തൊഴിലിടങ്ങളില്‍ ബ്രിട്ടീഷുകാരേക്കാള്‍ മികവ് പ്രകടിപ്പിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. ഗവണ്‍മെന്റിന്റെ മൈഗ്രേഷന്‍ അഡ്വൈസര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് കുടിയേറ്റത്തില്‍ വരുത്താനിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ബ്രിട്ടീഷ് തൊഴിലുടമകള്‍ക്ക് ആശങ്കയുണ്ടെന്ന് ഹോംഓഫീസിന്റെ മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. ബിസിനസുകളില്‍ ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതം ഏതുവിധത്തിലായിരിക്കുമെന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

തൊഴിലിടങ്ങളില്‍ വിദഗ്ദ്ധരായ തൊഴിലാളികളുടെ കുറവ് നിയന്ത്രണങ്ങള്‍ മൂലമുണ്ടാകുമെന്നും മികച്ച തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കാതെ വരുമെന്നും ബിസിനസ് ഉടമകള്‍ ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ തൊഴിലുടമകളുടെ അവകാശവാദം സാഹചര്യങ്ങളെ പെരുപ്പിച്ചു കാണിക്കുന്നതാണെന്നും നല്ല ശമ്പളം നല്‍കിയാല്‍ ഇത്തരം ഒഴിവുകളിലേക്ക് ബ്രിട്ടീഷുകാരെത്തന്നെ നിയമിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് വിലിയിരുത്തുന്നുണ്ട്. തൊഴിലുടമകളെ വിമര്‍ശിക്കുന്നുണ്ടെങ്കിലും കുടിയേറ്റത്തില്‍ വരുത്താനിരിക്കുന്ന നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന വ്യവസായികളുടെ ആവശ്യത്തിന് ഈ റിപ്പോര്‍ട്ട് ശക്തി പകരുമെന്നാണ് കരുതുന്നത്.

ബ്രിട്ടീഷുകാരേക്കാള്‍ യൂറോപ്യന്‍ പൗരന്‍മാര്‍ കഠിനാദ്ധ്വാനികളാണെന്നാണ് തൊഴിലുടമകള്‍ പറയുന്നത്. ഈ വാദത്തിനും റിപ്പോര്‍ട്ട് പിന്തുണ നല്‍കും. ജോലിക്ക് ഹാജരാകാതിരിക്കുന്നതിന്റെ നിരക്കും യൂറോപ്യന്‍ ജീവനക്കാര്‍ക്കിടയില്‍ കുറവാണ്. ലോ-സ്‌കില്‍ ജോലികളില്‍ പോലും ബ്രിട്ടീഷ് ജീവനക്കാര്‍ എടുക്കുന്നതിന്റെ 40 ശതമാനം അവധി മാത്രമേ ഈസ്റ്റ് യൂറോപ്പില്‍ നിന്നുള്ള ജീവനക്കാര്‍ എടുക്കാറുള്ളുവെന്നും പഠനം പറയുന്നു.