സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.
മനുഷ്യന്റെ ഈ ആഗ്രഹത്തിൽ നിന്നാണ് സെന്റ് അഗസ്റ്റിൻ ഇങ്ങനെ പ്രാർത്ഥിച്ചത്, ‘ദൈവമേ നീ എന്നെ നിനക്കായ് സൃഷ്ടിച്ചു നിന്നിൽ എത്തിച്ചേരുന്നത് വരെ എന്റെ ഹൃദയം അസ്വസ്ഥമായിരിക്കുന്നു’.

ജീവിതത്തിലെ ഒരു അസ്വസ്ഥതയിലും പതറാതെ ദൈവത്തിൽ പൂർണമായി ആശ്രയിക്കാൻ ദാഹം ഉള്ളവരെ ഈശോയിൽ എത്തിക്കാൻ മരിയഭക്തി നമ്മെ സഹായിക്കും. തന്റെ ജീവിതത്തിലുണ്ടായ അസ്വസ്ഥതകളുടെ ഘോഷയാത്രയിലും പരിശുദ്ധ കന്യകാമറിയം പതറിയില്ല. ‘മറിയം എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു’ എന്ന് വചനം പറയുന്നു. തങ്ങളുടെ ജീവിതത്തിലെ അരിഷ്ടത യിലും കഷ്ടതയിലും രാത്രിയുടെ യാമങ്ങളിൽ ജപമാല കൈകളിലേന്തി മുട്ടുകുത്തി പ്രാർത്ഥിച്ച് തങ്ങളുടെ ആടിയുലയുന്ന കുടുംബത്തിന്റെ അടിത്തറ ഉറപ്പിച്ചവരാണ് നമ്മുടെ കാരണവന്മാർ . വണക്കമാസ പ്രാർത്ഥന അവർക്ക് പ്രാണന്റെ ഭാഗമായി. എത്ര തിരക്കുണ്ടെങ്കിലും മക്കളെയും കൂട്ടി രാവിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത്, ഇടവകപള്ളിയിലെ മാതാവിന്റെ മുൻപിൽ തിരി കത്തിച്ച് പ്രാർത്ഥിക്കുമ്പോൾ അവർ അനുഭവിച്ച ഹൃദയത്തിന്റെ ആശ്വാസം നമുക്കിന്ന് അന്യമാണ്. ഇന്ന് പുതു തലമുറയുടെ ആശ്വാസ ത്തിന്റെ യും വിശ്വാസത്തിന്റെയും അർത്ഥതലങ്ങൾ മാറുമ്പോൾ മാതാപിതാക്കളുടെ ജപമാല ഏന്തിയ കൈകൾ അവരെ യേശുവിലേക്ക് നയിക്കും. അതെ, പരിശുദ്ധ അമ്മയ്ക്കു മാത്രമേ മക്കളെ യേശുവിന്റെ അടുക്കലേക്ക് നയിച്ച് അവരുടെ ഹൃദയ ദാഹം ശമിപ്പിക്കാൻ കഴിയൂ.

