ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തവേ ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള തിരുവനന്തപുരം മണ്ഡലത്തില്‍ ശ്രദ്ധവച്ച് ബിജെപി. ത്രിമൂര്‍ത്തികളില്‍ ആരെയെങ്കിലും രംഗത്തിറക്കാനാണ് ബിജെപി നോക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിനെ വിജയം നല്‍കി അനുഗ്രഹിച്ച മേഖലയില്‍ ബിജെപി കടുത്ത പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. മികച്ച സ്ഥാനാര്‍ത്ഥിയെ കിട്ടിയാല്‍ ഒരു ലക്ഷം വോട്ടിനെങ്കിലും ജയിക്കാമെന്നാണ് ബിജെപിയുടെ രഹസ്യമായ കണക്കു കൂട്ടല്‍. ഇവിടെ മത്സരിക്കാനായി പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനത്തിന്റേയും നടന്‍ സുരേഷ്‌ഗോപിയുടേതുമാണ്.

രണ്ടുതവണ വിജയിച്ചുകയറിയ ശശിതരൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിദ്ധ്യം വരുന്ന തിരുവനന്തപുരത്ത് വിജയിക്കാനോ ഏറ്റവും മികച്ച മത്സരം കൊടുക്കാനോ ശേഷിയുള്ള കരുത്തനായ സാരഥി എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏറ്റവും അനുയോജ്യനായി പരിഗണിക്കന്നത് മൂന്‍ സംസ്ഥാന അദ്ധ്യക്ഷനും നിലവില്‍ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെയാണ്. കുമ്മനം ഇല്ലെങ്കില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയെയാണ് പരിഗണിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളില്‍ മുന്‍തൂക്കം രാജ്യസഭാംഗവും നടനുമായ സുരേഷ്‌ഗോപിക്കാണ്. പക്ഷേ കേന്ദ്രനേതൃത്വത്തിന്റെയാകും അന്തിമ തീരുമാനം.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരുമുണ്ട്. പക്ഷേ സുരേന്ദ്രന് തിരുവനന്തപുരത്ത് താല്‍പ്പര്യമില്ലെന്നാണ് വിവരം. കേരളത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ശേഷിയുള്ള ദേശീയ നേതാക്കളാരെങ്കിലും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. ഇക്കാര്യത്തില്‍ മധുര സ്വദേശിയായ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പേരു മുന്നോട്ടുവയ്ക്കുന്നു. അതേസമയം ഇവര്‍ രാജ്യസഭാംഗമാണെന്നതിനാലും പൊതുവെ ബിജെപിയ്ക്ക് കാര്യമായ വേരുകളില്ലാത്ത സംസ്ഥാനം എന്ന ചിന്തയിലും മത്സരിച്ചേക്കാന്‍ സാധ്യതയില്ല.

ഹൈന്ദവ വികാരം വോട്ടാക്കി മാറ്റുക എന്ന കാലപ്പഴക്കമുള്ള തന്ത്രം തന്നെയാണ് ബി.ജെ.പി ഇത്തവണയും പ്രയോഗിക്കുന്നത്. ശബരിമല വിഷയം ബോണസാകുമെന്നും അവര്‍ കരുതുന്നു. ശബരിമലഭക്തി വോട്ടര്‍മാര്‍ വിഷയമാക്കിയാല്‍ 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശിതരൂരിന് കിട്ടിയ ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷം സ്വന്തം അക്കൗണ്ടിലേക്ക് പോരുമെന്ന പ്രതീക്ഷയാണ് ബിജെപിയ്ക്ക്. കോണ്‍ഗ്രസിനൊപ്പം കൂടുതല്‍ തവണ നിന്ന മണ്ഡലം മറ്റുള്ളവരെയും അനുഗ്രഹിച്ചതിന്റെയും ചരിത്രമുണ്ട് താനും. ഒമ്പതു തവണ കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം നാലു തവണ കമ്യൂണിസ്റ്റുകളെയും അനുകൂലിച്ചിട്ടുണ്ട്. മൂന്ന് തവണ സ്വതന്ത്രന്മാരെയും വിജയിപ്പിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിയമസഭയിലേക്ക് ഒ രാജഗോപാല്‍ വിജയിച്ചതും പ്രതീക്ഷയാണ്. ഇതിനൊപ്പം കഴിഞ്ഞ തവണ ലോകസഭയില്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് നേടി വിജയിച്ച ശശി തരൂരിന്റെ ഭൂരിപക്ഷം 15,000 മായി കുറഞ്ഞതും 2,80,000 വോട്ടുകള്‍ നേടി ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്ത് എത്തിയതും തിരുവനന്തപുരത്ത് ബിജെപിയ്ക്ക് പ്രതീക്ഷ കൂട്ടുന്നു. ശബരിമല കൂടി അനുഗ്രഹിച്ചാല്‍ ഇത്തവണ ഒരു ലക്ഷം വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന അഭൂതപൂര്‍വമായ ആത്മവിശ്വാസമാണ് ജില്ലാ നേതൃത്വം പങ്കുവയ്ക്കുന്നത്. നാടാര്‍ ഭൂരിപക്ഷം വരുന്ന കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല പ്രദേശങ്ങളും ബിജെപിയ്ക്ക് ശക്തിയുള്ള നേമവും വട്ടിയൂര്‍കാവും ചേരുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കുമെന്നാണ് പ്രതീക്ഷ.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കി പരമാവധി സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യവുമായി ബിജെപി ഒരുക്കങ്ങള്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബിജെപി നേതൃയോഗങ്ങള്‍ ഇന്ന് തൃശൂരില്‍ ചേരും. ആദ്യം കോര്‍കമ്മിറ്റിയും പിന്നീട് സംസ്ഥാന ഭാരവാഹികളുടെയും ലോക്‌സഭാ മണ്ഡലങ്ങളുടെ ഇന്‍ചാര്‍ജ്ജ്മാരുടെയും യോഗങ്ങളാണ് ചേരുന്നത്.

കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ് എന്നീ ജനറല്‍ സെക്രട്ടറിമാര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളക്ക് മേലും മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. പാര്‍ട്ടി ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളായ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രമുഖരുടെ നീണ്ടനിരയെയാണ് പരിഗണിക്കുന്നത്. ആറ്റിങ്ങലില്‍ ടിപി സെന്‍കുമാറിനെ ഉറപ്പിച്ചുകഴിഞ്ഞു. ശബരിമല കര്‍മ്മസമിതിയുമായും ആലോചിച്ചാകും ബിജെപി സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കുക. എട്ട് സീറ്റ് ചോദിച്ച ബിഡിജെഎസിന് നാലു സീറ്റാകും നല്‍കുക. പിസി തോമസിന് കോട്ടയം കൊടുക്കും.