മധ്യചൈനയെ തകര്‍ത്ത് വന്‍പ്രളയം. പ്രളയ ജലം കുത്തിയൊലിച്ചെത്തിയതോടെ അണക്കെട്ടുകള്‍ തകര്‍ന്നത് പ്രതിസന്ധി രൂക്ഷമാക്കി. പതിനായിരകണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അത്യന്തം ഗുരുതര സ്ഥിതിയാണ് പ്രളയം മൂലം ഉണ്ടായിരിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്‍റ് പറഞ്ഞു

ഹൈവേകളിലൂടെ ഒഴുകി പോകുന്ന കാറുകള്‍, തകരുന്ന അണക്കെട്ടുകള്‍, വെള്ളം കയറിയ മെട്രോ ട്രെയിനുകള്‍. മധ്യ ചൈന ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതു വരെ 12 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും മരണ സംഖ്യ കൂടാനാണ് സാധ്യത.

വെള്ളത്തിന് മുകളിൽ കടലാസ് പോലെ ഒഴുകി നടക്കുന്ന കാറുകൾ, ട്രെയിനുള്ളിൽ കഴുത്തറ്റം വെള്ളത്തിൽ കുടുങ്ങി പോയ യാത്രക്കാർ. കുത്തിയൊലിച്ച് എത്തുന്ന വെള്ളത്തിൽ ജീവന് വേണ്ടി പോരാടുന്ന ആയിരങ്ങൾ. കണ്ണീരിന്റെ കാഴ്ചയാണ് ചൈനയിൽ നിന്നും പുറത്തുവരുന്നത്. ചൈനയിലെ സെങ്സോയിലുണ്ടായ പ്രളയത്തിൽ ട്രെയിനിൽ കുടുങ്ങിയ 12 പേർ മരിച്ചു. 5 പേർക്ക് പരുക്കേറ്റു. ട്രെയിനിന്റെ മേൽ ഭാഗം പൊളിച്ചാണ് ബാക്കി യാത്രക്കാരെ രക്ഷപ്പെടുത്തിയത്. സബ്‌വെയിൽ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്തി. പ്രളയത്തെത്തുടർന്ന് ഹെനൻ പ്രവിശ്യയിലെ 10 ദശലക്ഷം ആളുകളെ സൈന്യം ഒഴിപ്പിക്കുകയാണ്.

കനത്ത മഴയെത്തുടർന്ന് തെരുവുകളും റോഡുകളും വെള്ളത്തിനടിയിലായി. ആശയവിനിമയ സംവിധാനങ്ങളും താറുമാറായി. സെങ്സോ നഗരത്തിന് അടുത്തുള്ള യിഹെറ്റൻ ഡാം തകരാൻ സാധ്യതയുണ്ടെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. സമീപത്തുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. കനത്ത മഴയിൽ പല സ്ഥലത്തേയും റോഡുകൾ ഒലിച്ചുപോയി. 60 വർഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് സെങ്സോയിലുണ്ടായത്.