എന്റെ ബാല്യകാലത്തിലെ വണക്കമാസ പ്രാർത്ഥനയും ജപമാല ഭക്തിയും മമ്മിയിൽ നിന്നും പകർന്നു കിട്ടിയതാണ്. കുഞ്ഞായിരുന്നപ്പോൾ ഒരു ചെറിയ കാര്യം അനുസരിച്ചാൽ….. നല്ല കാര്യങ്ങൾ ചെയ്താൽ അമ്മ പറയും മാതാവ് സമ്മാനം തരുമെന്ന്….. തുടർന്ന് ഈശോയിൽ നിന്ന് കിട്ടിയ അനുഗ്രഹങ്ങൾ ഓരോന്ന് എണ്ണി പറഞ്ഞ് അനുഗ്രഹങ്ങളുടെ സമൃദ്ധി അമ്മ ഓർമിപ്പിക്കും. ഈ വണക്കമാസ നാളുകളിൽ ഞാൻ എന്റെ മമ്മിയെ നന്ദിയോടെ അനുസ്മരിക്കുന്നു.
വീടിനടുത്തുള്ള മാതാവിന്റെ ഗ്രോട്ടോയിൽ തിരി കത്തിച്ച് പ്രാർത്ഥിക്കുന്നതും ബാല്യകാല സ്മരണയിൽ പെടുന്നു. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ….. സങ്കടം ഉണ്ടായാൽ….. ഉടൻ തന്നെ ‘ എത്രയും ദയയുള്ള മാതാവേ….. എന്ന പ്രാർത്ഥന ചൊല്ലി അമ്മയോട് പ്രാർത്ഥിക്കുന്നതും ജപമാല ചൊല്ലി അമ്മയിൽനിന്ന് അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതും ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. പ്രഭാതത്തിൽ ഉണർന്ന് മൂന്നു നന്മ നിറഞ്ഞ മറിയമേ ചൊല്ലി കാഴ്ചവെച്ച് വിശുദ്ധിയിൽ ജീവിക്കാൻ കൃപ തരണം എന്ന് മാതാവിനോട് പ്രാർത്ഥിക്കാൻ കുഞ്ഞുങ്ങളെ ഞാൻ അനുസ്മരിപ്പിക്കുന്നതും ഈ ബോധ്യത്തിൽ നിന്നാണ്.

കാനായിലെ കല്യാണ വേളയിൽ അവർക്ക് വീഞ്ഞില്ല എന്ന് അറിഞ്ഞ അമ്മ അത് പരിഹരിക്കാൻ കഴിവുള്ള തന്റെ മകനെ അറിയിക്കുന്നു. ഇത് യേശുവിന്റെ ആദ്യ അത്ഭുതമെന്ന് വചനം സാക്ഷിക്കുന്നു. പരസ്യജീവിതം ഇനിയും ആരംഭിക്കാത്ത യേശു ദൈവപുത്രനാണ്…… അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നവനാണ്…….എന്ന് അമ്മ ഉറച്ചു വിശ്വസിച്ചു. (ചെറുപ്പത്തിൽ അവൻ ചെയ്തിട്ടുള്ള അത്ഭുതങ്ങൾ അവൾ കണ്ടിട്ട് ഉണ്ടായിരിക്കാം ) ഈ വിശ്വാസത്തോടെ ഈ വണക്കമാസം നാളിൽ നമുക്കു പ്രാർത്ഥിക്കാം…..

ഈശോയെ കാനായിലെ
കുടുംബത്തിൽ ഉണ്ടായ കുറവുകളെ അങ്ങ് നിറവുകൾ ആക്കിയത് പോലെ … എന്റെ ജീവിതത്തിലെ സങ്കടങ്ങളെ….. എന്റെ കുടുംബത്തിന്റെ കുറവുകളെ…. അങ്ങ് നിറവുകൾ ആക്കേണമേ. സ്നേഹത്തിന്റെ…. സമർപ്പണ ത്തിന്റെ…… ക്ഷമയുടെ പരസ്പരം മനസ്സിലാക്കലിന്റെ……. രുചിയും വീര്യവും നഷ്ടമായി വെറും പച്ച വെള്ളം ആയി ഞങ്ങളുടെ ജീവിതം മാറുമ്പോൾ അമ്മ മകനോട് പറഞ്ഞു ഞങ്ങളുടെ ജീവിതത്തെ രുചിയും വീര്യമുള്ള ഒന്നാന്തരം വീഞ്ഞാക്കി മാറ്റണമേ..

സുകൃതജപം : അമ്മേ മാതാവേ യേശുവിലുള്ള ഞങ്ങളുടെ വിശ്വാസം വെറും പച്ചവെള്ളം ആയി പോകുമ്പോൾ അതിനെ വീര്യമുള്ള വീഞ്ഞ് ആക്കാൻ അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ .

പരി. ദൈവമാതാവിനോടുള്ള സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.