും ഒരു ബാദ്ധ്യതയും തീരാദു:ഖവുമാണെന്നും അറിഞ്ഞു കൊണ്ട് “ശരീരം പോകുന്നെങ്കിൽ പൊയ്ക്കൊള്ളട്ടെ ” എന്ന് സുധീരം പ്രഖ്യാപിക്കുവാനും ശരീരവുമായുള്ള താദാത്മീകരണത്തെ ഉപേക്ഷിക്കുവാനും കഴിയുമ്പോൾ ഞാൻ എന്റെ ആത്മസ്വരൂപത്തെ സ്മരിക്കുകയും അനിർവ്വചനീയമായ ഒരനുഭൂതിയിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു. അതുവഴി എന്റെ എല്ലാ ബന്ധനങ്ങളും അറുത്തു മാറ്റപ്പെടുകയും, ഞാൻ മോക്ഷപ്രാപ്തിയിലേക്ക് ചുവട് വയ്ക്കുകയും ചെയ്യുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply