പാസ്‌പോര്‍ട്ട് പുതുക്കാന്‍ ലക്ഷങ്ങള്‍ ഇടിച്ചു കയറിയതോടെ പാസ്‌പോര്‍ട്ട് ഓഫീസ് വെബ്‌സൈറ്റ് തകര്‍ന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സഞ്ചാരം വിലക്കപ്പെടാതിരിക്കണമെങ്കില്‍ വെള്ളിയാഴ്ചക്കുള്ളില്‍ പാസ്‌പോര്‍ട്ട് പുതുക്കണമെന്നായിരുന്നു മുന്നറിയിപ്പ്. 3.5 മില്യന്‍ പാസ്‌പോര്‍ട്ടുകള്‍ അടിയന്തരമായി പുതുക്കിയില്ലെങ്കില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇവരുടെ യാത്ര വിലക്കപ്പെട്ടേക്കാമെന്നായിരുന്നു മുന്നറിപ്പ്. ഷെങ്കണ്‍ നിയമം അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എത്തുന്നവരുടെ പാസ്‌പോര്‍ട്ടിന് എത്തുന്ന അന്നു മുതല്‍ കുറഞ്ഞത് ആറു മാസത്തെ കാലാവധിയെങ്കിലും ആവശ്യമാണ്. മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് തിയതിയെന്നതിനാല്‍ ഇന്നലെയായിരുന്ന കാലാവധി അവസാനിക്കാറായ പാസ്‌പോര്‍ട്ടുകള്‍ പുതുക്കേണ്ട തിയതി.
പുതുക്കാനായി അപേക്ഷിച്ചവര്‍ക്ക് വെബ്‌സൈറ്റ് തകര്‍ന്നതിനെത്തുടര്‍ന്ന് അതിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സേവനം ലഭ്യമല്ലെന്ന സന്ദേശമായിരുന്നു വെബ്‌സൈറ്റില്‍ നിന്ന് ലഭിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ ജനരോഷം സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിച്ചു. നിരവധി പേരാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ കഴിയാത്തതിലുള്ള പ്രതിഷേധവും നിരാശയും പങ്കുവെച്ച് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളുമായി എത്തിയത്. വെബ്‌സൈറ്റിന് സാങ്കേതികത്തകരാറ് നേരിട്ടതാണെന്നും ഇക്കാര്യത്തില്‍ ഖേദപ്രകടനം നടത്തുന്നതായും പിന്നീട് പാസ്‌പോര്‍ട്ട് ഓഫീസ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. തകരാറ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും പാസ്‌പോര്‍ട്ട് ഓഫീസ് വ്യക്തമാക്കി.
പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെബ്‌സൈറ്റ് വീണ്ടും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്? ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ ആളുകള്‍ ഇടിച്ചു കയറിയത്. 15 മാസത്തില്‍ താഴെ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ പോലും നോ ഡീല്‍ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിലക്കിയേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. .
Leave a Reply