ദുബായ് ∙ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ദുബായിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഭാഗികമായി പുനരാരംഭിക്കും. സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി നിയന്ത്രിത രീതിയിലാണ് സർവീസുകൾ ഏകോപിപ്പിക്കുന്നത്. എയർലൈനുകളിൽനിന്ന് നേരിട്ട് ഔദ്യോഗിക അറിയിപ്പ് ലഭിച്ച യാത്രക്കാർ മാത്രം വിമാനത്താവളത്തിലെത്തണമെന്ന നിർദേശം അധികൃതർ നൽകി. മുൻകൂട്ടി ബുക്ക് ചെയ്തവർക്കും റീബുക്കിങ് ലഭിച്ചവർക്കുമാണ് മുൻഗണന. ബന്ധപ്പെട്ട യാത്രക്കാരെ എമിറേറ്റ്‌സ് നേരിട്ട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മസ്കറ്റിൽനിന്ന് കൊച്ചി, കോഴിക്കോട് സർവീസുകൾ ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഒമാനിൽനിന്നുള്ള മറ്റ് സർവീസുകളും ഇതേ ദിവസം മുതൽ ആരംഭിക്കും. ഡൽഹി, മംഗലാപുരം, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പുനരാരംഭിക്കും. മസ്കറ്റിൽനിന്നുള്ള ആദ്യ വിമാനം പ്രാദേശിക സമയം രാവിലെ 10.25ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടും. അതേസമയം സൗദി അറേബ്യ, യുഎഇ (ദുബായ് ഉൾപ്പെടെ), ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് മൂന്ന് രാത്രിവരെ നിർത്തിവെച്ചിരിക്കുകയാണ്. യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും റീബുക്കിങ്, ക്യാൻസലേഷൻ ഫീസ് ഇളവുകൾ പ്രയോജനപ്പെടുത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇതിനിടെ ഇറാൻ-ഇസ്രായേൽ സംഘർഷ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരിക്കേറ്റു. യു.എ.ഇയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ശനി, ഞായർ ദിവസങ്ങളിലായി മൂന്നുപേർ മരിച്ചു. നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ സ്വദേശികളാണ് മരിച്ചവർ. ഇറാന്റെ ആക്രമണം വഞ്ചനാപരമാണെന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ ആരോപിച്ചു. സാധാരണക്കാരെയും ജനവാസ മേഖലയെയും ലക്ഷ്യമിട്ട ആക്രമണത്തെ അപലപിക്കുന്നതായും ഇതിന് ഇറാൻ കൃത്യമായ മറുപടി നൽകണമെന്നും ജി.സി.സി. കൗൺസിൽ യോഗം പ്രസ്താവിച്ചു.











Leave a Reply