റവ. ഫാ. ഹാപ്പി ജേക്കബ്ബ്

ആരും കാണില്ല എന്നു കരുതി പല പ്രവർത്തനങ്ങളും നാം നിവർത്തിക്കാറുണ്ട്; ചിലത് നല്ലതായിരിക്കാം, എന്നാൽ ചിലത് നല്ലതാവണമെന്നുമില്ല. നമുക്ക് ചുറ്റുമുള്ള നല്ല കാര്യങ്ങൾ കാണുവാൻ നമുക്ക് താല്പര്യമില്ല എങ്കിലും മോശം കാര്യങ്ങൾ കാണുകയും വ്യാപകമായ പ്രചാരണം നടത്തുവാൻ നമുക്ക് താല്പര്യം ഏറെയാണ്. ധാർമ്മികമായി ചിന്തിക്കുമ്പോൾ കാണേണ്ടത് കാണുകയും അരുതാത്തത് കാണാതിരിക്കുകയും വേണം. എന്നാൽ ഓരോ ചലനങ്ങളും, ആലോചനകളും ഹൃദയ നിരൂപണവും ദൈവമുൻപാകെ എണ്ണപ്പെട്ടിരിക്കുന്നു. വി. ലൂക്കോസ് 12 – 7ൽ വായിക്കുന്നത് “നിങ്ങളുടെ തലയിലെ മുടി പോലും എണ്ണപ്പെട്ടിരിക്കുന്നു. ഏറിയ കുരികാലിനേക്കാളും വിശേഷതയുള്ളവർ . ” ചുരുക്കത്തിൽ നാം എല്ലാവരും ദൈവദൃഷ്ടിയിൽ എണ്ണപ്പെട്ടവർ എന്ന് വ്യക്തം.

ആത്മീക തലങ്ങളിൽ നിന്ന് ചിന്തിക്കുമ്പോൾ നാം എല്ലാവരും ക്രിസ്തുവിനെ പിൻപറ്റുന്നവർ എന്ന് പറയുന്നതാകും എളുപ്പം. കർത്താവിൻറെ കൂടെ ഉള്ള ജീവിതം . ഇത് പലപ്പോഴും ഒരു ആഗ്രഹം മാത്രം. കാരണം യഥാർത്ഥമായി പിൻപറ്റുവാൻ ശ്രമിച്ചാൽ ഇന്ന് നാം കൈവശം വച്ചിരിക്കുന്നതും , സ്ഥാനമാനങ്ങളും എല്ലാം നഷ്ടമാകും. നഷ്ടപ്പെടുത്തുവാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് നാമ മാത്ര ക്രിസ്ത്യാനികളായി നാം കഴിയുന്നു.

എന്നാൽ കർത്താവ് കണ്ട ചില വ്യക്തികളെ വേദപുസ്തകത്തിൽ നമുക്ക് കാണാം. അവയിൽ പ്രാധാന്യം ഉള്ള ഒരു സംഭവമാണ് ഇന്ന് ചിന്തിക്കുന്നത് . വി. ലൂക്കോസ് 13 : 10 – 17 പതിനെട്ട് സംവത്സരമായി ഒട്ടും നിവരുവാൻ കഴിയാതിരുന്ന ഒരു സ്ത്രീയെ സൗഖ്യപ്പെടുത്തുന്ന വേദഭാഗം . ധാരാളം ആളുകൾ അവിടെ കൂടിയിരിക്കാം. പ്രബലരും സൗന്ദര്യമുള്ളവരും, ധനാഢ്യരും എന്നു വേണ്ട സകലരും. എന്നാൽ നിവരുവാൻ പോലും സാധ്യമാകാത്ത ബലഹീനയായ ഒരു സ്ത്രീയെ ആണ് കർത്താവ് കണ്ടത്. അവളെ അടുത്ത് വിളിച്ച് കൈവെച്ച് സൗഖ്യമാക്കി. ഇത് കണ്ട ജനത്തിന് അസഹിഷ്ണുതയ്ക്ക് കാരണമായി. കാരണം സൗഖ്യത്തെക്കുറിച്ചല്ല. ശാബത്തിൽ ചെയ്തതിന് ആണ് .

