സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
പ്രതിസന്ധികളിൽ എന്നെ ചേർത്ത് നിർത്തി പരിഹാരം നല്കുന്ന പരിശുദ്ധ അമ്മ. പ്രലോഭനങ്ങളിൽ നരക പിശാചിനെതിരെ ശക്തമായി പോരാടുന്ന എൻ്റെ പരിശുദ്ധ അമ്മ ഏതൊരു വ്യക്തിയുടെ ജീവിതത്തിലും ഉന്നതമാണ്. വി. കത്തോലിക്കാ സഭയിൽ നിന്ന് കൊണ്ട് ത്രിത്വത്തിൽ വിശ്വസിക്കുന്ന ആർക്കും ത്രിത്വത്തിൽ രണ്ടാമത്തെ വ്യക്തിയായ ക്രിസ്തുവിനെ അവതരിപ്പിച്ച പരി. അമ്മയെ തിരസ്കരിക്കാൻ സാധിക്കുകയില്ല. മനുഷ്യജീവിതത്തിലെ ഒട്ടുമിക്ക പ്രതിസന്ധികളും കഷ്‌ടപ്പാടുകളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് കടന്നു പോയവളാണ് പരി. അമ്മ. ജീവിത യാഥാർത്യങ്ങളുമായി മല്ലിട്ട് പ്രതിസന്ധികളിലൂടെയും കഷ്ടപ്പാടുകളിലൂടെയും വേദനകളിലൂടെയും കടന്നു പോകുന്നവരെ ചേർത്ത് പിടിക്കാനും ആശ്വസിപ്പിക്കാനും പരി. അമ്മയ്ക്കല്ലാതെ ആർക്കാണ് സാധിക്കുക.
ദൈവപുത്രൻ്റെ അമ്മയാകാൻ ദൈവം മാലാഖയിലൂടെ അറിയിച്ചപ്പോൾ ഇതാ കർത്താവിൻ്റെ ദാസി എന്ന് പറഞ്ഞ് അമ്മ സമ്മതം പറഞ്ഞ നിമിഷം മുതൽ അമ്മയുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന പ്രതിസന്ധികൾ ഒരു പാടാണ്. സമൂഹത്തിൻ്റെ മുമ്പിൽ അപഹാസിതയായി തീരുമായിരുന്ന അമ്മ . കാലിത്തൊഴുത്തിൽ സ്വന്തം പുത്രന് ജന്മം കൊടുക്കേണ്ടി വരുന്ന അമ്മ. ഈജിപ്റ്റിലേയ്ക്കുള്ള പാലായനം, അവിടെ നിന്നുള്ള തിരിച്ചുവരവ്, സ്വന്തം പുത്രൻ്റെ സഹനങ്ങളും കുരിശുമരണവും. അവൻ്റെ കുരിശിൻ്റെ പിന്നാലെ നടന്ന് അവസാനം സ്വപുത്രൻ്റെ മൃതശരീരം മടിയിൽ കിടത്തി ഹൃദയം നുറുങ്ങിയ അമ്മ കിസ്തുനാഥൻ കാൽവരിയിൽ അർപ്പിച്ച ബലിയോട് ഐക്യദാർഢ്യം പുലർത്തി. രക്ഷാകര ദൗത്യത്തിൻ്റെ പൂർത്തീകരണത്തിലാണ് പരി. അമ്മയുടെ സഹനത്തിൻ്റെ പൂർത്തീകരണം.
പ്രതിസന്ധി ഘട്ടങ്ങളിലെ ആയുധം ജപമാലയാണ്. ജപമാലയിലൂടെ അമ്മയുടെ മടിയിൽ ഇരുന്ന് ക്രിസ്തുവിനെ നോക്കി അവൻ്റെ ദിവ്യരഹസ്യങ്ങളെ ധ്യാനിക്കുവാൻ ലഭിക്കുന്നത് അമൂല്യമായ അവസരങ്ങളാണ്. നാം അപമാനിതരാവാൻ പരി. അമ്മ ഒരിക്കലും അനുവദിക്കില്ല. കാനായിലെ കല്യാണ വേളയിൽ ആ കുടുംബത്തിൻ്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്തു കൊടുത്ത അമ്മ വലിയ അപമാനത്തിൽ നിന്ന് അവരെ രക്ഷിച്ചു. അതേ വികാരവായ്പോടെ നമ്മുടെ പ്രതിസന്ധികളിലേയ്ക്കും കടന്നു വരുന്നു. സ്വപുത്രൻ്റെ ജീവരക്തം കൊടുത്ത് രക്ഷിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും.
