സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
സുവിശേഷത്തിൽ പ. അമ്മയുടെ രണ്ട് ചോദ്യങ്ങൾ നമ്മൾ കാണുന്നു. ഒന്നാമതായി “ഇതെങ്ങനെ സംഭവിക്കും “?(LK 1:34) വലിയ പ്രതിസന്ധി നിറഞ്ഞ ഒരു സന്ദർഭത്തെയാണ് താൻ നേരിടാൻ പോകുന്നതെന്ന് അമ്മയ്ക്കറിയാമായിരുന്നു. ഒരു തരത്തിലും സ്വബുദ്ധികൊണ്ട് മനസ്സിലാകാത്ത ഒരു കാര്യത്തെ ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ലെന്നും ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ലന്നും വിശ്വസിച്ച് സ്വയം വിട്ടു കൊടുക്കുന്ന അമ്മ.
രണ്ടാമതായി “മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്?” (Lk2.48)എന്ന് പരിഭ്രമത്തോടെ ചോദിക്കുന്ന അമ്മ. “ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണന്ന് നിങ്ങൾ അറിയുന്നില്ലേ ?” (Lk2.49) മകന്റെ ഈ ചോദ്യത്തിനു മുമ്പിൽ ‘ഇവൻ എന്റേതല്ല, സ്വർഗ്ഗീയ പിതാവിന്റേതാണ് ‘ എന്ന ആഴമായ ബോദ്ധ്യത്തിൽ മകന്റെ മേലുള്ള ഉടമസ്ഥാവകാശം എല്ലാം വിട്ടുകൊടുത്ത് ശാന്തമായി ഹൃദയത്തിൽ സoഗ്രഹിക്കുന്ന നല്ല അമ്മ. രക്ത ബന്ധങ്ങൾക്കും ആത്മീയ ബന്ധങ്ങൾക്കും അപ്പുറമുള്ള ഒരു ദൈവികബന്ധത്തിലേക്കാണ് ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് തിരിച്ചറിയുന്നു. പിന്നീട് അമ്മ ഒരു ചോദ്യവും ചോദിക്കുന്നില്ല. പകരം ‘അവൻ പറയുന്നതുപോലെ നിങ്ങൾ ചെയ്യുവിൻ'(Jn 2:5) എന്നു മാത്രം പറഞ്ഞ് ദൈവത്തിന്റെ പ്രവൃത്തികളെ വിശ്വാസപൂർവം നോക്കി കാണുന്നു. ഇങ്ങനെയുള്ള അമ്മയെയാണ് കുരിശിൻ ചുവട്ടിൽ വച്ച് ലോകം മുഴുവന്റെയും അമ്മയാക്കി ഈശോ മാറ്റിയത്.
പ. അമ്മയുടെ ഈ ചോദ്യങ്ങളെയും അമ്മയുടെ സമർപ്പണത്തെയും കുറിച്ച് നമുക്കു ധ്യാനിക്കാം.
പ്രതീക്ഷിക്കാത്ത രീതിയിലുളള രോഗങ്ങൾ, അപകടങ്ങൾ, മുമ്പോട്ടു പോകാൻ സാധിക്കാത്ത രീതിയിലുള്ള കടബാദ്ധ്യതകൾ, പരാജയങ്ങൾ, പ്രിയപ്പെട്ടവരുടെ ആകസ്മികമായ മരണങ്ങൾ എന്നിങ്ങനെ ജീവിതം നീട്ടി തരുന്ന സഹനത്തിന്റെ ഇടവേളകളിൽ നമ്മുടെ മനസ്സിൽ വ്യത്യസ്തങ്ങളായ ചോദ്യങ്ങൾ കടന്നു വന്നേക്കാം. അപ്പോഴെല്ലാം അമ്മയെപ്പോലെ മനസ്സിലുയരുന്ന ചോദ്യങ്ങളെയെല്ലാം ദൈവതിരുമുമ്പിലേക്കുള്ള സമർപ്പണമാക്കി മാറ്റാൻ കഴിയട്ടെ .
ഈശോ തന്റെ ജീവിത വഴികളിൽ കുരിശിൽ കിടന്നുകൊണ്ട് സങ്കീർത്തനം ഉരുവിട്ട് ചോദിച്ചു.” എന്റെ ദൈവമെ, എന്റെ ദൈവമെ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?”(Mt27:46)
പിതാവിന്റെയടുക്കൽ നിന്ന് ഒരു ഉത്തരവും ലഭിച്ചില്ല. എന്നാൽ വളരെ പ്രത്യാശയോടെ ഈശോ ഈ ചോദ്യങ്ങളെ സമർപ്പണമാക്കി മാറ്റി.
” പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു”(Lk 23:46) ഈ ഒരു പ്രത്യാശയോടെയുള്ള സമർപ്പണമാണ് നമ്മൾ നടത്തേണ്ടത്. ഇതിന്റെയെല്ലാം വെളിച്ചത്തിൽ കർത്താവിന്റെ ഈ തിരുവചനം നമുക്കു ശക്തി പകരട്ടെ . ” എന്തു ചെയ്യേണ്ടു എന്ന് ഞങ്ങൾക്കറിയില്ല. എങ്കിലും ഞങ്ങൾ അങ്ങയിൽ അഭയം പ്രാപിക്കുന്നു.”(2 ദിന 20:12) പ്രത്യാശയോടെ പ. അമ്മയുടെ കരത്തിൽ നമുക്കു മുറുകെ പിടിക്കാം.
പ. അമ്മയുടെ മനോഹരമായ ഒരു ഭക്തി ഗാനത്തിൽ ജീവിതത്തിന്റെ ദു:ഖ വേളകളിൽ പ.അമ്മ നമ്മോട് പറയുന്ന ഒരു വചനം നമ്മുടെ കാതുകളിൽ എപ്പോഴും മുഴങ്ങി നില്ക്കട്ടെ. ” കുഞ്ഞേ, നീ വേച്ചു വീഴാതിരിക്കാൻ സ്വർഗ്ഗം നിനക്കു നാട്ടി തരുന്ന കൃപയുടെ വേലിക്കെട്ടാണ് സ്ലീവാ”.
സുകൃതജപം
പ. അമ്മേ, മനസ്സിലുയരുന്ന എന്റെ ചോദ്യങ്ങളെെയല്ലാം സമർപ്പണമാക്കി മാറ്റാൻ എന്നെ പഠിപ്പിക്കണമെ.
പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് തുറക്കുക.
Leave a Reply