ഇവളുടെ പാപം ആയിരിക്കും കൂനിന് കാരണം ആയത്. ഒട്ടും നിവരുവാൻ കഴിയാത്തത് എന്നത് കൊണ്ട് പാപഭാരം കാരണം ദൈവ മുഖത്തേയ്ക്ക് നോക്കുവാൻ കഴിയാത്തത്ര ഭാരമാകുന്ന ജീവിതം . എന്നിട്ടും കർത്താവ് മനസ്സലിഞ്ഞ് അവളെ കണ്ട് അവളുടെ പാപഭാരം നീക്കി നിവർന്ന് നിൽപാൻ ഇടയാക്കി. ഇത്രയും നാളും കൂടെ ഉണ്ടായിരുന്ന ആളുകൾക്ക് അവളെ രക്ഷിക്കുവാനോ നേർവഴി കാട്ടി കൊടുക്കുവാനോ തോന്നിയിരുന്നില്ല. ദരിദ്രരരും കുറവുള്ളവരും ജനിക്കുകയല്ല നാം ഉണ്ടാക്കി എടുക്കുക എന്ന് ആരേലും പറഞ്ഞാൽ എന്ത് ഉത്തരം നമുക്ക് ഉണ്ട് .

ഇത് പോലെ വേറെയും ചില ഉദാഹരണങ്ങൾ ഉണ്ട് . ഓരോരുത്തരും ദൈവാലയ ഭണ്ഡാരത്തിൽ ഇടുന്നത് കണ്ട് കൊണ്ടിരുന്ന കർത്താവ് വിധവയായ സ്ത്രീ ചില്ലിക്കാശ് ഇട്ടപ്പോൾ ശ്രദ്ധിച്ചു. കാരണം എല്ലാവരും അവർക്കുള്ളതിൽ നിന്ന് ഇട്ടപ്പോൾ , ഈ വിധവ തന്റെ സമ്പാദ്യം മുഴുവനും ഇട്ടു . നികുതി പിരിക്കുന്നവനായ സക്കായ് കർത്താവിനെ കാണണം എന്ന് ആഗ്രഹിച്ചു. എന്നാൽ തൻറെ ചെയ്തികൾ കാരണം ജനമധ്യത്തിൽ വരുവാൻ അവന് കഴിഞ്ഞില്ല. അവൻ മരത്തിൽ കയറി കർത്താവിനെ കാണുവാൻ ആഗ്രഹിച്ചു. എന്നാൽ അവൻ കാണുന്നതിലും മുൻപേ കർത്താവ് അവനെ കണ്ടു. അവൻറെ ചെയ്തികൾ എല്ലാം അവൻ ഉപേക്ഷിച്ചു. ഒന്നിന് നാല് വീതം പശ്ചാത്താപ കർമ്മവും അവൻ ചെയ്തു.

അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും അടുക്കൽ വരിക എന്ന് കർത്താവ് വിളിക്കുമ്പോൾ ആ വിളി ഉൾക്കൊള്ളുവാൻ കഴിയണം. പാപം കാരണം കൂനായി പോയവരും, ദരിദ്രരുമായ നമുക്ക് ആശ്വാസം ലഭിക്കാൻ ആ സന്നിധി മതി. കാണണം എന്നാഗ്രഹിക്കുമ്പോൾ നമ്മെ കാണുന്ന കർത്താവ് , കൂടെ ഉള്ളവർ കണ്ടില്ലേലും നമുക്ക് വിമോചനം തന്ന് ചേർത്ത് നിർത്തുന്ന കർത്താവ് നമുക്ക് സമീപസ്ഥനാണ്. എല്ലാവരും കൈവിട്ടാലും ഉപേക്ഷിക്കാത്തവനായ ദൈവം എന്ന യാഥാർത്ഥ്യം തിരിച്ചറിയുവാൻ ഈ നോമ്പുകാലം സാധ്യമാകട്ടെ . ആരൊക്കെ ഏതൊക്കെ കാരണം കൊണ്ട് എതിർത്താലും രക്ഷയും വിടുതലും അവൻറെ സന്നിധിയിൽ സൗജന്യമാണ്. നോമ്പിൻറെ യാത്ര നമ്മെ കർത്താവിന്റെ സന്നിധിയിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

സസ്റ്റേഹം
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907