ഒരു ഹോളി ഫാമിലി സന്യാസിനി എന്ന നിലയിൽ ഞങ്ങളുടെ സഭാ സ്ഥാപക വിശുദ്ധ വി. മറിയം ത്രേസ്യായ്ക്ക് പരി. അമ്മയോടുള്ള അടുപ്പവും ഭക്തിയും എൻ്റെ സന്യാസജീവിതത്തിന് പ്രചോദനമായി ഇപ്പോഴും നിലകൊള്ളുന്നു. കുഞ്ഞു പ്രായത്തിൽ തന്നെ വി. മറിയം ത്രേസ്യാ പരി. കന്യാമറിയത്തെ അമ്മയായി തിരഞ്ഞെടുത്തു. ചെറുപ്പത്തിൽ അമ്പത്തിമൂന്നു മണി ജപമാല എത്തിക്കുന്ന വിധം ഇവൾക്ക് അറിയില്ലായിരുന്നു. എങ്കിലും ജപമാല കൈയ്യിൽ പിടിച്ച് നമസ്കരിച്ചിരുന്നു. ഒരിക്കൽ പരി. കന്യകമറിയം കാണപ്പെട്ട് ജപമാല കൈയ്യിൽ പിടിച്ച് ഇവളോടുകൂടി നമസ്‌ക്കരിക്കുകയും ജപമാല എത്തിക്കേണ്ട വിധം ഇവളെ പഠിപ്പിക്കുകയും ചെയ്തു. അന്ന് അവൾക്ക് മുന്നോ നാലോ വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ.
പന്ത്രണ്ടാമത്തെ വയസ്സിൽ സ്വന്തം അമ്മ മരിച്ചപ്പോൾ ഇവൾ പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി തിരഞ്ഞെടുത്തു. വി. മറിയം ത്രേസ്യായ്ക്ക് പിശാചിൻ്റെ പരീക്ഷണങ്ങളിൽ പലതരത്തിൽ ഞെരുക്കങ്ങൾ ഉണ്ടാകുമ്പോൾ ഒരു സ്ത്രീ ചോര ഒലിക്കപ്പെട്ടതും സർവ്വാംഗം മുറിവേൽക്കപ്പെട്ടിട്ടുമുള്ള ഒരാളെ മടിയിൽ കിടത്തി കൊണ്ട് വി. മറിയം ത്രേസ്യായുടെ അടുക്കൽ വന്നിരിക്കും. പുത്രനെ മടിയിൽ കിടത്തിയിരിക്കുന്ന വ്യാകുലാംബികയുടെ സാന്നിധ്യം പുത്രൻ്റെ പീഡനങ്ങളോട് മറിയം ത്രേസ്യായുടെ സഹനങ്ങളെ തുലനം ചെയ്തു കൊണ്ട് ശക്തിപ്പെടുകയാണ് മാതാവ്.
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എൻ്റെ അമ്മ മാതാവിൻ്റെയും ഈശോയുടെയും രൂപത്തിൽ നോക്കി കണ്ണീരൊഴുക്കി പ്രാർത്ഥിക്കുന്നത് ചെറുപ്പത്തിൽ ധാരാളം ഞാൻ കണ്ടിട്ടുണ്ട്. ആ അനുഭവം ഇന്നും എൻ്റെ ജീവിതത്തിന് ഒരു മുതൽക്കൂട്ടാണ്. എൻ്റെ വീടിന് മുമ്പിൽ മാതാവിൻ്റെ ഒരു കപ്പേളയുണ്ട്. ആ പരിസരത്തുള്ളവർ മാതാവിൻ്റെ മുഖം കണ്ടു കൊണ്ടാണ് ദിനചര്യകൾ ആരംഭിക്കുന്നത്. ആ കപ്പേളയുടെ മുമ്പിലൂടെ കടന്നുപോകുന്നവർ ജാതി മത വ്യത്യാസമില്ലാതെ അമ്മയുടെ മുമ്പിൽ വന്ന് തല കുനിച്ച് അമ്മയെ വണങ്ങി മെഴുകുതിരികൾ കത്തിച്ചും പൂമാല ചാർത്തിയും അവരുടെ വേദനകളും പ്രയാസങ്ങളും കണ്ണീരോടെ അമ്മയുടെ മുമ്പിൽ സമർപ്പിച്ച് അനുഗ്രഹങ്ങൾ ഏറ്റ് വാങ്ങി പോകുന്നത് ഞാൻ കണ്ട് നിന്നിട്ടുണ്ട്. കപ്പേളയ്ക്ക് ചുറ്റുമുള്ള വീടുകളിലെ കുഞ്ഞുങ്ങൾ തങ്ങളുടെ അമ്മമാരുടെ കൈ പിടിച്ച് മാതാവിൻ്റെ അരികിൽ വരാൻ വാശി പിടിക്കുന്നു. ഇതൊക്കെ പരി. അമ്മയ്ക്ക് ഇവർ കൊടുക്കുന്ന വണക്കത്തേയും ആദരവിനെയും സൂചിപ്പിക്കുന്നു.
ഈ വണക്കമാസ നാളുകളിൽ അമ്മയുടെ വാത്സല്യം നമ്മെ പൊതിയട്ടെ. ജപമാല കൈയ്യിലെടുത്ത് അമ്മയുടെ കരം പിടിച്ച് പുത്രനോട് ചേർന്ന് നമ്മുടെ ജീവിതത്തെ ആനന്ദമാക്കാം.
സുകൃതജപം
പരിശുദ്ധ അമ്മേ.. സ്വർഗ്ഗരാജ്ഞി, ഞാൻ സ്വർഗ്ഗത്തിൽ എത്തുന്നതു വരെ എന്നെ കൈവിടല്ലേ…
പരി. മാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് തുറക്കുക.
Leave a Reply