സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.
”ഇതാ കര്‍ത്താവിന്റെ ദാസി” എന്ന് പറഞ്ഞവള്‍ ദൈവത്തിന്റെ മാത്രമല്ല, മനുഷ്യരുടെയും ദാസിയായി മാറ്റപ്പെട്ടു. കല്ല്യാണവീട്ടിലെ അരമന രഹസ്യമാണ് സദ്യയിലെ കുറവ് അനുഭവപ്പെടുന്നത്. അത് മറിയം അറിയണമെങ്കില്‍ അവിടെ തീര്‍ച്ചയായും സ്വന്തം വീട് എന്നതിനെക്കാള്‍ അധികമായി പരി. കന്യകാമറിയം ദാസിവേല ചെയ്തിരിക്കണം. ഇവിടെയാണ് നമ്മളും മറിയവും തമ്മിലുളള അന്തരം അധികമാകുന്നത്. മറിയത്തെപ്പോലെ മറ്റുളളവരുടെ കുറവുകള്‍ അന്വേഷിക്കുന്നതില്‍ മിടുക്കരാണ് നാം. പക്ഷെ, മറിയം കുറവുകള്‍ അന്വേഷിക്കുന്നത് പറഞ്ഞ് നടക്കാനല്ല, മറിച്ച്, കുറവുകളെ പരിഹരിക്കാനാണ്. ഞാന്‍ കുറവുകളെ അന്വേഷിക്കുന്നതോ? കുറവുകള്‍ കാണുമ്പോള്‍, ”അവന്‍ പറയുന്നത് പോലെ ചെയ്യുക” (യോഹ 2,5) എന്ന് പറഞ്ഞ് സഹോദരങ്ങളെ ക്രിസ്തുവിന്റെ സന്നിധിയിലേയ്ക്ക് അടുപ്പിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? അവന്‍ പറയുന്നതു പോലെ ചെയ്യുമ്പോള്‍ സംഭവിക്കുന്ന വലിയ അത്ഭുതത്തിന്റെ സക്ഷ്യമാണ് പരി. കന്യകാമറിയത്തിന്റെ ജീവിതം. പരി. കന്യകാമറിയം സ്വര്‍ഗ്ഗത്തിലേയ്ക്ക് കരയേറിയത് തന്റെ സാമര്‍ത്ഥ്യം കൊണ്ടല്ല. മറിച്ച്, അവന്‍ പറയുന്നത് പോലെ ചെയ്തത് കൊണ്ടാണ്. വചനം പരിശുദ്ധ കന്യകാമറിയത്തെ പോലെ, പാദങ്ങള്‍ക്ക് വിളക്കും പാദയില്‍ പ്രകാശവുമായി മാറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ ”ഞാനും പരി. അമ്മയെപ്പോലെ ഉടലോട് കൂടി സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോഹണം ചെയ്യും” എന്ന ഓര്‍മ്മപ്പെടുത്തലാണ്. കണ്ണില്‍ കാണുന്ന അവശ്യങ്ങള്‍ക്ക് നേരെ കണ്ണ് തുറക്കാതെയുളള സ്വര്‍ഗ്ഗീയ യാത്ര കപടതയാണ്. സ്വര്‍ഗ്ഗത്തിലെ പ്രഥമ വനിത, ദൈവപുത്രന്റെ മാതാവാകാന്‍ ഭാഗ്യം ലഭിച്ചവള്‍ അയല്‍പക്കകാര്‍ക്കും ആവശ്യക്കാര്‍ക്കും വേണ്ടി ഒടി നടന്നത് ഓര്‍ക്കുക. ഭൂമിയില്‍ കഴിയുമ്പോഴും സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി തീര്‍ത്ഥാടനം നടത്താന്‍ നമുക്ക് കഴിയണം. ഇതിനു വേണ്ടത് സഹോദരങ്ങളുടെ ആവശ്യങ്ങള്‍ അത്യാവശ്യങ്ങളായി കണ്ട് കാലില്‍ ചിറകുമുളപ്പിച്ച് നന്മ ചെയ്യാന്‍ പരി. അമ്മയെപ്പോലെ ചുറ്റി നടക്കുക എന്നുളളത് മാത്രമാണ്.

സുകൃതജപം.
സ്വർഗ്ഗരാജ്ഞീ, ഞങ്ങളെ സ്വർഗ്ഗീയ ഭാഗ്യത്തിനർഹമാക്കണമെ.

പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.